port

കൊച്ചി: കൊവിഡിൽ ആഗോള വ്യാപാര-വാണിജ്യമേഖലയുടെ താളംതെറ്റിയതോടെ തുടർച്ചയായ പതിനൊന്നാം മാസവും ചരക്കുനീക്കത്തിൽ നഷ്‌ടമെഴുതി ഇന്ത്യയിലെ മേജർ തുറമുഖങ്ങൾ. കൊച്ചിയുൾപ്പെടെ 12 മേജർ തുഖമുഖങ്ങളാണ് രാജ്യത്തുള്ളത്. ഇവയെല്ലാം കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുമാണ്. 6.61 ശതമാനം ഇടിവുമായി 600.62 മില്യൺ ടൺ ചരക്കാണ് ഇവ സംയുക്തമായി നടപ്പുവർഷം ഏപ്രിൽ-ഫെബ്രുവരിയിൽ കൈകാര്യം ചെയ്‌തതെന്ന് ഇന്ത്യൻ പോർ‌ട്ട്‌സ് അസോസിയേഷന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടി.

2019-20ലെ സമാനകാലത്ത് കൈകാര്യം ചെയ്‌തത് 643.10 മില്യൺ ടണ്ണായിരുന്നു. പാരദ്വീപ്, മർമുഗാവ് എന്നിവയൊഴികെ പത്തു തുറമുഖങ്ങളും നഷ്‌ടം നേരിട്ടു. മർമുഗാവ് 30.93 ശതമാനവും പാരദ്വീപ് 0.27 ശതമാനവും വളർച്ച കുറിച്ചു. കാമരാജർ തുറമുഖം (എന്നോർ, തമിഴ്നാട്) - 23.29 ശതമാനം, മുംബയ് - 12 ശതമാനം, വി.ഒ ചിദംബർനാർ - 12 ശതമാനം, കൊച്ചി - 10 ശതമാനം, ചെന്നൈ - 10 ശതമാനം, ജവഹർലാൽ നെഹ്‌റു തുറമുഖം - 8.06 ശതമാനം, ദീൻദയാൽ പോർട്ട് - 6 ശതമാനം, കൊൽക്കത്ത - 6 ശതമാനം, ന്യൂ മാംഗ്ളൂർ - 5.30 ശതമാനം, വിശാഖപട്ടണം - 4.87 ശതമാനം എന്നിങ്ങനെയാണ് മറ്റുള്ളവയുടെ നഷ്‌ടം.

ഇന്ത്യയിൽ നിന്നുള്ള മൊത്തം ചരക്കുനീക്കത്തിന്റെ 61 ശതമാനവും കൈകാര്യം ചെയ്യുന്നത് 12 പൊതുമേഖലാ തുറമുഖങ്ങളും ചേർന്നാണ്. കഴിഞ്ഞ സാമ്പത്തികവർഷം ഇവ സംയുക്തമായി 705 മില്യൺ ടൺ ചരക്കുനീക്കം നടത്തിയിരുന്നു.