cash

കൊച്ചി: ഇത്തവണത്തെ തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങളിൽ ഏറ്റവും ശ്രദ്ധേയമാണ് വീട്ടമ്മമാർക്ക് പെൻഷനോ വരുമാന പിന്തുണയോ നൽകുമെന്ന മുന്നണികളുടെ പ്രഖ്യാപനം. കേരളത്തിൽ, എൽ.ഡി.എഫ് തുക വ്യക്തമാക്കിയിട്ടില്ലെങ്കിലും പെൻഷൻഘടന സർക്കാർ തീരുമാനിക്കുമെന്നാണ് പ്രകടന പത്രികയിലുള്ളത്.

40-60 വയസുള്ള വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപയാണ് യു.ഡി.എഫിന്റെ വാഗ്‌ദാനം. അസാമിലും സമാനവാഗ്‌ദാനം കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട് വീട്ടമ്മമാരിലേക്ക് പണമെത്തുമ്പോൾ ഉറപ്പായും ആ കുടുംബത്തിന്റെ വാങ്ങൽച്ചെലവ് (പർച്ചേസിംഗ് പവർ) വർദ്ധിക്കും. ഇത്, വിപണിക്കും സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്ക്കും ഗുണം ചെയ്യും.

സമ്പദ്‌മേഖലയിലെ എല്ലാ മേഖലകളിലും ഇതിന്റെ ഉണർവുണ്ടാകുമെന്ന് സാമ്പത്തിക, നികുതി വിദഗ്ദ്ധനും ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഒഫ് ഇന്ത്യ (ഐ.സി.എ.ഐ) കേന്ദ്ര കമ്മിറ്റിയംഗവുമായ ബാബു എബ്രഹാം കള്ളിവയലിൽ പറഞ്ഞു. പക്ഷേ, പെൻഷനും വരുമാന പിന്തുണയും നൽകാനുള്ള പണം സർക്കാർ എങ്ങനെ കണ്ടെത്തുമെന്ന ചോദ്യമുയരുന്നു. പുതിയ വരുമാന സ്രോതസുകളൊന്നും കണ്ടെത്താൻ സർക്കാരിന് കഴിഞ്ഞില്ലെങ്കിൽ പദ്ധതി നടപ്പാക്കുക പ്രയാസമാണ്. സംസ്ഥാനത്തിന്റെ കടബാദ്ധ്യത ഇപ്പോൾ തന്നെ ഏറെ ഉയരത്തിലാണെന്നതും പ്രതിസന്ധിയാണെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്രസർക്കാർ ഡയറക്‌ട് ബെനഫിറ്റ് ട്രാൻസ്‌ഫറായി (ഡി.ബി.ടി) ജനങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകുന്ന മാതൃകയിൽ പദ്ധതി നടപ്പാക്കാമെന്ന് കെ. വെങ്കടാചലം അയ്യർ ആൻഡ് കോ സീനിയർ പാർട്‌ണറും ചാർട്ടേഡ് അക്കൗണ്ടന്റുമായ എ. ഗോപാലകൃഷ്‌ണൻ പറഞ്ഞു. പക്ഷേ, പദ്ധതിക്കുള്ള പണം കണ്ടെത്താൻ സർക്കാരിന് കഴിഞ്ഞില്ലെങ്കിൽ കടബാദ്ധ്യത കുതിച്ചുയരുമെന്ന് അദ്ദേഹം പറയുന്നു.

കടബാദ്ധ്യത 1.94 ലക്ഷം കോടി

നിലവിൽ സംസ്ഥാന സർക്കാരിന്റെ കടബാദ്ധ്യത 1.94 ലക്ഷം കോടി രൂപയാണ്. യു.ഡി.എഫ് സർക്കാർ അധികാരമൊഴിയുമ്പോൾ ബാദ്ധ്യത 1.09 ലക്ഷം കോടി രൂപയായിരുന്നു. 84,500 കോടിയോളം രൂപയാണ് പിണറായി സർക്കാർ കടമെടുത്തത്. ഓരോ മലയാളിയും ഇപ്പോൾ 55,778.34 രൂപയുടെ കടത്തിലാണുള്ളത്.