
കൊല്ലം: പരവൂർ മുനിസിപ്പാലിറ്റി സെക്രട്ടറി എൻ.കെ. വൃജയ്ക്കെതിരെ ഹൈക്കോടതിയുടെ അറസ്റ്റ് വാറണ്ട്. യുവസംരംഭകന് കുടിവെള്ള പ്ലാന്റ് സ്ഥാപിക്കുന്നതിന് അനുമതി നിഷേധിച്ചതിനെ തുടർന്നുള്ള ഹർജിയുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാകാത്തതിനാലാണ് വാറണ്ട്. 22ന് ഉച്ചക്ക് 2ന് മുമ്പ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാനാണ് കോടതിയുടെ നിർദ്ദേശം.
യുവസരംഭകനായ കൊട്ടാരക്കര സ്വദേശി പ്രസാദ് ജോൺ സാമുവൽ കുടിവെള്ള പ്ലാന്റ് സ്ഥാപിക്കുന്നതിനായി 2018ൽ പരവൂർ മുനിസിപ്പാലിറ്റിയെ സമീപിച്ചിരുന്നു. അൻപത് ലക്ഷത്തിലധികം രൂപ പ്രാഥമിക നിക്ഷേപം നടത്തുകയും ചെയ്തു. ജലവിഭവ വകുപ്പ് സ്ഥലപരിശോധനയും ഭൂഗർഭ ജലനിരപ്പ് വ്യതിയാനം അറിയാൻ യീൽഡ് ടെസ്റ്റും നടത്തി പ്ലാന്റ് അനുവദിക്കുന്നതിൽ എതിർപ്പില്ലെന്ന് അറിയിക്കുകയും ചെയ്തു.
നടപടിക്രമങ്ങൾ പൂർത്തിയായിട്ടും മുനിസിപ്പാലിറ്റി ലൈസൻസ് നൽകാത്തതിനെ തുടർന്ന് പ്രസാദ് ജോൺ കോടതിയെ സമീപിച്ചു. എന്നാൽ അനുമതി നൽകാൻ ഹൈക്കോടതി ഉത്തരവിട്ട് ഒരുവർഷമായിട്ടും തുടർനടപടിയുണ്ടായില്ല. കോടതിയലക്ഷ്യത്തിന് കേസ് ഫയൽ ചെയ്തതിന് ശേഷം നോട്ടീസ് നൽകിയിട്ടും ഹാജരാകാത്തതിനെ തുടർന്നാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. തിരഞ്ഞെടുപ്പ് ചുമതലയുള്ളതിനാലാണ് കോടതിയിൽ ഹാജരാകാതിരിക്കുന്നത് എന്നാണ് വൃജ കോടതിയിൽ അറിയിച്ചത്.