india-england-

അഹമ്മദാബാദ് : അവസാന മത്സരത്തിൽ ഇംഗ്ലണ്ടിനെ 36 റൺസിന് തകർത്ത് ട്വന്റി 20 പരമ്പര ഇന്ത്യ സ്വന്തമാക്കി. നിർണായകമായ അഞ്ചാമത്തെ മത്സരത്തിൽ 20 ഓവറിൽ 2ന് 224 റൺസ് നേടിയ ഇന്ത്യക്കെതിരെ . ഇംഗ്ലണ്ടിന് 20 ഓവറിൽ 8ന് 188 റൺസെടുക്കാനേ കഴിഞ്ഞൂള്ളൂ. 68 റൺസെടുത്ത ഡേവിഡ് മാലനാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറർ. ഇന്ത്യയ്ക്കു വേണ്ടി ഷാർദുൽ താക്കൂർ മൂന്നും ഭുവനേശ്വർ കുമാർ രണ്ടും ഹാർദിക് പാണ്ഡ്യ, ടി. നടരാജൻ എന്നിവർ ഓരോ വിക്കറ്റും നേടി. . പരമ്പരയിലെ ആദ്യ നാലു മത്സരങ്ങളിൽ രണ്ടെണ്ണം വീതം ഇരു ടീമുകളും ജയിച്ചിരുന്നു.

നേരത്തെ രോഹിത് ശർമയും വിരാട് കോലിയും ഒത്തുള്ള ഓപ്പണിംഗ് കൂട്ടുകെട്ടിന്റെ കരുത്തിൽ ഇന്ത്യ കൂറ്റൻ സ്‌കോറാണ് അടിച്ചുകൂട്ടിയത്. ട്വന്റി20യിൽ ലോക ഒന്നാം നമ്പർ ടീമായ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ ഉയർന്ന സ്‌കോർ കൂടിയാണിത്. ഓപ്പണിംഗ് വിക്കറ്റിൽ വെറും 54 പന്തിൽനിന്ന് 94 റൺസടിച്ച വിരാട് കോലി – രോഹിത് ശർമ കൂട്ടുകെട്ടാണ് ഇന്ത്യക്ക് തുണയായത്. സൂര്യകുമാർ യാദവ് 17 പന്തിൽ 32 റൺസും ഹാർദിക് പാണ്ഡ്യ 17 പന്തിൽ പുറത്താകാതെ 39 റൺസും എടുത്തു.

ഇന്ത്യ ഉയർത്തിയ 225 റൺസ് പിന്തുടർന്ന ഇംഗ്ലണ്ടിന് തുടക്കത്തിലെ തിരിച്ചടിയേറ്റു. റണ്ണൊന്നുമെടുക്കാതെ ജേസൻ റോയി പുറത്ത്. രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ ജോസ് ബട്ലർ – ഡേവിഡ് മാലൻ സഖ്യം 129 റൺസ് കൂട്ടിച്ചേർത്തെങ്കിലും ജോസ് ബട്ലറിനെ വീഴ്ത്തി ഭുവനേശ്വർ കുമാർ ഇന്ത്യയ്ക്ക് ബ്രേക്ക് സമ്മാനിച്ചു. പിന്നാലെ തുടരെ വിക്കറ്റുകൾ നഷ്ടമായതോടെ ഇംഗ്ലണ്ടിന്റെ വിജയപ്രതീക്ഷകൾ മങ്ങി. ബെൻ സ്റ്റോക്സ് (14), ക്രിസ് ജോർദാൻ (11), സാം കറൻ എന്നിവർ മാത്രമാണ് തുടർന്നുള്ള ബാറ്റ്സ്മാന്മാരിൽ രണ്ടക്കം കടന്നത്.