
വാഷിംഗ്ടൺ: ലോകപ്രശസ്ത അമേരിക്കൻ ടെലിവിഷൻ അവതാരിക ഓപ്ര വിൻഫ്രിയോട് മനസ്സ് തുറന്ന് ബോളിവുഡ് - ഹോളിവുഡ് നടി പ്രിയങ്ക ചോപ്ര. നിക് ജോനാസുമായുള്ള വിവാഹത്തെക്കുറിച്ചും അച്ഛന്റെ മരണത്തെക്കുറിച്ചുമെല്ലാം പ്രിയങ്ക അഭിമുഖത്തിൽ തുറന്നു സംസാരിച്ചു.
പ്രിയപ്പെട്ട നിക്
ആദ്യമായി നിക് സന്ദേശമയച്ചപ്പോൾ ഞാൻ അത് കാര്യമായി എടുത്തില്ല. എനിയ്ക്ക് അന്ന് 35 വയസായിരുന്നു പ്രായം. നിക്കിന് 25. പിന്നീടാണ് നിക്കിന്റേത് പ്രായത്തിന്റെ ചാപല്യമല്ലെന്ന് മനസിലായത്. വളരെ കാര്യക്ഷമമായും ബുദ്ധിപരമായും തീരുമാനങ്ങൾ എടുക്കുന്ന വ്യക്തിയാണ് നിക് എന്റെ നേട്ടങ്ങളിൽ എന്നെക്കാൾ സന്തോഷിക്കുന്ന വ്യക്തി. ഞങ്ങൾ തമ്മിൽ വളരെ ഊഷ്മളമായ ബന്ധമാണുള്ളത്. ഞാൻ അത് ആസ്വദിക്കുന്നു. ’– പ്രിയങ്ക പറയുന്നു.
മിസ് വേൾഡ് പ്രിയങ്ക
മത്സര മനോഭാവമുള്ള ഒരു കുടുംബത്തിൽ നിന്നായിരുന്നില്ല വന്നത്. അതുകൊണ്ടു തന്നെ ഒരിക്കലും ഇങ്ങനെയൊരു അംഗീകാരം വരുമെന്ന് പ്രതീക്ഷിച്ചിരുന്നിലെന്നാണ് മിസ് വേൾഡായി തിരഞ്ഞെടുക്കപ്പെട്ടതിനെക്കുറിച്ച് പ്രിയങ്ക പറഞ്ഞത്.
അച്ഛനാണെന്റെ എല്ലാം
എന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും അഭിനന്ദിക്കുകയും അഭിമാനിക്കുകയും ചെയ്യുന്ന വ്യക്തിയായിരുന്നു അച്ഛൻ. ചെറിയ കാര്യങ്ങളിൽ പോലും എനിക്കൊപ്പം നിൽക്കുകയും എന്നെയോർത്ത് അഭിമാനിക്കുകയും ചെയ്തിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. എന്റെ എല്ലാ വിജയങ്ങൾക്കു പിന്നിലും അച്ഛനാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അച്ഛന്റെ വിയോഗം ഒരിക്കലും നികത്താനാകാത്ത നഷ്ടമാണ്. അദ്ദേഹം എപ്പോഴും എനിക്കൊപ്പമുണ്ടെന്ന തോന്നലാണ് മുന്നോട്ടുള്ള യാത്രയിൽ കരുത്ത് നൽകുന്നത്. അച്ഛന്റെ മരണമുണ്ടാക്കിയ ആഘാതം വളരെ വലുതായിരുന്നു. ആ സമയത്ത് ദൈവവിശ്വാസം പോലും എനിക്ക് നഷ്ടമായി. എല്ലാവരുമായി കലഹിച്ചു. വിഷാദം എന്നെ പിടികൂടി. അച്ഛനോടൊപ്പം സന്ദർശിച്ച ഇടങ്ങളിലെല്ലാം ഒരിക്കൽ കൂടി പോയി. പക്ഷേ, ആ ദുഃഖത്തിൽ നിന്ന് രക്ഷനേടാൻ എനിയ്ക്ക് കഴിഞ്ഞില്ല - പ്രിയങ്ക പറഞ്ഞു
അപൂർണം
2018ലാണ് ആത്മകഥ എഴുതി തുടങ്ങിയത്. 20കളിൽ അനുഭവിച്ച വൈഷമ്യങ്ങളെ ക്കുറിച്ച് എഴുതണമെന്ന് കരുതിയിരുന്നു. സഞ്ചരിക്കുന്ന സ്ഥലങ്ങളിലെല്ലാം ലഭിക്കുന്ന ചെറിയ ഇടവേളയിൽ പോലും എഴുതിക്കൊണ്ടിരുന്നു. കൊവിഡ് മൂലം വീട്ടിൽ തന്നെ ഇരിക്കേണ്ടി വന്നതോടെയാണ് അൺഫിനിഷ്ഡ്’ (അപൂർണം) പൂർത്തിയാക്കാൻ സാധിച്ചതെന്നും പ്രിയങ്ക വ്യക്തമാക്കി.
മതവിശ്വാസം
വ്യത്യസ്ത മതവിശ്വാസികൾ ജീവിക്കുന്ന രാജ്യത്ത് ജനിച്ച വ്യക്തിയാണ് ഞാൻ. ജനിച്ചത് ഹിന്ദു കുടുംബത്തിലാണെങ്കിലും എല്ലാ മതങ്ങളെ കുറിച്ചും ഒരു പൊതുബോധമുണ്ടാക്കിയെടുത്തിട്ടുണ്ട്. വിശ്വാസിയായതിനാൽ ആത്മീയത ഒഴിച്ചുകൂടാനാകാത്ത കാര്യമാണെന്നും പ്രിയങ്ക വ്യക്തമാക്കി
വംശീയത
16–ാം വയസ്സിൽ വംശീയ അധിക്ഷേപം നേരിട്ടതിനെ തുടർന്ന് അമേരിക്കയിൽ നിന്ന് നാട്ടിലേക്ക് തിരിച്ചു പോയതിനെ കുറിച്ചും പ്രിയങ്ക സംസാരിച്ചു. സ്ത്രീകൾ കാര്യമായി എത്താത്ത മേഖലയായതിനാൽ ചലച്ചിത്ര നിർമാണത്തിലേക്ക് വരുമ്പോൾ തനിക്ക് ഭയമുണ്ടായിരുന്നതായും എന്നാൽ ഇപ്പോൾ ഭയമില്ലെന്നും പ്രിയങ്ക വ്യക്തമാക്കി.