chennithala

തിരുവനന്തപുരം: മാദ്ധ്യമങ്ങൾ നടത്തിയ അഭിപ്രായ സർവേകൾക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഭിപ്രായ സർവേകളിലൂടെ തന്നെ തകർക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. മൂന്ന് സ്ഥാപനങ്ങൾക്ക് വേണ്ടി ഒരു കമ്പനിയാണ് സർവേ നടത്തിയതെന്നും, കേരളത്തിലെ വോട്ടർമാരിൽ ഒരു ശതമാനം പോലും പങ്കെടുക്കാത്ത സർവേകളാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കുഴലൂത്ത് നടത്തുന്ന രീതിയിലേക്ക് കേരളത്തിലെ മാദ്ധ്യമങ്ങൾ മാറിപ്പോകുന്നത് ശരിയാണോയെന്ന് അദ്ദേഹം ചോദിച്ചു. അഴിമതിയിൽ മുങ്ങിക്കുളിച്ചു കിടക്കുന്ന സർക്കാരിനെ വെള്ളപൂശാൻ വേണ്ടി 200 കോടിയുടെ പരസ്യം കൊടുത്തു. അതിന്റെ ഉപകാര സ്മരണയാണ് സർവേകളിൽ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.


'ഈ സർവേയിൽ യുഡിഎഫിന് വിശ്വാസമില്ല.ഞങ്ങൾ തിരസ്‌കരിക്കുന്നു.അവതാരകർ തന്നെ പറയുന്നു അഞ്ച് വർഷം കൂടി എൽഡിഎഫ് ഭരിക്കുമെന്ന്.കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പ് സമയത്തും സർവേകളുണ്ടായിരുന്നു. ഫലം വന്നപ്പോൾ സർവേ നടത്തിയവരെ കാണാനില്ലായിരുന്നു.

മാദ്ധ്യമങ്ങൾ ഏകപക്ഷീയമായ നിലപാടാണ് സ്വീകരിക്കുന്നത്. മാദ്ധ്യമങ്ങൾ ആഘോഷിക്കട്ടെ. ജനങ്ങൾ യുഡിഎഫിനൊപ്പമാണ്. പരസ്യം നൽകാൻ പ്രതിപക്ഷത്തിന് പണമില്ല.അഭിപ്രായ സർവേകൾ ജനഹിതം അട്ടിമറിക്കാൻ ശ്രമിക്കുന്ന കാഴ്ച ഇന്ന് നമ്മൾ കാണുന്നു.ഞങ്ങൾക്ക് വിശ്വാസം ജനങ്ങളുടെ സർവേയിലാണ്.'- ചെന്നിത്തല പറഞ്ഞു.