
ദുബായ് : ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ നറുക്കെടുപ്പിലെ ഏഴുകോടി അനുഗ്രഹമാകുന്നത് 25 കുടുംബങ്ങൾക്ക്. അൽഖൂസ് സ്‌കൂൾ ട്രാൻസ്‌പോർട് കമ്പനിയിലെ മലയാളികളടക്കമുള്ള 25 ജീവനക്കാർ ചേർന്നെടുത്ത ടിക്കറ്റിനാണ് ഏഴ് കോടിയിലേറെ രൂപ (10 ലക്ഷം യു.എസ് ഡോളർ) സമ്മാനമടിച്ചത്. മലയാളിയായ രാഹുൽ കോവിത്തല താഴേവീട്ടിലിന്റെ പേരിലാണ് ഇവർ ടിക്കറ്റെടുത്തത്.
കഴിഞ്ഞ 12 വർഷമായി ദുബായിൽ ജോലി ചെയ്യുന്ന രാഹുൽ സ്‌കൂൾ ട്രാൻസ്‌പോർട് കമ്പനിയിൽ ഫിനാൻസ് ഓഫീസറാണ്. കഴിഞ്ഞ നാല് വർഷമായി ഇവർ ചേർന്ന് ടിക്കറ്റെടുത്ത് വരികയായിരുന്നു. ഇവരിൽ കൂടുതൽ പേരും ബസ് ഡ്രൈവർമാരാണ്. 1999ൽ ആരംഭിച്ച ശേഷം ഈ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം നേടുന്ന 178ാമത്തെ ഇന്ത്യക്കാരാണ് രാഹുലും സംഘവും.
ഫെബ്രുവരി 25ന് ഓൺലൈനിലൂടെയാണ് രാഹുൽ ടിക്കറ്റെടുത്തത്. 1000 ദിർഹം വിലയുള്ള ടിക്കറ്റിനായി ഇദ്ദേഹം 100 ദിർഹം ചെലവഴിച്ചപ്പോൾ ബാക്കി 900 ദിർഹം 24 പേർ ചേർന്ന് നൽകി. ഏറെ കാലമായി കാത്തിരുന്ന സമ്മാനമാണിത്. പക്ഷേ, തുക എന്ത് ചെയ്യണമെന്ന് ഇതുവരെ തീരുമാനിച്ചില്ലെന്ന് രാഹുൽ പറഞ്ഞു. സമ്മാനം നേടിയ സംഘത്തിലൊരാളായ ടി.ജി. സജീവ് കുമാറും മലയാളിയാണ്.