
വാഷിംഗ്ടൺ: അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ പുതിയ മേധാവിയായി മുൻ ഡെമോക്രാറ്റിക് സെനറ്റർ ബിൽ നെൽസനെ നാമനിർദ്ദേശം ചെയ്ത് പ്രസിഡന്റ് ജോ ബൈഡൻ. ജനുവരി 20ന് സ്ഥാനമൊഴിഞ്ഞ മുൻ നാസ മേധാവി ജിം ബ്രിഡൻസ്റ്റൈന് പകരമായാണ് ബില്ലിനെ നാമനിർദ്ദേശം ചെയ്തത്.
1986ൽ കൊളംബിയയിൽ ബഹിരാകാശ യാത്ര നടത്തിയ രണ്ടാമത്തെ കോൺഗ്രസ് പ്രതിനിധിയാണദ്ദേഹം. യു.എസ് കോൺഗ്രസിന്റേയും സെനറ്റിന്റേയും ബഹിരാകാശ സമിതി അദ്ധ്യക്ഷ പദവി വഹിച്ചിട്ടുണ്ട്. അമേരിക്കൻ സൈന്യത്തിൽ ക്യാപ്റ്റൻ ആയിരുന്ന ബിൽ ഫ്ലോറിഡയിൽ നിന്ന് മൂന്ന് തവണ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ചാന്ദ്രപര്യവേഷണം പുനരാരംഭിക്കാൻ നാസ തീരുമാനിച്ച സാഹചര്യത്തിൽ ബില്ലിന്റെ ഭരണപരിചയം ഗുണം ചെയ്തേക്കുമെന്നാണ് വിലയിരുത്തൽ.