
വാഷിംഗ്ടൺ: പ്ലൂട്ടോ, ശനിയുടെ ഉപഗ്രഹങ്ങളായ ടൈറ്റൻ, എൻസെലാഡസ്, രണ്ടാം വ്യാഴമെന്നറിയപ്പെടുന്ന യൂറോപ്പ എന്നിവിടങ്ങളിൽ മറഞ്ഞുകിടക്കുന്ന മഹാസമുദ്രങ്ങളും അവിടെ ജീവനും ഉണ്ടാകാമെന്ന് പഠനം. സമുദ്രങ്ങളുള്ള ഗ്രഹങ്ങളെ ഇന്റീരിയർ വാട്ടർ ഓഷ്യൻ വേൾഡ്സ് (IWOW) എന്നാണ് വിളിക്കുന്നത്. സൗരയൂഥത്തിനു പുറത്തെ വേറെ ഗ്രഹങ്ങളിൽ പലതിലും ഇത്തരം സമുദ്രങ്ങളുണ്ടാകാമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. അത്തരം ഗ്രഹങ്ങളിൽ ജീവൻ ഉണ്ടാവാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. 52ാമത് ലൂണാർ ആൻഡ് പ്ലാനറ്ററി സയൻസ് കോൺഫറൻസിൽ അവതരിപ്പിച്ച ഒരു പഠനത്തിലും ഈ സാദ്ധ്യതയെക്കുറിച്ച് ചർച്ച നടന്നു.
ഭീഷണികൾ അധികമില്ല
ഭൂമിയിലേതിന് സമാനമായ ഉപരിതല സമുദ്രങ്ങൾക്ക് നിരവധി ഭീഷണികളെ നേരിടേണ്ടതുണ്ട്. ഇത്തരം സമുദ്രങ്ങളുടെ നിലനിൽപ്പിന് സ്ഥിരതയുള്ള അന്തരീക്ഷ താപനില, നക്ഷത്രങ്ങളിൽ നിന്നും ഒരുപാട് അടുത്തും അകലെയുമല്ലാത്ത ദൂരം എന്നീ ഘടകങ്ങൾ ആവശ്യമാണ്. എന്നാൽ മറഞ്ഞിരിക്കുന്ന സമുദ്രങ്ങളുള്ള ഗ്രഹങ്ങളിൽ നക്ഷത്രങ്ങളിൽ നിന്നുള്ള ദൂരത്തിന് പ്രധാന്യമില്ല.
ഭൂമിയെ പോലുള്ള ഗ്രഹങ്ങളിലെ സമുദ്രങ്ങൾക്ക് ഉയർന്ന റേഡിയേഷൻ, ഛിന്നഗ്രഹങ്ങൾ, സൂപ്പർനോവ സ്‌ഫോടനങ്ങൾ തുടങ്ങി നിരവധി ഭീഷണികൾ അതിജീവിക്കണം. എന്നാൽ, IWOW ഗ്രഹങ്ങൾക്ക് ഇത്തരം ഭീഷണികൾ അതിജീവിക്കാൻ വേണ്ട ആവരണമുണ്ടെന്നാണ് റിപ്പോർട്ട് അവതരിപ്പിച്ച പ്ലാനെറ്ററി സയന്റിസ്റ്റായ എസ്.അലൻ സ്റ്റേൺ പറഞ്ഞത്. ഏതാനും കിലോമീറ്ററുകൾ വരെ ഇത്തരം സമുദ്രങ്ങൾക്ക് പാറയുടേയോ മഞ്ഞിന്റേയോ ആവരണം ഉണ്ടാകാമെന്നും ഇത് അവിടങ്ങളിലെ ജീവൻ പുറത്ത് നിന്നുള്ള ഭീഷണികളെ ഇല്ലാതാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്തുകൊണ്ട് അന്യഗ്രഹ ജീവികളെ കണ്ടെത്താൻ സാധിക്കുന്നില്ല?
സമുദ്രങ്ങളെ ഒളിപ്പിച്ചിരിക്കുന്ന ഗ്രഹങ്ങളിൽ ജീവനുണ്ടെങ്കിൽ നിലവിലെ സാങ്കേതികവിദ്യ ഉപയോഗിച്ച് അവയെ ഭൂമിയിൽ നിന്ന് കണ്ടെത്താൻ അസാദ്ധ്യമാണെന്ന് സ്റ്റേൺ പറഞ്ഞു. ഉൾഭാഗത്ത് വലിയ സമുദ്രങ്ങളുള്ള ഗ്രഹങ്ങളിൽ ജീവനുണ്ടാകാനുള്ള സാദ്ധ്യത വലുതാണ്. എന്നാൽ, ഇന്നുവരെ അന്യഗ്രഹജീവികെക്കുറിച്ച് ഒരു തെളിവ് പോലും ലഭിക്കാത്തതിനുള്ള വിശദീകരണവും സ്‌റ്റേൺ നൽകുന്നുണ്ട്. ആവരണത്തിനുള്ളിൽ സുസ്ഥിരമായി ജീവിക്കാനുള്ള അന്തരീക്ഷമുള്ളത് കൊണ്ടായിരിക്കും മനുഷ്യർക്ക് അന്യഗ്രഹജീവികളെ കണ്ടെത്താൻ സാധിക്കാത്തതെന്ന് സ്റ്റേൺ പറയുന്നു. സ്റ്റേണിന്റെ വാദങ്ങൾ ശരിയാണെങ്കിൽ പല ഗ്രഹങ്ങളിലും ഇനിയും ഒളിഞ്ഞിരിക്കുന്ന മഹാസമുദ്രങ്ങളും ജീവനും ഉണ്ടാകാം.