shoba-surendran

തിരുവനന്തപുരം: വിശ്വാസി സമൂഹത്തെ വേദനിപ്പിച്ച ഒരാൾക്കെതിരെ മത്സരിക്കാൻ കഴിഞ്ഞത് തന്നെ ചരിത്ര നിയോഗമാണെന്ന് കഴക്കൂട്ടം മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ. ഇത് അയ്യപ്പ സ്വാമിയുടെ നിയോഗമായിരിക്കാം. കടകംപളളിക്കെതിരെ താൻ മത്സരിക്കണമെന്നത് ബി ജെ പിയുടെ ദേശീയ-സംസ്ഥാന നേതാക്കളുടെ ആഗ്രഹമായിരുന്നുവെന്നും ശോഭാ സുരേന്ദ്രൻ കേരളകൗമുദി ഓൺലൈനിനോട് പറഞ്ഞു.

മത്സരിച്ച മണ്ഡലങ്ങളിലെല്ലാം ബി ജെ പിയുടെ വോട്ട് ഇരട്ടിയാക്കിയ ചരിത്രമാണ് ശോഭാ സുരേന്ദ്രനുളളത്. വോട്ട് ഇരട്ടിയാക്കുന്നതിനപ്പുറം വിജയിക്കുക എന്ന ലക്ഷ്യത്തോടെയാണോ കഴക്കൂട്ടത്ത് മത്സരത്തിനിറങ്ങിയിരിക്കുന്നത്?

കഴക്കൂട്ടത്ത് വോട്ട് ഇരട്ടിയാകുമ്പോൾ തന്നെ എൺപതിനായിരം കഴിയും. വിജയത്തിൽ കുറഞ്ഞതൊന്നും ഞാൻ പ്രതീക്ഷിക്കുന്നില്ല. എന്നെ കഴക്കൂട്ടത്തുകാർക്ക് പരിചയപ്പെടുത്തേണ്ട ആവശ്യകതയില്ല. തൊട്ടടുത്ത പാർലമെന്റ് മണ്ഡലമായ ആറ്റിങ്ങലിൽ നല്ല മത്സരം കാഴ്‌‌ചവച്ച ഒരാളാണ് ഞാൻ. കേരള നിയമസഭയിൽ ഞാൻ ഉൾപ്പടെയുളളവരുടെ ശബ്‌ദം കേൾക്കണമെന്ന് അതിതീവ്രമായി കേരളത്തിലെ അമ്മമാർ ചിന്തിക്കുന്ന സാഹചര്യത്തിലാണ് ഈ തിരഞ്ഞെടുപ്പ് മുന്നിൽ വന്നിരിക്കുന്നതെന്നാണ് എന്റെ വിശ്വാസം. വോട്ടർമാർ എന്നെ സ്വീകരിക്കുന്നത് പല സമരങ്ങളിലും നേതൃത്വം കൊടുത്ത ഒരാൾ എന്ന നിലയിലാണ്. ഞാൻ ഉൾപ്പടെയുളള വിശ്വാസി സമൂഹത്തെ വേദനിപ്പിച്ച ഒരാളുമായി മത്സരിക്കാൻ ഇറങ്ങാൻ കഴിഞ്ഞത് തന്നെ ചരിത്ര നിയോഗമായാണ് കാണുന്നത്.

ദേവസ്വം മന്ത്രിയുമായി നേരിട്ടുളള മത്സരത്തെ എങ്ങനെയാണ് നോക്കികാണുന്നത്?

ഇത് അയ്യപ്പ സ്വാമിയുടെ ഒരു നിയോഗമായിരിക്കാം. ശബരിമല സമരവുമായി ബന്ധപ്പെട്ട് ഒരു അർദ്ധരാത്രി ദേവസ്വം ബോർഡ് ചെയർമാന്റെ വീട്ടുപടിക്കൽ ഞങ്ങൾ കുറച്ച് അമ്മമാർ സമരം നടത്തിയിരുന്നു. അവിടെ നിന്നാണ് അറസ്റ്റ് ചെയ്യുന്നത്. ഭക്തരോട് കരുണ കാട്ടാത്ത ഈ മന്ത്രിക്കെതിരെ എത്രയോ പ്രസംഗങ്ങളിൽ ഞാൻ അതിശക്തമായി സംസാരിച്ചിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം ഒരു തിരഞ്ഞെടുപ്പ് ഫൈറ്റിൽ ഏർപ്പെടാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്.

ശോഭാ സുരേന്ദ്രൻ സ്ഥാനാർത്ഥിയായി വൈകിയെത്തിയത് സി പി എമ്മും ബി ജെ പിയും തമ്മിലുളള അഡ്‌ജസ്റ്റ്‌മെന്റിന്റെ പുറത്താണെന്നാണ് യു ഡി എഫ് സ്ഥാനാർത്ഥി ഡോ എസ് എസ് ലാലിന്റെ ആരോപണം?

2004ൽ കെ മുരളീധരനുമായിട്ടായിരുന്നു എന്റെ ആദ്യത്തെ പോരാട്ടം. മാറാടിന്റെ മറുപടി ബാലറ്റിലൂടെ എന്നായിരുന്നു അന്ന് ഞങ്ങൾ ഉയർത്തിപിടിച്ച മുദ്രാവാക്യം. അന്നു മുതൽ കേരളത്തിന്റെ മനസാക്ഷിക്കൊപ്പം നിൽക്കുന്ന ഒരാളാണ് ഞാൻ. വീടിനകത്ത് ഇരുന്നാൽ പോലും ഞാൻ ജനങ്ങൾക്കൊപ്പമാണെന്ന് കേരളത്തിലുളളവർക്ക് അറിയാം. ഇത് എന്റെ എട്ടാമത്തെ തിരഞ്ഞെടുപ്പാണ്. എട്ടിന് ഒരു പ്രത്യേകത ഉണ്ടെന്നാണ് കരുതുന്നത്. ജനങ്ങളുടെ സ്‌പന്ദനം മനസിലാക്കുന്നവരാണ് രാഷ്ട്രീയക്കാരെന്ന് ഡോ ലാലിന് മനസിലായിട്ടില്ല. ജനങ്ങൾക്ക് ബോദ്ധ്യം വന്നിട്ടുളളവരെ അവർ നെഞ്ചോട് ചേർക്കും. അതാണ് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം.

ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നാണ് ശോഭാ സുരേന്ദ്രൻ ആദ്യം പറഞ്ഞിരുന്നത്. പാർട്ടിയിലെ ആഭ്യന്തര കലഹങ്ങൾക്കൊടുവിലാണ് മത്സരിക്കാൻ ഇറങ്ങുന്നത്. കഴക്കൂട്ടത്തെ പ്രവർത്തകരും നേതാക്കളും ഒറ്റക്കെട്ടാണോ?

എത്രയോ തവണ തിരഞ്ഞെടുപ്പിൽ മത്സരിച്ച ഒരാളെന്ന നിലയിൽ ഇത്തവണ മാറി നിൽക്കുമെന്നാണ് ഞാൻ പറഞ്ഞത്. മെട്രോമാൻ ഇ ശ്രീധരനെയടക്കം രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാൻ കരുക്കൾ നീക്കുന്നതിന് ഭാഗ്യം ലഭിച്ച ഒരാളാണ് ഞാൻ. പുതുമുഖങ്ങളായി വന്നവരെ ഉൾപ്പടെ നിയമസഭയിലെത്തിക്കാൻ അവരോടൊപ്പം ചേർന്നുനിന്ന് പ്രവർത്തിക്കാൻ കഴിയുന്ന ഒരാൾ വേണം. ആ സാഹചര്യം കൂടി പരിഗണിച്ചാണ് മത്സരിക്കേണ്ടെന്ന് തീരുമാനിച്ചത്. എന്നാൽ പിന്നീട് ദേശീയ-സംസ്ഥാന നേതൃത്വങ്ങളുടെ ആഗ്രഹം കടകംപളളിക്കെതിരെ ഞാൻ മത്സരിക്കണമെന്നായിരുന്നു. അതിനെ ഹൃദയപൂർവം ഏറ്റെടുത്തിരിക്കുകയാണ്.

ബി ജെ പിയുടെ മേൽ എൽ ഡി എഫും യു ഡി എഫും മത്സരിച്ച് വോട്ട് കച്ചവടം ആരോപിക്കുകയാണ്. ഇത്രയും വലിയ പാർട്ടിയായിട്ടും ഇപ്പോഴും ഈ ചീത്തപ്പേര് കേൾക്കേണ്ടി വരുന്നത് നാണക്കേടല്ലേ?

എൽ ഡി എഫും യു ഡി എഫും തമ്മിൽ അഞ്ച് വർഷം മുമ്പ് ധാരണയുണ്ടാക്കിയത് കൊണ്ടാണ് ‌ഞാനിപ്പോൾ നിയമസഭയ്‌ക്ക് പുറത്ത് ഇരിക്കുന്നത്. മാത്തൂരിലും കണ്ണാടിയിലും എൽ ഡി എഫിന്റെ മൊത്തം വോട്ടും മറിച്ച് കൊടുത്താണ് പാലക്കാട്ട് ഷാഫി പറമ്പിലിനെ വിജയിപ്പിച്ചത്. ഈ സഖ്യമെന്നുളളത് അവരാണ് ഉണ്ടാക്കിയിട്ടുളളത്. മാർക്‌സിസ്റ്റ് പാർട്ടിയും ബി ജെ പിയും തമ്മിൽ സഖ്യമെന്ന് പറഞ്ഞാൽ കീരിയും പാമ്പും ഒന്നാകുമോ? അതൊക്കെ തമാശ മാത്രമാണ്.

കീരിയും പാമ്പും ഒന്നാകുമോയെന്ന് ചോദിച്ചു. അങ്ങനെയെങ്കിൽ ലീഗും ബി ജെ പിയും ഒന്നാകുമോ?

ലീഗിന് നിലനിൽക്കുന്ന ചില ചിട്ടവട്ടങ്ങളും കീഴ്‌വഴക്കങ്ങളുമുണ്ട്. അതുമാറ്റി വച്ച് ദേശീയ പ്രസ്ഥാനത്തിന്റെ ധാരയിലേക്ക് അവരുടെ ഐഡിയോളജി മാറുകയാണെങ്കിൽ നമുക്ക് കേരളത്തിൽ വലിയ മാറ്റമുണ്ടാക്കാൻ സാധിക്കും. കേരള രാഷ്‌ട്രീയം മാറുകയാണ്. ഇന്ത്യയിൽ കോൺഗ്രസ് ഇല്ലാതാവുകയാണ്. ഇല്ലാതാകുന്ന കോൺഗ്രസിനെ ലീഗിന് എങ്ങനെ ചേർത്തുപിടിക്കാനാകും.

35 സീറ്റ് പിടിച്ചാൽ അധികാരം പിടിക്കാമെന്നാണ് കെ സുരേന്ദ്രൻ പറഞ്ഞിരിക്കുന്നത്. 35 സീറ്റ് പിടിക്കുമോ?

ഞങ്ങൾ ലക്ഷ്യമിട്ടിരിക്കുന്നത് മുഖ്യമന്ത്രി കസേരയിൽ ഇരിക്കുക എന്നതാണ്. ഒന്നര ശതമാനം വോട്ടിൽ നിന്നാണ് തൃപുരയിൽ മുഖ്യമന്ത്രിയെ സൃഷ്‌ടിക്കാൻ സാധിച്ചത്. കേരളത്തിൽ ഇടത്തോട്ടും വലത്തോട്ടും മാത്രം ജനങ്ങൾ ചിന്തിച്ചാൽ പോരാ.1956 മുതൽ കേരളത്തിൽ ഇരുമുന്നണികളും മാറിമാറി ഭരിച്ചിട്ടും വികസന പ്രവർത്തനങ്ങൾ അഡ്രസ് ചെയ്യപ്പെട്ടിട്ടില്ല. വിഷയങ്ങൾ വിഷയങ്ങൾക്ക് അനുസരിച്ച് കേരള നിയമസഭയിൽ അഡ്രസ് ചെയ്യപ്പെടണം.