sobhana

തിരുവനന്തപുരം: അഭിനയമികവ് കൊണ്ട് സിനിമാ പ്രേമികളുടെ മനസിൽ ഇടംപിടിച്ച നായികയാണ് ശോഭന. തമിഴിൽ തുടങ്ങി പിന്നീട് മലയാളത്തിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലും ഇംഗ്ലീഷിലും വരെ നിരവധി സിനിമകളിൽ അവർ അഭിനയിക്കുകയുണ്ടായി. പതിനാലാം വയസിൽ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച ശോഭന ഇന്ന് തന്റെ 51ാം വയസിലേക്ക് കടക്കുകയാണ്. ഇതിനോടകം നിരവധി താരങ്ങളും ആരാധകരുമാണ് പ്രിയ നായികയ്ക്ക് ജൻമദിന ആശംസകളുമായി സാമൂഹിക മാദ്ധ്യമങ്ങളിൽ എത്തിയിരിക്കുന്നത്.

1970 മാർച്ച് 21 ന് തിരുവനന്തപുരത്തായിരുന്നു ശോഭന ചന്ദ്രകുമാർ പിള്ള എന്ന ശോഭനയുടെ ജനനം. 1980ൽ തമിഴിൽ അരങ്ങേറിയ ശോഭന 1984ൽ പുറത്തിറങ്ങിയ ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെയാണ് ബാലചന്ദ്രമേനോന്റെ നായികയായി മലയാള സിനിമയിൽ എത്തിയത്. ആദ്യ സിനിമയിലൂടെ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട ശോഭനയെ പിന്നീട് ഒരുപിടി നല്ല വേഷങ്ങൾ തേടിയെത്തി. മാത്രമല്ല തമിഴിലും തെലുങ്കിലും കന്നഡയിലുമൊക്കെ ചുരുങ്ങിയ സമയം കൊണ്ട് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു.

മണിചിത്രത്താഴിൽ സുരേഷ് ഗോപിക്കും മോഹൻലാലിനും ഒപ്പം തകർത്തഭിനയിച്ച ശോഭനയുടെ നാഗവല്ലി എന്ന വേഷം ഇന്നും പ്രേക്ഷകരുടെ മനസിൽ മായാതെ നിൽക്കുന്നു. ഒരു വേളയിൽ സിനിമയിൽ സജീവമല്ലായിരുന്ന ശോഭന 2020 ൽ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ സുരേഷ് ഗോപിയുടെ നായികയായി ശക്തമായ തിരിച്ചുവരവ് നടത്തി. സുരേഷ് ഗോപിക്കൊപ്പം ഒരുപിടി നല്ല ചിത്രങ്ങൾ സമ്മാനിച്ച ശോഭന വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലും പ്രേക്ഷകരെ നിരാശപ്പെടുത്തിയില്ല. ശക്തവും മനോഹരവുമായ അഭിനയത്തിലൂടെ അവർ ആരാധകരുടെ മനംകവർന്നു.

sobhana

ജൻമദിനത്തിൽ ശോഭനയ്ക്ക് ആശംസകൾ നേർന്ന താരങ്ങളുടെ കൂട്ടത്തിൽ മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ സുരേഷ്‌ഗോപിയുമുണ്ട്. അദ്ദേഹം ഫേസ്ബുക്കിലൂടെയായിരുന്നു താരത്തിത് ആശംസകളുമായി രംഗത്തെത്തിയത്.

പ്രിയപ്പെട്ട ശോഭന, നിങ്ങൾക്ക് ജന്മദിനാശംസകൾ നേരുന്നു! ആ എണ്ണമറ്റ ഓർമ്മകളും സിനിമയിലെ നമ്മുടെ ആ നല്ല നിമിഷങ്ങളും ഓർമ്മിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.