
അല്ലു അർജ്ജുന്റെ ബിഗ് ബജറ്റ് ചിത്രമായൊരുങ്ങുന്ന 'പുഷ്പ'യിൽ വില്ലനാകാൻ മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിൽ. ഫഹദ് ഫാസിൽ ഭാഗമാകുന്ന ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് പുഷ്പ എന്ന പ്രത്യേകതയുമുണ്ട്. അല്ലുവിന്റെ ഹിറ്റ് ചിത്രങ്ങളായ ആര്യ, ആര്യ 2 തുടങ്ങിയ സിനിമകളൊരുക്കിയ സുകുമാറിനൊപ്പം അല്ലു അർജുൻ വീണ്ടുമൊന്നിക്കുന്ന സിനിമ കൂടിയാണ് അഞ്ച് ഭാഷകളിലായി ഒരുങ്ങുന്ന പുഷ്പ.തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലായി ഒരുങ്ങുന്ന പുഷ്മപയുടെ സംഗീത സംവിധാനം ദേവി ശ്രീ പ്രസാദാണ്. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. പുഷ്പരാജ് എന്ന കള്ളക്കടത്തുകാരൻ ലോറി ഡ്രൈവറുടെ റോളിലാണ് അല്ലു അർജ്ജുൻ ചിത്രത്തിലെത്തുന്നത്.ആന്ധ്രയിലെ മരടുമല്ലി ഫോറസ്റ്റ്, അതിരപ്പള്ളി തുടങ്ങി വിവിധയിടങ്ങളിലാണ് സിനിമയുടെ പ്രധാന ലൊക്കേഷനുകൾ. ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിലുണ്ട്. ഓഗസ്റ്റ് 13നാണ് പുഷ്പ വേൾഡ് വൈഡ് റിലീസിനായി ഒരുങ്ങുന്നത്. മാസ് ആക്ഷൻ എന്റർടെയ്നറായി ഒരുങ്ങുന്ന പുഷ്പ അല്ലു നായകനാകുന്ന ഇരുപതാമത്തെ ചിത്രവുമാണ്.മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ വൈ. നവീനും വൈ. രവി ശങ്കറും ചേർന്നാണ് പുഷ്പ നിർ മിക്കുന്നത് .