narendra-modi

ദിസ്പൂർ: കേരളത്തിലടക്കം കോൺഗ്രസിന് ദയനീയ പരാജയമുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അധികാരക്കൊതി മൂലം തോന്നുന്ന പോലെ സഖ്യത്തിൽ ഏർപ്പെടുന്ന കോൺഗ്രസിന് കേരളത്തിലടക്കം തിരിച്ചടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. അസമിലെ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

കോൺഗ്രസ് എന്നാൽ സംഭ്രമത്തിന്റെ ഉറപ്പാണ്. കേരളത്തിൽ ഇടതുപക്ഷത്തെ തെറിപറയുന്നു. പശ്ചിമ ബംഗാളിൽ ഇടതിനെ കെട്ടിപ്പിടിക്കുന്നു. സ്വയം മതനിരപേക്ഷരെന്ന് വിളിക്കുന്നു. പക്ഷേ അസമിലും പശ്ചിമബംഗാളിലും, കേരളത്തിലും മതത്തിന്റെ അടിസ്ഥാനത്തിലുളള കക്ഷികളുമായി കൂട്ടുകൂടുന്നു എന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

അസമിനെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കാൻ കോൺഗ്രസിന് വീക്ഷണമോ ആശയസംഹിതയോ ഇല്ല. സംസ്ഥാനത്തിന്റെ സംസ്‌കാരം, പാരമ്പര്യങ്ങൾ, ഭാഷകൾ, ഉത്സവങ്ങൾ എന്നിവ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന കാര്യമാണെന്നും എൻ.ഡി.എ സർക്കാർ അസമിൽ സമാധാനവും സുസ്ഥിരതയും ഉറപ്പാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അസമിലും ഡൽഹിയിലും കോൺഗ്രസ് അധികാരത്തിലിരുന്ന ആ ദിവസങ്ങൾ ആർക്കാണ് മറക്കാൻ കഴിയുക? അവഗണന ഇരട്ടിയായിരുന്നു, അഴിമതി ഇരട്ടിയായിരുന്നു, അനധികൃത കുടിയേറ്റക്കാർ ഇരട്ടിയായിരുന്നു. ഇപ്പോൾ ഇരട്ട എഞ്ചിൻ അസമിനെ മുന്നോട്ട് നയിക്കുകയാണ്. കോൺഗ്രസെന്നാൽ നുണകൾ, ആശയക്കുഴപ്പം, അസ്ഥിരത, ആക്രമം എന്നാണെന്നും അധികാര കസേരയും തങ്ങളുടെ ഒഴിഞ്ഞ ഭണ്ഡാരം നിറയ്ക്കുകയും മാത്രമാണ് അവർക്ക് വേണ്ടതെന്നും പ്രധാനമന്ത്രി ആരോപിച്ചു.