
കോലഞ്ചേരി: പട്ടിമറ്റത്തെ വ്യാപാര സ്ഥാപനം പൂട്ടി വീട്ടിലേയ്ക്ക് മടങ്ങിയ യുവതിയുടെ തലക്കടിച്ച് പരിക്കേല്പിച്ച് സ്കൂട്ടർ കവർന്ന സംഭവത്തിലെ സ്കൂട്ടർ കണ്ടെത്തി. പട്ടിമറ്റം പത്താംമൈൽ റോഡിൽ കോട്ടമല ഭാഗത്ത് ഉപേക്ഷിച്ച നിലയിലായിരുന്നു സ്കൂട്ടർ. മൊബൈൽ ഫോണും, പണവും കവർന്നിട്ടുണ്ട്. അക്രമികളെക്കുറിച്ച് സൂചനയൊന്നും ലഭിച്ചിട്ടില്ല. അന്വേഷണത്തിന് പെരുമ്പാവൂർ ഡിവൈ.എസ്.പി യുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചു.വെള്ളിയാഴ്ച രാത്രി 9 മണിയോടെ പട്ടിമറ്റം കോലഞ്ചേരി റോഡിൽ പുത്തൻകോട്ട അമ്പലത്തിലേക്ക് പോകുന്ന വഴിയിലാണ് സംഭവം. പട്ടിമറ്റം അനിൽ വിഹാറിൽ ജ്യോതി (40) യെ ആണ് അക്രമിച്ചത്. പട്ടിമറ്റം നിഷ ഫാഷൻ വേൾഡലെ ജീവനക്കാരിയാണ്. ഇവരുടെ വാഹനത്തിൽ മൊബൈൽ ഫോണും 15000 രൂപയുമുണ്ടായിരുന്നതായി കുന്നത്തുനാട് പൊലീസിനു മൊഴി നല്കിയിട്ടുണ്ട്. സ്ഥിരമായി വീട്ടിലേയ്ക്ക് പോകുന്ന വഴിയാണിത്. ആൾ താമസമില്ലാത്ത സ്ഥലത്താണ് സംഭവം നടന്നത്. റോഡിലൂടെ നടന്ന് വന്ന രണ്ടു പേർ വാഹനം തടഞ്ഞ് തലക്കടിച്ച് വീഴിക്കുകയായിരുന്നു. സമീപത്തെ സി.സി ടിവി ദൃശ്യങ്ങൾ ഉൾപ്പടെ പൊലീസ് പരിശോധിച്ച് വരികയാണ്. പ്രൊഫഷണൽ സംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് പൊലീസ് നിഗമനം.