potato

 വിലയിടിവ് 50 ശതമാനം

ന്യൂഡൽഹി: റാബി (ശീതകാലക്കൃഷി) വിളവെടുപ്പ് തകൃതിയായതോടെ രാജ്യത്ത് ഉരുളക്കിഴങ്ങ് വില കുത്തനെ ഇടിഞ്ഞു. അടുക്കളയിലെ സ്ഥിരം സാന്നിദ്ധ്യങ്ങളിലൊന്നായ ഉരുളക്കിഴങ്ങിന്റെ റീട്ടെയിൽ, ഹോൾസെയിൽ വിലകളിൽ 50 ശതമാനത്തോളമാണ് കുറവ്. പ്രമുഖ ഉത്പാദക സംസ്ഥാനങ്ങളായ ഉത്തർപ്രദേശ്, പശ്ചിമബംഗാൾ, ഗുജറാത്ത്, ബിഹാർ, പഞ്ചാബ്, കർണാടക, മദ്ധ്യപ്രദേശ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ മൊത്തവില കിലോയ്ക്ക് 5-6 രൂപ മാത്രമാണ്.

മറ്റു സംസ്ഥാനങ്ങളിൽ മൊത്തവില കിലോയ്ക്ക് 10 രൂപ മുതൽ 23 വരെയുണ്ട്. ഉത്പാദക സംസ്ഥാനങ്ങളിൽ ഒരുവർഷം മുമ്പ് മൊത്തവില കിലോയ്ക്ക് 8-9 രൂപയായിരുന്നുവെന്ന് കേന്ദ്ര ഭക്ഷ്യസംസ്‌കരണ മന്ത്രാലയത്തിന്റെ കണക്ക് വ്യക്തമാക്കി. ഡൽഹിയിലും പഞ്ചാബിലെ അമൃത്സറിലും മൊത്തവില കിലോയ്ക്ക് ഇപ്പോൾ ആറു രൂപയാണ്. ചെന്നൈയിൽ വില 17 രൂപ. കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം റീട്ടെയിൽ വിലയുള്ളത് 10 രൂപ മുതലാണ്. ഡൽഹിയിൽ കിലോയ്ക്ക് 15 രൂപയാണ് വില. കഴിഞ്ഞവർഷം ഇതേകാലത്ത് വില 30 രൂപയായിരുന്നു.

2020-21ലെ റാബി സീസണായ ജൂലായ്-ജൂണിലെ വിളവെടുപ്പാണ് ഇപ്പോൾ നടക്കുന്നത്. ഇന്ത്യയിലെ മൊത്തം ഉരുളക്കിഴങ്ങ് ഉത്പാദനത്തിന്റെ 80-90 ശതമാനവും റാബി സീസണിലാണ്. ശരാശരി മൂന്നരക്കോടി ടൺ ഉരുളക്കിഴങ്ങാണ് പ്രതിവർഷം ഇന്ത്യക്കാർ കഴിക്കുന്നത്. ലോകത്തെ മൂന്നാമത്തെ വലിയ ഉരുളക്കിഴങ്ങ് ഉത്പാദക രാജ്യമായ ഇന്ത്യയിൽ പ്രതിവർഷ ഉത്പാദനം അഞ്ചുകോടി ടണ്ണാണ്.