mm-hassan

തിരുവനന്തപുരം: എലത്തൂർ എൻ സി കെയ്‌ക്ക് നൽകിയ സീറ്റാണെന്നും തിരിച്ചെടുക്കാൻ കഴിയില്ലെന്നും യു ഡി എഫ് കൺവീനർ എം എം ഹസൻ. സീറ്റ് തിരിച്ചെടുക്കണമെങ്കിൽ അവർ തന്നെ വേണ്ടെന്ന് പറയണമെന്നും അപ്പോൾ ബദൽ സംവിധാനത്തപ്പെറ്റി ആലോചിക്കുമെന്നുമാണ് ഹസന്റെ നിലപാട്. അങ്ങനെ വന്നാൽ മാത്രമേ കോൺഗ്രസ് സ്ഥാനാർത്ഥി മത്സരിക്കുകയുളളൂവെന്നും ഹസൻ പറഞ്ഞു.

സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തെ കുറിച്ച് എം കെ രാഘവൻ എം പി പരസ്യവിമർശനം നടത്താൻ പാടില്ലായിരുന്നു. എം പിയെപോലെ ഉത്തരവാദിത്തപ്പെട്ട ഒരാൾ യു ഡി എഫിന്റെ നേതൃത്വത്തിനോടാണ് പരാതി പറയേണ്ടതെന്നും ഹസൻ വ്യക്തമാക്കി.

എൻ സി കെയ്‌ക്ക് സീറ്റ് നൽകിയ നടപടിക്ക് രാഘവനടക്കമുളള നേതാക്കൾ എതിരാണ്. ഒരു തരത്തിലും സുൽഫീക്കർ മയൂരിയെ അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഇവർ. ബദൽ സ്ഥാനാർത്ഥിയായി പത്രിക നൽകിയ യു വി ദിനേഷ് മണിയെ യു ഡി എഫിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിയാക്കണമെന്നാണ് ഇവരുടെ ആവശ്യം.