
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമായി പുരോഗമിക്കുന്നതിനിടെ സഖാക്കൾക്ക് കർശന നിർദേശം നൽകിയിരിക്കുകയാണ് സി പി എം. വീറും വാശിയും നിറഞ്ഞ പോരാട്ടത്തിൽ തുടർഭരണത്തിൽ കുറഞ്ഞതൊന്നും സി പി എം പ്രതീക്ഷിക്കുന്നില്ല. എൽ ഡി ഫിന്റെ പ്രകടനപത്രിക 'കാപ്‌സ്യൂൾ' രൂപത്തിലാക്കി പരമാവധി പ്രചരിപ്പിക്കാനാണ് സൈബർ സഖാക്കളോട് സി പി എം നിർദേശിച്ചിരിക്കുന്നത്.
നീളംകുറഞ്ഞ സന്ദേശങ്ങളും ഇമേജുകളും ഉൾപ്പെടുത്തിയാണ് കാപ്‌സ്യൂൾ തയ്യാറാക്കുക. ഇവ വ്യക്തിഗത അക്കൗണ്ടുകളിലൂടെ പ്രചരിപ്പിക്കാനാണ് പാർട്ടി പറഞ്ഞിരിക്കുന്നത്. ഓരോ വിഭാഗത്തിനും ഗുണകരമാകുന്ന പ്രകടനപത്രികയിലെ ഭാഗങ്ങൾ അതത് ഗ്രൂപ്പുകളിലെത്തിക്കും. ആ മേഖലകളിൽ കഴിഞ്ഞ അഞ്ചുവർഷത്തിലുണ്ടായ ഭരണനേട്ടങ്ങളും പ്രചരിപ്പിക്കും.
അതേസമയം, രാഷ്ട്രീയ എതിരാളികളെ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ 'പൊങ്കാല'യിടരുതെന്നും അണികളോട് സി പി എം ചട്ടംകെട്ടിയിട്ടുണ്ട്. മറ്റ് പാർട്ടികളെയോ അതിലെ നേതാക്കളെയോ 'ട്രോൾ' വഴി ആക്ഷേപിക്കാനും പാടില്ല. കഴിഞ്ഞദിവസം ആലപ്പുഴ മണ്ഡലത്തിലെ ബി ജെ പി. സ്ഥാനാർത്ഥി സന്ദീപ് വാചസ്‌പതി പുന്നപ്ര രക്തസാക്ഷി സ്‌മാരകം സന്ദർശിച്ചതിനെ ചൊല്ലിയുണ്ടായ വിവാദങ്ങളെ തുടർന്നാണ് സാമൂഹികമാദ്ധ്യമങ്ങൾ കൈകാര്യം ചെയ്യുന്ന വിഭാഗങ്ങൾക്ക് പാർട്ടി കർശന നിർദേശം നൽകിയത്. ഈ വിഷയത്തിൽ ചില 'സൈബർ സഖാക്കൾ' പൊങ്കാല തുടങ്ങിയുടൻ തന്നെ പിൻവലിക്കാൻ പാർട്ടി ആവശ്യപ്പെടുകയായിരുന്നു.
പുതുപ്പളളിയിലെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് ഉമ്മൻ ചാണ്ടിയുടെ വീടിനുമുകളിൽ കോൺഗ്രസ് പ്രവർത്തകൻ കയറിയസംഭവത്തെ സി പി എം നവമാദ്ധ്യമ ഗ്രൂപ്പുകൾ ട്രോളാക്കിയിരുന്നു. 'ഓട് നന്നാക്കാൻ യു ഡി എഫ്' എന്ന മട്ടിൽ ട്രോളുകൾ പ്രചരിച്ചപ്പോൾ തന്നെ പിൻവലിക്കാൻ പാർട്ടി ആവശ്യപ്പെടുകയായിരുന്നു. തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തിൽ വിവാദങ്ങളുടെയും ആരോപണങ്ങളുടെയും പിന്നാലെ പോകാതെ വികസന പ്രവർത്തനങ്ങളുടെ പ്രചാരണത്തിനായി ജാഗ്രത കാട്ടണമെന്നാണ് പാർട്ടിയുടെ നിർദേശം.