
കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വേനൽ ചൂടിനേയും കൊവിഡിനെയും കടത്തിവെട്ടി നിൽക്കുകയാണ് നിയമസഭാ തിരഞ്ഞെടുപ്പ് ഊഷ്മാവ് . തിരഞ്ഞെടുപ്പുകളിൽ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിൽ സാധാരണഗതിയിൽ ഏറ്റവും പിന്നിലാണ് ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങൾ . ഏതൊരു പൗരനെയും ഏറ്റവും അധികം സ്വാധീനിക്കുന്ന വിഷയങ്ങളിൽ ഒന്ന് ആരോഗ്യം ആണെന്നിരിക്കെ തിരഞ്ഞെടുപ്പുകളിൽ ഇത് ചർച്ച ചെയ്യപ്പെടാതെ പോകുന്നത് സ്വീകാര്യമല്ല. ആരോഗ്യ മേഖലയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്നവരെ തിരഞ്ഞെടുക്കുന്നത് പൊതുസമൂഹത്തിന്റെ ആരോഗ്യം ഉറപ്പാക്കാൻ സഹായിക്കും.
പൊതുജനാരോഗ്യം വിശാലമായ അർത്ഥത്തിൽ രാഷ്ട്രീയം തന്നെയാണെന്ന് 19-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ലോകപ്രശസ്ത ശാസ്ത്രജ്ഞനും ചിന്തകനും ചികിത്സകനുമായ റുഡോൾഫ് വിർചൗ എഴുതിയ വാക്കുകൾ ഇപ്പോഴും പ്രസക്തമാണ് .
മനസുഖവും ശാരീരികസുഖവുമാണ് ഓരോ വ്യക്തിയുടെയും ആത്യന്തികമായ ലക്ഷ്യം. ആ നിലയ്‌ക്ക് ആരോഗ്യ മേഖലയ്ക്ക് കൂടുതൽ തുക വകയിരുത്തുക, സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ എല്ലാവർക്കും ആരോഗ്യം ഉറപ്പാക്കുക, പ്രാഥമികാരോഗ്യത്തിനും ഗ്രാമങ്ങളിലെ ആരോഗ്യമേഖലയ്‌ക്കും ശക്തി പകരുക എന്നിവയാണ് മാതൃകാപരമായ ഭരണസംവിധാനത്തെ നിർണയിക്കാനുള്ള മാനദണ്‌ഡങ്ങൾ.
ആരോഗ്യമേഖലയ്ക്ക് ബഡ്ജറ്റിലൂടെ അനുവദിക്കുന്ന തുക അഞ്ച് ശതമാനമെങ്കിലുമാക്കണമെന്നാണ് ലോകാരോഗ്യ സംഘടന ആവശ്യപ്പെടുന്നത്. ചികിത്സാ ചെലവിൽ കൂടുതൽ പങ്കും സ്വന്തം കീശയിൽ നിന്ന് നൽകേണ്ടി വരുന്ന നാടുകളിലൊന്നാണ് നമ്മുടേത്. അതുകൊണ്ടുതന്നെ പൊതുജനങ്ങളുടെ ചികിത്സാ ചെലവ് കുറയ്ക്കാനായി ബഡ്ജറ്റ് വിഹിതം ഗണ്യമായി കൂട്ടേണ്ടതുണ്ട് . സാമ്പത്തിക അടിത്തറ വിപുലമായാലേ ആരോഗ്യ മേഖലയിലെ സമഗ്രവികസനം സാദ്ധ്യമാകൂ .
മെഡിക്കൽ വിദ്യാഭാസ രീതിയിലെ ആഗോള വ്യതിയാനങ്ങൾ മനസിലാക്കി ഉയർന്ന നിലവാരത്തിലുള്ള ഡോക്ടർമാരേയും ആരോഗ്യ പ്രവർത്തകരേയും സൃഷ്ടിക്കുന്ന നയം ഭരണകർത്താക്കൾ സ്വീകരിക്കണം. ഗ്രാമീണ മേഖലയിലെ ആരോഗ്യത്തിന് ഊന്നൽ നൽകേണ്ടത് അത്യന്താപേക്ഷിതമാണ് .
കൊവിഡ് മഹാമാരിക്കു മുൻപിൽ ലോകം പകച്ചു നിൽക്കുമ്പോൾ ആദ്യ രണ്ടു ഘട്ടങ്ങളിലും രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ലോകത്തിന് തന്നെ മാതൃകയായിരുന്നു കേരളം . ഓരോ ചുവടിലും ജാഗ്രത, പിഴവുകളില്ലാത്ത രോഗനിർണയം , കൃത്യമായ രോഗീപരിചരണം, സാമൂഹിക വ്യാപനം ഒഴിവാക്കാൻ മുൻ കരുതലുകൾ, ഒപ്പം ഏവർക്കും അന്നവും അഭയവും ഉറപ്പാക്കുന്ന സർക്കാരിന്റെ കരുതലും. ഇവയെല്ലാം അടങ്ങുന്നതാണ് കേരളത്തിന്റെ കൊവിഡ് പ്രതിരോധം. നമ്മുടെ ചിട്ടയായ രോഗപ്രതിരോധം കേരളത്തെ ലോക മാദ്ധ്യമങ്ങൾക്കിടയിൽ പ്രശസ്തമാക്കി. ആരോഗ്യരംഗത്ത് നാം നേടിയെടുത്ത പുരോഗതിയുടെ കൂടി അംഗീകാരമാണിത് .
മറ്റ് സംസ്ഥാനങ്ങളിൽ ഉണ്ടായത് പോലെ രൂക്ഷമായ രോഗവ്യാപനം നിയന്ത്രിക്കാൻ കേരളത്തിന് കഴിഞ്ഞു . ശക്തമായ ബ്രേക്ക് ദ ചെയിൻ ക്യാമ്പയിൻ കൊണ്ട് രോഗവ്യാപനത്തെ തടയാൻ സാധിച്ചു. ആദ്യഘട്ടങ്ങളിൽ ഇത്തരത്തിൽ പ്രതിരോധം സൃഷ്ടിക്കാൻ സാധിച്ചെങ്കിലും പിന്നീട് രോഗബാധിതരുടെ എണ്ണത്തിൽ വർദ്ധന കണ്ടു . ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയപ്പോൾ ബ്രേക്ക് ദ ചെയിൻ പ്രക്രിയയിൽ സാധാരണ ജനങ്ങൾ വരുത്തിയ അലംഭാവമാണ് ഇതിന് മുഖ്യകാരണം. കൂട്ടംകൂടിയുള്ള ആഘോഷങ്ങൾ, മീറ്റിംഗുകൾ ,സാമൂഹിക ഇടപെടലുകൾ, തദ്ദേശതിരഞ്ഞെടുപ്പിൽ മാനദണ്ഡങ്ങൾ പാലിക്കുന്നതിലെ വീഴ്ച തുടങ്ങിയവയെത്തുടർന്നാണ് രോഗബാധിതരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായത് . കൊവിഡ് ടെസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാത്തത് രോഗബാധയുള്ളവരെ കണ്ടെത്തുന്നതിന് തടസമായി. അങ്ങനെയാണ് ലക്ഷണങ്ങളില്ലാത്ത രോഗബാധിതർ മറ്റുള്ളവരിലേക്ക് രോഗം പകർത്തുന്ന അവസ്ഥയുണ്ടായത് .
ഇതൊക്കെയാണെങ്കിൽപ്പോലും കേരളം അനുവർത്തിച്ചു പോന്ന കൊവിഡ് മാനദണ്ഡങ്ങൾ തീവ്രപരിചരണം ആവശ്യമുള്ള രോഗികളുടെ എണ്ണം കൂടാതെ നോക്കുന്നതിനു കാരണമായി . കേരളത്തിൽ ഒരു രോഗിക്ക് പോലും ചികിത്സ ലഭിക്കാത്ത അവസ്ഥ ഉണ്ടായില്ല . ഒരു ഘട്ടത്തിലും ഐസിയു ബെഡുകളുടെയും വെന്റിലേറ്ററുകളുടെയും ലഭ്യതയിൽ കുറവുണ്ടായില്ല . രോഗവ്യാപനം തടയാൻ ഇനി ഏറ്റവും ഫലപ്രദമായ മാർഗം വാക്സിനേഷൻ തന്നെ. ഓരോ പൗരന്റെയും കടമയാണ് വാക്സിൻ സ്വീകരിച്ചു കൊണ്ട് കൊവിഡിനെതിരായ പ്രതിരോധശക്തി ആർജ്ജിച്ച് ഈ മഹാമാരിയെ ഇവിടെ നിന്നും നിർമാർജനം ചെയ്യുക എന്നത് .
കൊവിഡ് -19 പ്രോട്ടോക്കോൾ കർശനമായി പാലിച്ചു കൊണ്ടായിരിക്കണം പൊതുതിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലും മാസ്ക്, സാനിറ്റൈസർ ,സാമൂഹിക അകലം എന്നിവ നിർബന്ധമാക്കിയിട്ടുണ്ട് . എന്നാൽ ഇതിലുപരി ഉത്തരവാദിത്വ ബോധത്തോടെയുള്ള പെരുമാറ്റംകൊണ്ട് ഈ തിരഞ്ഞെടുപ്പ് പക്രിയ വിജയമാക്കുക എന്നത് ഓരോ പൗരന്റെയും കടമയാണ്.
(ലേഖകൻ കുവൈറ്റിൽ നഴ്സാണ് )