
ബർലിൻ: ജർമനിയിൽ ലോക്ക്ഡൗണിനെതിരെ പ്രതിഷേധം. കാസൽ നഗരത്തിൽ ഓൺലൈൻ സംഘടനകളുടെ നേതൃത്വത്തിൽ ആയിരക്കണക്കിന് ജനങ്ങൾ പ്ലക്കാർഡുകളും മുദ്രാവാക്യവുമായി തടിച്ചുകൂടി. പ്രതിഷേധക്കാർ ബോട്ടിലുകൾ വലിച്ചെറിഞ്ഞതായും ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ചതായും പൊലീസ് ട്വീറ്റ് ചെയ്തു. കൊവിഡ് നിർദ്ദേശങ്ങൾ ലംഘിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. 'നിർബന്ധിത വാക്സിനേഷൻ പാടില്ല', 'ജനാധിപത്യ സെൻസർഷിപ്പ് അനുവദിക്കുന്നില്ല' തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു പ്രതിഷേധം. അതേസമയം, കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന അഭിപ്രായവുമായി മറ്റൊരു വിഭാഗവും തെരുവിലിറങ്ങി. മാസ്ക് ധരിച്ചും വാക്സിൻ സ്വീകരിച്ചുവെന്ന പ്ലക്കാർഡുകൾ ഉയർത്തിയുമായിരുന്നു പ്രതിഷേധം. ജർമനിയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ട് നാലുമാസമായി. മന്ദഗതിയിലാണ് ജർമനിയിലെ വാക്സിനേഷൻ പ്രക്രിയ. രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ അടുത്ത ഘട്ട ലോക്ക്ഡൗൺ പ്രഖ്യാപനത്തെക്കുറിച്ച് സർക്കാർ അഭിപ്രായം ആരാഞ്ഞിരുന്നു. ഇതിനെതിരെയാണ് പ്രതിഷേധം.