manjeswaram

തിരുവനന്തപുരം: മഞ്ചേശ്വരത്ത് ബി.ജെ.പി മുന്നേറ്റത്തിന് സാദ്ധ്യത പ്രവചിച്ച് മനോരമ ന്യൂസ്-വി.എം.ആർ അഭിപ്രായ സർവേ ഫലം. സർവേ പ്രകാരം മണ്ഡലത്തിൽ എൻ.ഡി.എ വിജയം ഉറപ്പിക്കുന്നുവെന്ന സാദ്ധ്യതയാണ് തെളിഞ്ഞത്. മഞ്ചേശ്വരത്ത് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനാണ് എൻ.ഡി.എ സ്ഥാനാർത്ഥി.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് സമയത്ത് ബി.ജെ.പി ഏറെ പ്രതീക്ഷ വച്ചുപുലർത്തിയ മണ്ഡലമായിരുന്നു മഞ്ചേശ്വരം. അന്ന് വെറും 89 വോട്ടുകൾക്ക് ആയിരുന്നു സുരേന്ദ്രൻ പരാജയപ്പെട്ടത്. മുസ്ലിം ലീഗിന്റെ പി.ബി. അബ്ദുൾ റസാഖ് ഇവിടെ 56870 വോട്ടുകൾ നേടിയാണ് വിജയിച്ചത്. സുരേന്ദ്രൻ 56781 വോട്ടുകൾ നേടി.

സുരേന്ദ്രന്റെ അപരനായി എത്തിയ കെ. സുന്ദര മഞ്ചേശ്വരത്ത് 2016ൽ 467 വോട്ടുകൾ നേടിരുന്നു. ഇത്തവണ സുന്ദര ബി.എസ്.പി സ്ഥാനാർഥിയായി നോമിനേഷൻ നൽകിയിരുന്നെങ്കിലും അദ്ദേഹം കെ സുരേന്ദ്രന് വേണ്ടി നോമിനേഷൻ പിൻവലിച്ച് എൻ.ഡി.എയുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചിരുന്നു. യക്ഷഗാന കലാകാരൻ കൂടിയായ അദ്ദേഹം, ശബരിമല ആചാരങ്ങൾ സംരക്ഷിക്കാൻ വേണ്ടി ധീരോദാത്തമായ സമരം നയിച്ച സുരേന്ദ്രന് ഒരു പ്രതിബന്ധമാവാൻ ആഗ്രഹിക്കുന്നില്ലെന്ന തീരുമാനത്തെ തുടർന്ന് പത്രിക പിൻവലിക്കുകയായിരുന്നു.