election

കൊൽക്കത്ത: പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാബാനർജിയുടെ മുൻ വിശ്വസ്തനും മന്ത്രിയുമായിരുന്ന സുവേന്ദു അധികാരിയുടെ പിതാവും തൃണമൂൽ നേതാവുമായ ശിശിർ അധികാരി ബി.ജെ.പിയിൽ ചേർന്നു. ദീർഘകാലം കോൺഗ്രസുകാരനായിരുന്ന ശിശിർ അധികാരി പതിറ്റാണ്ടുകൾക്ക് മുമ്പാണ് തൃണമൂലിൽ ചേർന്നത്. ഇപ്പോൾ ബി.ജെ.പിയിലെത്തി. കാന്തി ലോക്‌സഭ മണ്ഡലത്തിലെ എം.പിയാണ്.

ബംഗാളിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ റാലിയിലാണ് ശിശിർ അധികാരി പാർട്ടി അംഗത്വം സ്വീകരിച്ചത്. നേരത്തെ സുവേന്ദു അധികാരി മമതയുമായി തെറ്റിപ്പിരിഞ്ഞ് ബി.ജെ.പിയിൽ ചേർന്നിരുന്നു.

ബി.ജെ.പി നേതാവ് മാൻസുഖ് മാണ്ഡ്വിയുമായി ശിശിർ അധികാരി കൂടിക്കാഴ്ച നടത്തിയത് ചർച്ചയായിരുന്നു. ഇതോടെ ശിശിർ അധികാരി ബി.ജെ.പിയിലേക്കെന്ന അഭ്യൂഹങ്ങളും ഉയർന്നിരുന്നു.
ബംഗാളിൽ മുഖ്യമന്ത്രി മമത ബാനർജിയുടെ ശക്തനായ എതിരാളിയാണ് സുവേന്ദു അധികാരി. സുവേന്ദുവിന്റെ സഹോദരൻ ദിവ്യേന്ദു അധികാരിയും തൃണമൂൽ എം.പിയായിരുന്നു. സുവേന്ദുവിനെതിരെ മമത ബാനർജി നന്ദിഗ്രാമിൽ മത്സരിക്കാൻ തീരുമാനിച്ചതിനെതിരെ ശിശിർ അധികാരി രംഗത്തെത്തിയിരുന്നു.