
ഏപ്രിൽ - ഫെബ്രുവരിയിൽ ഇറക്കുമതി $2,611 കോടിയായി കുറഞ്ഞു
കൊച്ചി: നടപ്പു സാമ്പത്തിക വർഷം (2020-21) ഏപ്രിൽ-ഫെബ്രുവരിയിൽ ഇന്ത്യയിലേക്കുള്ള സ്വർണം ഇറക്കുമതി 2,611 കോടി ഡോളറായി ഇടിഞ്ഞു. 2019-20ലെ സമാനകാലത്ത് 2,700 കോടി ഡോളറിന്റേതായിരുന്നു ഇറക്കുമതിയെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട് സൂചിപ്പിച്ചു; ഇക്കുറി ഇടിവ് 3.3 ശതമാനമാണ്. വെള്ളി ഇറക്കുമതി 70.3 ശതമാനം കുറഞ്ഞ് 78.07 കോടി ഡോളറിലെത്തി.
കൊവിഡ് കാലത്ത് ഓഹരി, കടപ്പത്ര വിപണികൾ തളർന്നപ്പോൾ സുരക്ഷിത നിക്ഷേപമെന്ന പെരുമനേടിയ സ്വർണത്തിലേക്ക് വൻതോതിൽ നിക്ഷേപം ഒഴുകിയിരുന്നു. ഇത്, ആഗോള, രാജ്യാന്തര വിലയെ പുതിയ ഉയരത്തിലെത്തിച്ചതാണ് ഇറക്കുമതിയെ ബാധിച്ചത്. കഴിഞ്ഞ ഏപ്രിലിൽ ഔൺസിന് 1,478 ഡോളറായിരുന്ന രാജ്യാന്തരവില ആഗസ്‌റ്റിൽ കുതിച്ചുകയറിയത് 2,070 ഡോളറിലേക്കാണ്. ഇന്ത്യയിൽ ബുള്ള്യൻ വില (പത്തുഗ്രാം) ആദ്യമായി 50,000 രൂപയും കടന്നു.
കേരളത്തിൽ പവൻവില ആഗസ്‌റ്റിൽ 42,000 രൂപയും ഗ്രാം വില 5,250 രൂപയുമായിരുന്നു. എക്കാലത്തെയും ഉയർന്ന വിലയാണിത്. കൊവിഡിൽ ഗോൾഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലേക്കാണ് (ഗോൾഡ് ഇ.ടി.എഫ്) പണം വൻതോതിൽ ഒഴുകിയത്. ലോക്ക്ഡൗൺ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളും വിലക്കയറ്റവും മൂലം റീട്ടെയിൽ ഡിമാൻഡ് നിർജീവമായിരുന്നു. അതേസമയം, സ്വർണം ഇറക്കുമതിയിടിവ് ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി മെച്ചപ്പെടാൻ സഹായിച്ചത് സർക്കാരിന് ആശ്വാസമായി. രാജ്യത്തേക്കുള്ള വിദേശ നാണയ വരുമാനവും ചെലവും തമ്മിലെ അന്തരമാണ് കറന്റ് അക്കൗണ്ട് കമ്മി. നടപ്പുവർഷത്തെ ആദ്യ പതിനൊന്ന് മാസക്കാലത്ത് ഇത് 15,137 കോടി ഡോളറിൽ നിന്ന് 8,462 കോടി ഡോളറായാണ് താഴ്‌ന്നത്.
900 ടൺ
സ്വർണ ഇറക്കുമതിയിൽ ലോകത്ത് ഒന്നാംസ്ഥാനവും ഉപഭോഗത്തിൽ ചൈനയ്ക്ക് പിന്നിലായി രണ്ടാംസ്ഥാനവുമാണ് ഇന്ത്യയ്ക്ക്. പ്രതിവർഷം ശരാശരി 800-900 ടണ്ണാണ് ഇന്ത്യയുടെ ഇറക്കുമതി.
7.5%
കഴിഞ്ഞ ബഡ്‌ജറ്റിൽ സ്വർണം ഇറക്കുമതി തീരുവ കേന്ദ്രം 12.5 ശതമാനത്തിൽ നിന്ന് 7.5 ശതമാനമായി കുറച്ചിരുന്നു. എന്നാൽ കാർഷിക, അടിസ്ഥാനസൗകര്യ, വികസന സെസായി 2.5 ശതമാനം കൂടി ഏർപ്പെടുത്തിയതിനാൽ നിലവിൽ തീരുവ 10 ശതമാനമാണ്.
കരകയറ്റം കാണാം
റെക്കാഡ് ഉയരത്തിൽ നിന്ന് വില താഴേക്കിറങ്ങുകയും ഇറക്കുമതി തീരുവയിളവ് കിട്ടുകയും ചെയ്‌തതോടെ ഫെബ്രുവരിയിൽ സ്വർണം ഇറക്കുമതി 236 കോടി ഡോളറിൽ നിന്ന് 530 കോടി ഡോളറായി വർദ്ധിച്ചിട്ടുണ്ട്.
33.86%
ഇന്ത്യയിൽ നിന്നുള്ള ജെം ആൻഡ് ജുവലറി കയറ്റുമതി ഏപ്രിൽ-ഫെബ്രുവരിയിൽ 33.86 ശതമാനം കുറഞ്ഞ് 2,240 കോടി ഡോളറിലെത്തി.