
സെൽറ്റ ഡി വിഗോയെ 3-1ന് കീഴടക്കി റയൽ മാഡ്രിഡ് ലാ ലിഗയിൽ രണ്ടാമത്
റയൽ സ്ട്രൈക്കർ കരിം ബെൻസേമയ്ക്ക് ഇരട്ട ഗോളുകൾ
മാഡ്രിഡ് : സ്പാനിഷ് ലാ ലിഗ ഫുട്ബാളിൽ കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് സെൽറ്റ ഡി വിഗോയെ കീഴടക്കിയ റയൽ മാഡ്രിഡ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. ആദ്യ പകുതിയിൽത്തന്നെ രണ്ടുഗോളുകൾ നേടി ഫ്രഞ്ച് സ്ട്രൈക്കർ കരിം ബെൻസേമ നൽകിയ അടിത്തറയിൽനിന്നാണ് റയൽ വിജയം പണിതുയർത്തിയത്. അവസാനഗോളിന് വഴിയൊരുക്കിയും ബെൻസേമ കളിയിലെ ബോസായി മാറി.
സെൽറ്റയുടെ തട്ടകത്തിൽ നടന്ന മത്സരത്തിന്റെ 20-ാം മിനിട്ടിൽ ടോണി ക്രൂസിന്റെ അളന്നുമുറിച്ച പാസിൽ നിന്നായിരുന്നു ബെൻസേമയുടെ ആദ്യ ഗോൾ.പത്തുമിനിട്ടിന് ശേഷം ക്രൂസിന്റെ തന്നെ മറ്റൊരു സുന്ദരമായ പാസിൽ നിന്ന് ബെൻസേമ അടുത്തഗോളും നേടി. 40-ാം മിനിട്ടിൽ സാന്റി മിനയിലൂടെ ഒരു ഗോൾ തിരിച്ചടിച്ച സെൽറ്റയും പിടിച്ചുനിൽക്കാൻ ശ്രമിച്ചു. രണ്ടാം പകുതി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ശേഷിക്കവേയാണ് ബെൻസേമയുടെ പാസിൽ നിന്ന് അസൻഷ്യോ റയലിന്റെ മൂന്നാം ഗോൾ നേടിയത്.
ഈ വിജയത്തോടെ 28മത്സരങ്ങളിൽ നിന്ന് 60 പോയിന്റിലെത്തിയാണ് റയൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നത്. 27മത്സരങ്ങളിൽ നിന്ന് 63 പോയിന്റുള്ള അത്‌ലറ്റിക്കോ മാഡ്രിഡാണ് പട്ടികയിൽ ഒന്നാമത്.27മത്സരങ്ങളിൽ നിന്ന് 59 പോയിന്റുള്ള ബാഴ്സലോണ മൂന്നാമതുണ്ട്.
16
ഈ സീസൺ ലാലിഗയിൽ ബെൻസേമ നേടുന്ന ഗോളുകളുടെ എണ്ണം പതിനാറായി. ടോപ് സ്കോറർ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ബെൻസേമ ഇപ്പോൾ.ബാഴ്സയുടെ മെസിയും(21) അത്‌ലറ്റിക്കോ ഡി മാഡ്രിഡിന്റെ ലൂയിസ് സുവാരേസുമാണ് (18) ബെൻസേമയ്ക്ക് മുന്നിലുള്ളത്.