
കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാർത്ഥിയായ ഡോ. എസ്എസ് ലാലിന്റേതെന്ന് പറയപ്പെടുന്ന, ശബരിമല വിഷയം സംബന്ധിച്ച ബ്ലോഗ് പോസ്റ്റ് ആയുധമാക്കി മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ. ശബരിമലയിലെ യുവതീപ്രവേശനനത്തെ ന്യായീകരിക്കുന്നതായി കാണുന്ന 'വിശ്വാസികൾ ദയവായി അയ്യപ്പനെ വിശ്വസിക്കണം'- എന്ന തലക്കെട്ടോടെയുള്ള ബ്ലോഗിന്റെ ഒരു സ്ക്രീൻഗ്രാബും അതിലെ ഏതാനും വാചകങ്ങളും ശോഭാ സുരേന്ദ്രൻ പങ്കുവച്ചിട്ടുണ്ട്. 'ശബരിമലയിലെ യുവതീപ്രവേശനത്തെ അനുകൂലിച്ച, ആചാരം തകർക്കാൻ ശ്രമിച്ച യുഡിഎഫ് സ്ഥാനാർത്ഥിയെ തള്ളിപറഞ്ഞ് വിശ്വാസസമൂഹത്തോട് മാപ്പ് പറയാൻ കോൺഗ്രസ് നേതൃത്വം തയ്യാറാകുമോ എന്നാണ് ശോഭ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നത്. 2018 ഒക്ടോബറിൽ എഴുതപ്പെട്ടത് എന്ന് ബിജെപി സ്ഥാനാർത്ഥി പറയുന്ന ഈ ബ്ലോഗിന്റെ യുആർഎൽ വഴി പ്രവേശിച്ച് ബ്ലോഗ് വായിക്കാൻ സാധിക്കുക 'ഇൻവൈറ്റഡ് റീഡേഴ്സി'ന് മാത്രമാണ്.

കുറിപ്പ് ചുവടെ:
'ശബരിമല യുവതി പ്രവേശനത്തെ അനുകൂലിക്കുന്ന കഴക്കൂട്ടം നിയോജകമണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർഥിയുടെ ബ്ലോഗ് വായിച്ചപ്പോൾ എന്തിനാണ് കോൺഗ്രസും സിപിഎമ്മും രണ്ടു ചിഹ്നത്തിൽ മത്സരിക്കുന്നതെന്ന് തോന്നിപ്പോയി. ബംഗാളിൽ എന്ന പോലെ ഇവിടെയും ഇവർക്ക് ഒരു ചിഹ്നത്തിൽ ശബരിമലയെ തകർക്കാൻ ഒരു വോട്ട് എന്ന മുദ്ര വാക്യത്തിൽ വോട്ട് ചോദിച്ചുകൂടെ? പവിത്രമായ ശബരിമലയിലെ ആചാരങ്ങളെ തകർക്കാനായി കച്ച കെട്ടി ഇറങ്ങിയിരിക്കുന്ന ഒരേ തൂവൽ പക്ഷികളാണ് കോൺഗ്രസ് സ്ഥാനാർഥിയും സിപിഎം സ്ഥാനാർത്ഥിയും.
2018 ഒക്ടോബർ രണ്ടിന് drsslal.blogspot എന്ന ബ്ലോഗിൽ 'വിശ്വാസികൾ ദയവായി അയ്യപ്പനെ വിശ്വസിക്കണം' എന്ന തലക്കെട്ടോടെ കോൺഗ്രസ് സ്ഥാനാർത്ഥി എഴുതിയ കുറിപ്പ് അക്ഷരാർത്ഥത്തിൽ വിശ്വാസ സമൂഹത്തെ വെല്ലുവിളിക്കുന്നതാണ്. വ്രതാനുഷ്ഠാനത്തോടെ ശബരിമലയിലേക്ക് പോകുന്ന ഭക്തന് "വഴിയരികിലെ കടകളിൽ പെണ്ണുങ്ങൾ ഉണ്ടാക്കിയ ഭക്ഷണം വാങ്ങി കഴിക്കാനും അശുദ്ധിയുടെ പ്രശ്നമില്ല" എന്ന് പറഞ്ഞുകൊണ്ട് രൂക്ഷമായി വിശ്വാസ സമൂഹത്തെ അധിക്ഷേപിക്കുകയാണ്.
"1950 വരെ ശബരിമലയിൽ ചെറുപ്പക്കാരികളായ സ്ത്രീകൾ പോയിരുന്നതായി ദേവസ്വം ബോർഡ് തന്നെ സമ്മതിക്കുന്നു. അവിടെ ചോറൂണ് നടന്ന ഒരു എഴുപതുകാരൻ പ്രമുഖൻ അദ്ദേഹത്തിൻറെ മാതാവിൻറെ മടിയിലിരുന്നാണ് ഉണ്ടതെന്നും പറയുന്നു. ഉണ്ട നായർക്ക് ഉണ്ടായ ഉൾവിളിയായി അതിനെ തള്ളരുത്. എഴുപത് വർഷം മുമ്പില്ലാത്ത ആചാരം എങ്ങനെ വന്നു എന്ന് ചർച്ചചെയ്യുന്നതിൽ മടികാണിക്കരുത്"
സ്വന്തം ജീവനേക്കാളുപരി വിശ്വാസങ്ങളെ മുറുകെ പിടിക്കുന്ന ജനത ഈ നാട്ടിലുണ്ട്. ശബരിമലയിലെ യുവതീ പ്രവേശനത്തിൽ വിശ്വാസികൾക്കെതിരായ നിലപാടെടുത്തു വിശ്വാസങ്ങളെ തകർക്കാൻ പ്രേരണ നൽകിയ ആളെ സ്ഥാനാർഥിയാക്കിയ യുഡിഎഫ് നേതൃത്വം ഇരട്ടത്താപ്പ് കളിക്കുകയാണ്. യുവതി പ്രവേശന വിഷയത്തിൽ ആത്മാർത്ഥതയുണ്ടെങ്കിൽ യുവതി പ്രവേശനത്തെ അനുകൂലിച്ചു ബ്ലോഗ് എഴുതിയ കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാർത്ഥിയെ തള്ളി പറഞ്ഞു വിശ്വാസസമൂഹത്തോട് മാപ്പ് പറയാൻ കോൺഗ്രസ് നേതൃത്വം തയാറാകണം.'