
മുംബയ്: മുകേഷ് അംബാനിയുടെ വീടിനടുത്ത് സ്ഫോടക വസ്തുക്കളുമായി കണ്ടെത്തിയ സ്കോർപിയോ കാറിന്റെ ഉടമ മൻസുഖ് ഹിരേനിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന (എ.ടി.എസ്) രണ്ടുപേരെ അറസ്റ്റ് ചെയ്തു. സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്ത പൊലീസ് കോൺസ്റ്റബിൾ വിനായക് ഷിൻഡെ (55) വാതുവയ്പുകാരനായ നരേഷ് ധരേ (31) എന്നിവർക്കെതിരെയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ഇരുവരെയും ഇന്നലെ എ.ടി.എസ് ആസ്ഥാനത്തെത്തിച്ച് മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. കേസിൽ സച്ചിൻ വാസെയെയാണ് എ.ടി.എസ് മുഖ്യപ്രതിയാക്കിയിരിക്കുന്നതെന്നാണ് വിവരം.
2006ലെ ലഖൻ ഭയ്യ വ്യാജ ഏറ്റുമുട്ടൽ കേസിൽ പ്രതിയാണ് വിനായക് ഷിൻഡെ. 2013ൽ ഈ കേസിൽ ശിക്ഷിക്കപ്പെട്ട വിനായക് നിലവിൽ പരോളിലായിരുന്നു.
ഹിരേൻ കൊലക്കേസ് കേന്ദ്രസർക്കാർ എൻ.ഐ.എയ്ക്ക് കൈമാറിയതിന് തൊട്ടുപിന്നാലെയാണ് അറസ്റ്റ്. അന്വേഷണം എൻ.ഐ.എയ്ക്ക് കൈമാറിയതായി സർക്കാർ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് എ.ടി.എസ് ഉദ്യോഗസ്ഥർ പറഞ്ഞു. അറസ്റ്റിലായവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. മുകേഷ് അംബാനിയുടെ വസതിക്ക് സമീപം സ്‌ഫോടകവസ്തുക്കൾ കണ്ടെത്തിയ സംഭവത്തിന്റെ അന്വേഷണം നേരത്തേ തന്നെ എൻ.ഐ.എയ്ക്ക് കൈമാറിയിരുന്നു.
കാറിന്റെ ഇന്റീരിയർ ജോലികൾ ചെയ്യുന്ന ഹിരേനുമായി സച്ചിൻ വാസേക്ക് അടുപ്പമുണ്ടായിരുന്നെന്ന് ഹിരേന്റെ ഭാര്യ എ.ടി.എസിന് മൊഴി നൽകിയിരുന്നു. ഈ അടുപ്പം ഉപയോഗിച്ചാണ് സച്ചിൻ വാസെ, സ്ഫോടകവസ്തു വച്ച സ്കോർപിയോ കാർ കുറച്ചു കാലം ഉപയോഗിച്ചത്.
ഫെബ്രുവരി 17ന് വാസേയുടെ ബെൻസ് കാറിൽ വച്ച് ഇരുവരും പത്തുമിനിറ്റോളം സംസാരിച്ചതിന്റെ വീഡിയോ ദൃശ്യവും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അന്നേദിവസം തന്റെ വാഹനം മോഷണം പോയെന്നാണ് ഹിരേൻ മൊഴി നല്കിയത്. ശേഷം ഫെബ്രുവരി 25ന് ഈ വാഹനം സ്‌ഫോടകവസ്തുക്കൾ സഹിതം അംബാനിയുടെ വസതിക്ക് മുന്നിൽ കണ്ടെത്തുകയായിരുന്നു.
ഈ സംഭവത്തിൽ അറസ്റ്റു ഭയന്ന ഹിരേൻ പൊലീസ് പീഡിപ്പിക്കുന്നെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെ കാണാനെന്ന് പറഞ്ഞ് മാർച്ച് നാലിന് വീട്ടിൽനിന്ന് ഇറങ്ങിയ ഹിരേനിന്റെ മൃതദേഹം അടുത്തദിവസം കടലിടുക്കിൽ കണ്ടെത്തുകയായിരുന്നു.
മഹാരാഷ്ട്ര ആഭ്യന്തരമന്ത്രിക്കെതിരായ ആരോപണം:
പ്രത്യേക അന്വേഷണം വേണമെന്ന് ശരദ് പവാർ
മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിനെതിരെ മുംബയ് മുൻ പൊലീസ് കമ്മിഷണർ പരംബീർ ഉന്നയിച്ച അഴിമതി ആരോപണത്തിൽ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് എൻ.സി.പി അദ്ധ്യക്ഷൻ ശരദ് പവാർ.
മുംബയ് പൊലീസ് തലവനായിരുന്ന ജൂലിയോ റിബെയ്റോ കേസ് അന്വേഷിക്കണമെന്നാണ് പവാറിന്റെ നിർദ്ദേശം. റിബെയ്റോ അന്വേഷിച്ചാൽ കേസിൽ സുതാര്യമായ അന്വേഷണം നടക്കുമെന്നും ബാഹ്യ ഇടപെടലുകൾ ഉണ്ടാകുകയില്ലെന്നും അദ്ദേഹം പറഞ്ഞു.
മുംബയ് പൊലീസിന്റെ മുൻ തലവനായിരുന്ന റിബെയ്റോ, പഞ്ചാബ്, ഗുജറാത്ത് പൊലീസ് സേനകളുടെ മേധാവിയായിരുന്നു. റൊമാനിയയിലെ ഇന്ത്യൻ അംബാസഡറായും പേരെടുത്തു. 91 വയസുള്ള അദ്ദേഹത്തെ പദ്മഭൂഷൺ നല്കി രാജ്യം ആദരിച്ചിരുന്നു.
അംബാനി ഭീഷണി കേസിൽ അറസ്റ്റിലായ മുൻ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ സച്ചിൻ വാസെയോട് പ്രതിമാസം 100 കോടി രൂപ വസൂലാക്കി നൽകാൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് ആവശ്യപ്പെട്ടെന്നായിരുന്നു പരംവീർ സിംഗിന്റെ വെളിപ്പെടുത്തൽ.
മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് അയച്ച കത്തിലായിരുന്നു ആരോപണം.
'ഫെബ്രുവരിയിൽ മന്ത്രി അനിൽ ദേശ്മുഖ്, സച്ചിൻ വാസെയെ വീട്ടിലേക്ക് വിളിപ്പിച്ച് ഹോട്ടൽ, ബാർ റസ്റ്റോറന്റുകൾ, ഹുക്ക പാർലറുകൾ എന്നിവരിൽ നിന്ന് പ്രതിമാസം 100 കോടി രൂപ വസൂലാക്കി നൽകാൻ ആവശ്യപ്പെട്ടു. 1750 ഓളം ബാർ റസ്റ്റോറന്റുകൾ നഗരത്തിലുണ്ടെന്നും രണ്ട് - മൂന്നുലക്ഷം വീതം വസൂലാക്കിയാൽ 50 കോടിയോളം കിട്ടുമെന്നും' മന്ത്രി പറഞ്ഞതായി കത്തിൽ ആരോപിക്കുന്നു.
എന്നാൽ, അംബാനി ഭീഷണി കേസിൽ സച്ചിൻ വാസെ അറസ്റ്റിലായതോടെ താനും കുടുങ്ങുമെന്നു കണ്ട പരംവീർ സിംഗ് സ്വയരക്ഷയ്ക്കായി ആരോപണമുന്നയിക്കുകയാണെന്ന് ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് പ്രതികരിച്ചു. വിഷയത്തിൽ അനിൽ ദേശ്മുഖിന്റെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി രംഗത്തെത്തി. സച്ചിന് പിന്നിൽ പ്രമുഖ നേതാവുണ്ടെന്ന് ബി.ജെ.പി തുടക്കം മുതൽ ആരോപിച്ചിരുന്നു.