gokulam

ഐ - ലീഗിൽ ഗോകുലം കേരള 2-1ന് മൊഹമ്മദൻസിനെ കീഴടക്കി

അവസാന മത്സരത്തിൽ ട്രാവു എഫ്.സിയെ തോൽപ്പിച്ചാൽ കിരീടം

കൊൽക്കത്ത : ചരിത്രത്തിലാദ്യമായി കേരളത്തിലേക്ക് ഐ-ലീഗ് ഫുട്ബാൾ കിരീടം എത്തിക്കുക എന്ന സുവർണസ്വപ്നം സഫലമാകാൻ ഗോകുലം കേരള എഫ്.സിക്ക് വേണ്ടത് ഒരൊറ്റ ജയം കൂടി മാത്രം. ഇന്നലെ നടന്ന നിർണായക മത്സരത്തിൽ ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് മൊഹമ്മദൻസിനെ കീഴടക്കിയ ഗോകുലം പോയിന്റ് പട്ടികയിൽ ഒന്നാമതേക്ക് എത്തി. ഇനി അവസാന മത്സരത്തിൽ ട്രാവു എഫ്.സിയെക്കൂടി തോൽപ്പിച്ചാൽ കന്നിക്കിരീടം ഉറപ്പാകും.

മിന്നുന്ന ഫോമിലുള്ള ആന്റ്‌വിയുടെ ഇരട്ട ഗോളുകളാണ് ഗോകുലത്തിന് വിജയം സമ്മാനിച്ചത്. അറ്റാക്ക് ചെയ്തു തന്നെ തുടങ്ങിയ ഗോകുലം കേരള 19-ാം മിനിട്ടിൽ ലീഡ് എടുത്തു. തനിക്ക് ലഭിച്ച ഹൈക്രോസ് നെഞ്ചു കൊണ്ട് നിയന്ത്രിച്ചശേഷം മനോഹരമായ വോളിയിലൂടെ ആന്റ്‌വി വലയിലെത്തിക്കുകയായിരുന്നു. 33-ാം മിനിട്ടിൽ വീണ്ടും ആന്റ്‌വിയുടെ ഗോൾ വന്നു. ടൈറ്റ് ആംഗിളിൽ നിന്നായിരുന്നു ആന്റ്‌വിയുടെ ഫിനിഷിംഗ്. 84-ാം മിനിട്ട് വരെ നീണ്ടു നിന്നു. ഒരു ഫ്രീകിക്കിൽ നിന്ന് ഹെഡറിലൂടെ സുജിത് സദു ആണ് ഗോൾ നേടിയത്‌.

മൂവർക്കും 26

ഇന്നലെ ഉച്ചയ്ക്ക് നടന്ന മത്സരത്തിൽ ട്രാവുവും ചർച്ചിൽ ബ്രദേഴ്സും 1-1ന് സമനിലയിൽ പിരിഞ്ഞതാണ് ഗോകുലത്തിന് ഒന്നാം സ്ഥാനത്തേക്കുള്ള വഴി തെളിച്ചത്. ഗോകുലത്തിനും ചർച്ചിലിനും ട്രാവുവിനും 26 പോയിന്റ് വീതവുമാണ് ഇപ്പോൾ ഉള്ളത്. അവസാന മത്സരത്തിൽ ഗോകുലം കേരളയും ട്രാവുവുമാണ് ഏറ്റുമുട്ടേണ്ടത്. ചർച്ചിൽ അവസാന മത്സരത്തിൽ പഞ്ചാബ് എഫ് സിയെ ആണ് നേരിടേണ്ടത്.

സാദ്ധ്യത ഇങ്ങനെ

പോയിന്റിൽ മാത്രമല്ല ഗോൾ മാർജിനിലും ഗോകുലവും ട്രാവുവും തുല്യ നിലയിലാണ്. ചർച്ചിൽ അഞ്ചിലേറെ ഗോളുകൾക്ക് വിജയിച്ചാൽ മാത്രമേ കിരീടപ്രതീക്ഷയുള്ളൂ.

ട്രാവുവിനെ തോൽപ്പിച്ചാൽ ഗോകുലത്തിന് കിരീടം,ട്രാവു ജയിച്ചാൽ അവർക്ക് കിരീടം.

ഗോകുലം- ട്രാവു പോരാട്ടം സമനിലയിലാവുകയും ചർച്ചിൽ ജയിക്കുകയും ചെയ്താൽ മാത്രം ചർച്ചിലിന് കിരീടം

പോയിന്റ് പട്ടിക

(ടീം ,കളി,ജയം,സമനില,തോൽവി,ഗോൾമാർജിൻ, പോയിന്റ് എന്ന ക്രമത്തിൽ )

ഗോകുലം കേരള 14-8-2-4-11-26

ട്രാവു എഫ്.സി 14-7-5-2-11-26

ചർച്ചിൽ ബ്രദേഴ്സ് 14-7-5-2-4-26