accident

ചണ്ഡീഗഡ്: അമിതവേഗതയിലെത്തിയ മെഴ്സിഡസ് കാറിടിച്ച് പഞ്ചാബിലെ മൊഹാലിയിൽ മൂന്ന് പേർ മരിച്ചു. കാറിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടെങ്കിലും ഡ്രൈവറെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു.

ഇന്നലെ രാവിലെയായിരുന്ന സംഭവം.

നിയന്ത്രണം വിട്ട രീതിയിലായിരുന്നു ഡ്രൈവർ വാഹനമോടിച്ചിരുന്നതെന്ന് ദൃ‌ക്‌സാക്ഷികൾ പറഞ്ഞു. രണ്ട് സൈക്കിൾ യാത്രികരെ തട്ടിയിട്ട ശേഷം മറ്റൊരു വാഹനത്തിലിടിച്ച മെഴ്സിഡസ് റോഡിന്റെ വശത്തുള്ള ഇരുമ്പ് വേലിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

അപകടസമയത്ത് കാറോടിച്ചിരുന്ന ആളും ഒപ്പമുണ്ടായിരുന്നവരും മദ്യപിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കി. കാറിൽ നിന്ന് മൂന്ന് ബിയർ കുപ്പികളും കണ്ടെത്തി. ഇടിച്ചിട്ട വാഹനത്തിനുള്ളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താൻ ആളുകൾ ഓടിക്കൂടിയതിനിടെ മെഴ്സിഡസ് ഉപേക്ഷിച്ച് അതിലുണ്ടായിരുന്ന മൂന്നുപേർ ഓടി രക്ഷപെട്ടു.

രാത്രി ഷിഫ്റ്റിൽ ജോലി ചെയ്തിരുന്നവരെ വീടുകളിൽ തിരികെ എത്തിക്കുന്ന കാറിലാണ് മെഴ്സിഡസ് ചെന്നിടിച്ചത്. ഇടിയുടെ ആഘാതത്തിൽ വാഹനം രണ്ടോ മൂന്നോ തവണ കീഴ്‌മേൽ മറിഞ്ഞു. മൂന്ന് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റ മറ്റ് മൂന്ന് പേരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.