
കൊണ്ടോട്ടി:കരിപ്പൂർ വിമാനത്താവള ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി തുറക്കൽ സ്വദേശികളായ ഫായിസ് ഫവാസ് (26), മുഹമ്മദ് ഫായിസ്(25), മുഹമ്മദ് ജസീർ(26),വള്ളുവമ്പ്രം വെള്ളൂർ സ്വദേശി ഷംസാൻ(26)എന്നിവരാണ് പിടിയിലായത്. വിമാനത്താവളത്തിൽ ജോലി ചെയ്യുന്ന മെറയൂർ സ്വദേശി വിഷ്ണുവിനെ നയാബസാറിലെ ഭാര്യവീട്ടിൽ നിന്നു തട്ടിക്കൊണ്ടു പോയി മർദ്ദിച്ച സംഭവത്തിലാണ് അറസ്റ്റ്. കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വർണ്ണക്കടത്ത് സംഘമാണ് സംഭവത്തിനു പിന്നിലെന്ന് വ്യക്തമായിട്ടുണ്ട്. കഴിഞ്ഞ 18ന് എയർപോർട്ടിലെ ബാത്ത്റൂമിൽ പാസഞ്ചർ ഒളിപ്പിച്ച സ്വർണ മിശ്രിതം സ്വർണക്കടത്ത് സംഘത്തിന്റെ നിർദ്ദേശപ്രകാരം പരാതിക്കാരൻ എടുത്ത് തന്റെ ബാഗിൽ വയ്ക്കുകയും തുടർന്ന് ഇയാളുടെ ബാഗിൽ നിന്നു ആരോ ആ സ്വർണം കളവ് ചെയ്യുകയുമായിരുന്നു. തുടർന്ന് സ്വർണക്കടത്ത് സംഘം ഇയാളെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ഇറക്കിവിട്ടു. ഇയാളെ തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച കാറും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാളുടെ പക്കൽ നിന്നു നഷ്ടപ്പെട്ട സ്വർണം കണ്ടെത്താനുള്ള അന്വേഷണവും ഊർജിതമാക്കിയിട്ടുണ്ട്. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കരിപ്പൂർ ഇൻസ്പക്ടർ ഷിബുവിന്റെ നേതൃത്വത്തിൽ ജില്ലാ ആന്റി നർക്കോട്ടിക്ക് സ്ക്വാഡ് അംഗങ്ങളായ അബ്ദുൾ അസീസ്, സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണൻ മാരാത്ത്, പി. സഞ്ജീവ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.