k-surendran

തിരുവനന്തപുരം: എൻ.ഡി.എ സ്ഥാനാർത്ഥികളുടെ പത്രിക തളളിയത് പോരായ്മ തന്നെയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. പത്രിക തളളിയ സാഹചര്യം തിരഞ്ഞെടുപ്പിന് ശേഷം പരിശോധിക്കും. തുടർ നടപടി കോടതി വിധി വന്നതിനുശേഷം തീരുമാനിക്കുമെന്നും വിധി എതിരായാൽ ആരെ പിന്തുണയ്ക്കണമെന്ന് വോട്ടർമാർക്ക് സന്ദേശം നൽകുമെന്നും സുരേന്ദ്രൻ പറഞ്ഞു. ഒരു വാർത്താചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമലയെന്ന വികാരം അത്ര എളുപ്പത്തിൽ അണയുന്ന ഒരു വികാരമല്ല. വീണ്ടും മുഖ്യമന്ത്രിയും കാനം രാജേന്ദ്രനുമെല്ലാം ഈ വിഷയത്തിൽ അവരുടെ ഉളളിലിരുപ്പ് പുറത്ത് വ്യക്തമാക്കിയതോടുകൂടി ആ വിഷയം സജീവമായി തന്നെ നിൽക്കുകയാണ്. ശബരിമല വിഷയത്തിൽ സി.പി.എമ്മിന്റെ ഉളളിലിരിപ്പ് വീണ്ടും ബോദ്ധ്യമാകുകയാണ്. മുൻ നിലപാട് മാറ്റിയെങ്കിൽ പിണറായി വിജയൻ അത് വ്യക്തമാക്കണമായിരുന്നു. പാർട്ടി മുൻപെടുത്ത നിലപാട് ശരിയാണെന്ന ദുരഭിമാന ബോധം തന്നെയാണ് അവരെ നയിക്കുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.

എല്ലാ മണ്ഡലങ്ങളിലും യു.ഡി.എഫിന് അനുകൂലമായി എൻ.എസ്.എസ് നിലപാടെടുക്കുമെന്ന് കരുതുന്നില്ല. പത്രിക തളളിയതിൽ ഒരു അന്തർധാരയും ഇല്ല. കോൺഗ്രസ് പറയുന്നു സി.പി.എമ്മുമായിട്ടാണ് അന്തർധാരയെന്ന് അതേസമയം സി.പി.എം തിരിച്ചും. അപ്പോൾ തന്നെ ജനങ്ങൾക്ക് ഇതിലെ സത്യാവസ്ഥ മനസിലായതാണെന്നും സുരേന്ദ്രൻ പറഞ്ഞു.

ആകെ പത്ത് ലക്ഷം വ്യജവോട്ടർമാർ പട്ടികയിൽ കടന്നുകൂടി. മഞ്ചേശ്വരത്ത് തന്റെ അപരസ്ഥാനാർത്ഥിയിയുടെ പത്രിക ആദ്യം തളളി. എന്നാൽ തളളിയ പത്രിക പിന്നീട് സ്വീകരിച്ചു. തിരഞ്ഞടുപ്പ് ചരിത്രത്തിൽ ഇതുവരെയും നടന്നിട്ടില്ലാത്തകാര്യമാണിതെന്നും അപരനുണ്ടാകുമെന്ന് പ്രതീക്ഷിച്ച് തന്നെയാണ് തങ്ങൾ ഇത്തവണ മുന്നോട്ട് പോകുന്നതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.