
തിരുവനന്തപുരം: ഡിജിറ്റൽവത്കരണത്തിന്റെ ആധുനിക കാലത്ത് നഗരസഭയുടെ സ്വത്ത് വിവരങ്ങൾ ഡിജിറ്റലാകുന്നു. ഇതിന്റെ ആദ്യഘട്ട നടപടികൾ പൂർത്തിയായി. നടപടിക്രമങ്ങൾ പൂർത്തിയാകുന്നതോടെ സ്‌മാർട്ട് ഫോണിലൂടെ പരിശോധിക്കാനാവുമെന്നതാണ് മേന്മ. ഊരാളുങ്കൽ ടെക്നോളജി സൊല്യൂഷൻസ് ആണ് നഗരസഭയുടെ സ്വത്ത് വിവരങ്ങൾ സംബന്ധിച്ച ഡിജിറ്റൽ ഡേറ്റാബേസ് തയ്യാറാക്കുന്നത്.
കഴിഞ്ഞയാഴ്ച ഇതു സംബന്ധിച്ച് നഗരസഭയിൽ ഊരാളുങ്കൽ ഒരു പ്രസേന്റേഷൻ നടത്തിയിരുന്നു. 2013ൽ അസറ്റ് മാപ്പിംഗിന്റെ ഭാഗമായി കോർപ്പറേഷൻ ഒരു റോഡ് മാപ്പ് തയ്യാറാക്കിയതാണ്. ഇതിന്റെ തുടർച്ചയായാണ് അസറ്റ് രജിസ്റ്റർ എന്ന തീരുമാനത്തിലേക്ക് എത്തിയത്. ഇതിലൂടെ കോർപ്പറേഷന്റെ കൈവശമുള്ള കെട്ടിടങ്ങളുടെയും ഓഫീസുകളുടെയും എണ്ണം കൃത്യമായി അറിയാനാകും. അതിർത്തി പുനർനിർണയം വന്നപ്പോൾ കോർപ്പറേഷന് എത്ര കെട്ടിടങ്ങൾ ലഭിച്ചു എന്നതും ഇനിമുതൽ അനായാസം അറിയാനാകും. ആരോഗ്യം, റവന്യു, എൻജിനിയറിംഗ് വിഭാഗങ്ങൾ സംയുക്തമായാണ് അസറ്റ് രജിസ്റ്റർ തയ്യാറാക്കുക.
ജി.ഐ.എസ് മാപ്പിംഗ്
നിലവിൽ നഗരസഭയുടെ കൈവശം എൻജിനിയർമാർ ഉപയോഗിക്കുന്ന സ്വത്ത് രജിസ്റ്റർ ഉണ്ടെങ്കിലും അവ ശരിയായ രീതിയിൽ പ്രയോജനപ്പെടുത്താനാകാതെ വന്നതോടെയാണ് ഡിജിറ്റൽ രജിസ്റ്റർ എന്ന ആശയത്തെക്കുറിച്ച് കോർപ്പറേഷൻ ആലോചിച്ചത്. നഗരസഭയുടെ നൂറ് വാർഡുകളിൽ ഉള്ള സ്വത്തുക്കളെ (ഭൂമി അടക്കമുള്ള സ്വത്തുക്കൾ) ജ്യോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്‌റ്റം മാപ്പിംഗിലൂടെയാണ് കണ്ടെത്തുക. മുൻകാലങ്ങളിൽ നഗരസഭയുടെ സ്വത്തുക്കൾ സംബന്ധിച്ച് സർവേ നടത്തിയിട്ടുള്ളതിനാൽ മാപ്പിംഗിന് ഇത് കൂടി ഉപയോഗപ്പെടുത്തുന്നുണ്ട്.
കോർപ്പറേഷന് കീഴിലുള്ള കെട്ടിടങ്ങൾ, പൊതുകിണറുകൾ, ഓഫീസുകൾ, റോഡ് എന്നിവ അടക്കമുള്ള സ്വത്തുവകകളാണ് മാപ്പിംഗിന് വിധേയമാക്കുക. ഊരാളുങ്കലിന്റെ സാങ്കേതിക വിദഗ്ദ്ധരടങ്ങിയ സംഘം തലസ്ഥാന നഗരത്തിന്റെ ഉപഗ്രഹ ചിത്രങ്ങൾ ശേഖരിക്കുകയും അവയെ ഭൂമി, സ്ഥലം, മറ്റ് പ്രത്യേകതകൾ എന്ന രീതിയിൽ പ്രത്യേകം അടയാളപ്പെടുത്തുകയും ചെയ്തു. സ്വത്തുക്കളെ കുറിച്ചുള്ള ആഴത്തിലുള്ള വിവരങ്ങൾ സൂക്ഷിക്കുന്നതിനായി തീം അടിസ്ഥാനമാക്കി വിവിധ തലങ്ങളാക്കുകയും ചെയ്തു.
35 ലക്ഷം രൂപയാണ് പദ്ധതിയ്ക്കായി നഗരസഭ ചെലവിടുക. സംസ്ഥാനത്തെ 25 മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും കൊല്ലം, കണ്ണൂർ കോർപ്പറേഷനുകളിലും ഊരാളുങ്കൽ സമാന പദ്ധതി നടപ്പാക്കിയിരുന്നു. സ്വത്ത് വകകളുടെ വ്യക്തമായ വിവരം ഇല്ലാത്തതിനാൽ തന്നെ നഗരസഭയ്ക്ക് പല പദ്ധതികളും ആവിഷ്കരിച്ച് നടപ്പാക്കുന്നതിന് വലിയതോതിൽ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. അസറ്റ് രജിസ്റ്റർ ഇല്ലാത്തതിനെ തുടർന്ന് തൊട്ടുമുമ്പുണ്ടായിരുന്ന കൗൺസിലിൽ ചർച്ചയ്ക്കിടെ പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറിയിരുന്നു. കോർപ്പറേഷന്റെ ഭൂമി അനധികൃതമായി കൈേയേറുന്ന സംഭവങ്ങൾ വ്യാപകമായി റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്. രജിസ്റ്റർ പൂർണമായി തയ്യാറാകുന്നതോടെ ബഡ്ജറ്റ് അവതരണവും റവന്യൂ പിരിവും കൂടുതൽ ഫലപ്രദമാകുമെന്നാണ് നഗരസഭയുടെ പ്രതീക്ഷ.