violence
violence

ലക്‌നൗ: ഉത്തർപ്രദേശിലെ രാംപൂർ ജില്ലയിലെ മിലാക്കിൽ സംശയരോഗിയായ യുവാവ്, ഭാര്യയുടെ സ്വകാര്യഭാഗം അലൂമിനിയം നാര് കൊണ്ട് തുന്നിക്കെട്ടി. ഗുരുതരാവസ്ഥയിലായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഭർത്താവിനെതിരെ പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തു.

ശനിയാഴ്ചയാണ് മിലാക്ക് സ്വദേശിയും ഡ്രൈവറുമായ യുവാവ് ഭാര്യയെ കൊടുംക്രൂരതയ്ക്ക് ഇരയാക്കിയതെന്ന് പൊലീസ് പറഞ്ഞു. ഭാര്യയ്ക്ക് മറ്റാരെങ്കിലുമായി ബന്ധമുണ്ടെന്ന് ഇയാൾ നിരന്തരം സംശയിച്ചിരുന്നു. തുടർന്ന് ചാരിത്ര്യ പരിശോധന നടത്തണമെന്ന് ഇയാൾ ആവശ്യപ്പെട്ടു. നിവൃത്തികേട് കൊണ്ട് ഭാര്യ സമ്മതം മൂളിയതോടെ, അവരുടെകൈകാലുകൾ കെട്ടിയിട്ടു. ശേഷം അലൂമിനിയം നാര് ഉപയോഗിച്ച് സ്വകാര്യ ഭാഗം തുന്നിക്കെട്ടുകയായിരുന്നു.

മാരകമായ മുറിവേറ്റ് യുവതിക്ക് രക്തസ്രാവമുണ്ടായതോടെ ഭർത്താവ് വീട്ടിൽ നിന്നും ഓടി രക്ഷപ്പെട്ടു. പിന്നീട് യുവതി സമീപഗ്രാമത്തിൽ താമസിക്കുന്ന മാതാവിനെ വിളിച്ചുവരുത്തി. ഇവരാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്.

യുവതിയുടെയും മാതാവിന്റെയും പരാതിയിൽ പൊലീസ് കേസെടുത്തു. വൈദ്യപരിശോധനയിൽ യുവതിക്ക് ഗുരുതര പരിക്കേറ്റതായി തെളിഞ്ഞിട്ടുണ്ടെന്നും ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച് കൃത്യമായ ചികിത്സ ഉറപ്പുവരുത്തിയെന്നും രാംപുർ എസ്.പി അറിയിച്ചു.

അതിനിടെ, സംഭവത്തെക്കുറിച്ച് യുവതിയും മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. 'ഒരു കാരണവുമില്ലാതെ ഭർത്താവ് എന്നെ മർദ്ദിക്കുന്നത് പതിവായിരുന്നു. എനിക്ക് രഹസ്യബന്ധമുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ സംശയം. പക്ഷേ, ഇത്തരമൊരു ക്രൂരത ചെയ്യുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചില്ല.' യുവതി പറഞ്ഞു.

രണ്ട് വർഷം മുമ്പാണ് മിലാക്ക് സ്വദേശിയായ യുവാവും യുവതിയും വിവാഹിതരായത്. ദമ്പതിമാർക്ക് നേരത്തെ ഒരു കുഞ്ഞ് പിറന്നിരുന്നെങ്കിലും പ്രസവത്തിന് പിന്നാലെ മരിച്ചിരുന്നു.