
തിരുവനന്തപുരം: ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന എൽ.ഡി.എഫ് പ്രകടനപത്രികയെ പരിഹസിച്ച് ട്രോളൻമാർ. അഞ്ച് വർഷത്തിനിടെ പി.എസ്.സി വഴി 95196 പേർക്ക് മാത്രമാണ് നിയമനം നൽകിയതെന്ന മാദ്ധ്യമ വാർത്തകൾ ചൂണ്ടിക്കാട്ടിയാണ് പ്രകടന പത്രികയ്‌ക്കെതിരെ ഒരു കൂട്ടർ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ രംഗത്തെത്തിയത്.
പി.എസ്.സി മുഖേന എൽ.ഡി.എഫ് സർക്കാർ ഒന്നരലക്ഷം പേർക്ക് നിയമനം നൽകിയെന്ന പ്രചാരണം തെറ്റാണെന്ന ആക്ഷേപവുമായി ഒരു പ്രമുഖപത്രം രംഗത്തെത്തിയിരുന്നു. അഞ്ച് വർഷം കൊണ്ട് 151513 പേർക്ക് നിയമന ശുപാർശ നൽകിയെന്നായിരുന്നു മുഖ്യമന്ത്രി അവകാശപ്പെട്ടത്. എന്നാൽ വിവരാവകാശ രേഖപ്രകാരം 95196 പേർക്ക് മാത്രമാണ് നിയമനം ലഭിച്ചതെന്നായിരുന്നു പത്രത്തിന്റെ കണ്ടെത്തൽ. പിന്നാലെ ഈ വാർത്ത തെറ്റാണെന്ന അവകാശവാദവുമായി സി.പി.എം രംഗത്തെത്തി.
അഞ്ച് വർഷം കൊണ്ട് വെറും 95196 പേർക്ക് മാത്രം ആണ് നിയമനം നൽകിയവരാണ് ഇനി ഭരണം കിട്ടിയാൽ 20 ലക്ഷം പേർക്ക് ജോലി നൽകുമെന്ന് പറയുന്നത് എന്ന ആക്ഷേപമാണ് പലരും സാമൂഹിക മാദ്ധ്യമങ്ങളിൽ ഉന്നയിച്ചിരിക്കുന്നത്. ഇനി ഈ കണക്കുകൾ തെറ്റെന്ന് കരുതിയാൽ തന്നെ ഒന്നരലക്ഷം പേർക്ക് മാത്രം നിയമനം നൽകിയ സർക്കാരാണ് തുടർഭരണം കിട്ടിയാൽ ലക്ഷക്കണക്കിന് തൊഴിലവസരം സൃഷ്ടിക്കുമെന്ന് പറയുന്നതെന്നും ചിലർ പരിഹസിക്കുന്നു.
തൊഴിൽ ഉറപ്പുവരുത്തുന്നതിൽ ഊന്നൽ നൽകിയുളളത് കൂടിയാണ് എൽ.ഡി.എഫ് പ്രകടനപത്രിക. അഭ്യസ്തവിദ്യരായ യുവാക്കൾക്ക് ഡിജിറ്റൽപ്ലാറ്റ്‌ഫോമിൽ 20 ലക്ഷം പേർക്ക് തൊഴിൽ നൽകുമെന്നാണ് വാഗ്ദാനം. ഇവരുടെ സാമൂഹ്യസുരക്ഷ സർക്കാർ ഏറ്റെടുക്കുമെന്ന പ്രധാന വാഗ്ദാനവും മുന്നോട്ടുവയ്ക്കുന്നു. കാർഷിക മേഖലയിൽ അഞ്ച് ലക്ഷം പേർക്കും കാർഷികേതര മേഖലയിൽ പത്ത് ലക്ഷം പേർക്കും അനൗപചാരിക മേഖലയിൽ അഞ്ച് ലക്ഷം പേർക്കും തൊഴിൽ സൃഷ്ടിക്കുമെന്നും പ്രകടനപത്രികയിൽ പറയുന്നുണ്ട്.