kushaq

കൊച്ചി: ഇന്ത്യൻ വാഹന വിപണിയിൽ അനുദിനം സ്വീകാര്യത വർദ്ധിപ്പിക്കുന്നതും ഏറ്റവുമധികം വളർച്ചയുള്ളതുമായ ശ്രേണിയാണ് സ്‌പോർ‌ട്സ് യൂട്ടിലിറ്റി വിഭാഗം അഥവാ എസ്.യു.വി. മിക്ക വാഹന നിർമ്മാതാക്കളും പുത്തൻ എസ്.യു.വികൾ കളത്തിലിറക്കി വിപണി പിടിക്കാൻ ശ്രമിക്കുന്നതിന് പിന്നിലെ കാരണവും വേറെയല്ല. പോരിന് കൊഴുപ്പുകൂട്ടി സ്‌കോഡയും പുത്തൻ മോഡൽ പുറത്തിറക്കിയിരിക്കുകയാണ് - സ്‌കോഡ കുഷാഖ്.

ഇന്ത്യക്കാരുടെ സ്വന്തം സംസ്കൃതത്തിൽ നിന്നാണ് ചെക്ക് റിപ്പബ്ളിക് കമ്പനിയായ സ്‌കോഡ, 'കുഷാഖ്" എന്ന പേര് കടമെടുത്തത്. മഹാരാജാവ്, ചക്രവർത്തി എന്നൊക്കെയാണ് കുഷാഖിന് അർത്ഥം. പേരുസൂചിപ്പിക്കുംപോലെ ആവനാഴിയിൽ ആയുധങ്ങൾ ഒട്ടേറെ നിറച്ച്, വിപണിവാഴാൻ തന്നെയാണ് ഈ മിഡ്-സൈസ് എസ്.യുവിയുടെ വരവ്. ഇംഗ്ളീഷിലെ 'കെ"യിൽ ആരംഭിച്ച് 'ക്യു"യിൽ അവസാനിക്കുന്നതാണ് കുഷാഖ് എന്ന പേരും. ആഗോളത്തിൽ സ്‌കോഡ പുറത്തിറക്കി വൻവിജയമായ മറ്റു ശ്രദ്ധേയ മോഡലുകൾക്കൊപ്പം നിലകൊള്ളാനാണ് പേര് ഇത്തരത്തിൽ നൽകിയത്. കോഡിയാഖ്, കരോഖ്, കാമിഖ് എന്നീ മോഡലുകളുടെ പേരും ആരംഭിച്ച്, അവസാനിക്കുന്നത് ഇത്തരത്തിലാണ്.

ഇന്ത്യയുടെ കുഷാഖ്

ഇന്ത്യയ്ക്കായി സ്‌കോഡ ഓട്ടോയും ഫോക്‌സ്‌വാഗൺ ഗ്രൂപ്പും ചേർന്ന് ആസൂത്രണം ചെയ്‌ത 'ഇന്ത്യ 2.0 പ്രൊജക്‌ടിന്റെ" ഭാഗമായി, ഇന്ത്യയിൽ നിർമ്മിക്കുന്ന ആദ്യ മോഡലാണ് കുഷാഖ്. 100 കോടി യൂറോയാണ് (ഏകദേശം 8,600 കോടി രൂപ) പ്രൊജക്‌ടിനായി ഇരുകമ്പനികളും ഇന്ത്യയിൽ നിക്ഷേപിക്കുക. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ആകർഷക മോഡലുകൾ അവതരിപ്പിച്ച് സാന്നിദ്ധ്യം കൂടുതൽ ശക്തമാക്കുകയാണ് ഈ ദീർഘകാല നിക്ഷേപപദ്ധതിയുടെ ലക്ഷ്യം. വാഹന നിർമ്മാണത്തിൽ 95 ശതമാനവും പ്രാദേശികവത്കരിക്കാൻ പൂനെ പ്ളാന്റിൽ പുതിയ എം.ക്യു.ബി ഉത്പാദനലൈനും കമ്പനി ആരംഭിച്ചിട്ടുണ്ട്.

എം.ക്യു.ബി-എ.സീറോ-ഇൻ അടിസ്ഥാനമാക്കി എം.ക്യു.ബി പ്ളാറ്റ്‌ഫോമിലാണ് കുഷാഖിന്റെ നിർമ്മാണം. ഇന്ത്യൻ വിപണിക്കായി സ്‌കോഡ പ്രത്യേകം സജ്ജമാക്കിയ പ്ളാറ്റ്‌ഫോമാണിത്. സ്‌കോഡ, ഫോക്‌സ്‌വാഗൺ എന്നിവയുടെ ഓരോ എസ്.യു.വിയും ഹാച്ച്ബാക്കും ഇതേ പ്ളാറ്റ്‌ഫോമിൽ വൈകാതെ പുറത്തിറങ്ങും. ഇന്ത്യൻ നിരത്തുകൾക്ക് ഇണങ്ങുന്നവിധം ഉയർന്ന ഗ്രൗണ്ട് ക്ളിയറൻസ്, വലിയ വീലുകൾ, ആകർഷക ഡിസൈൻ എന്നിവ ചാലിച്ചാണ് കുഷാഖിന്റെ നിർമ്മാണം. ഹെഡ്‌ലൈറ്റ്, ടെയ്ൽ‌ലൈറ്റ്, ബ്രേക്ക്‌ലൈറ്റ് എന്നിവയിൽ എൽ.ഇ.ഡി മയമാണ്.

വലിയ കുഷാഖ്

വലിയ ഗ്ലോസ് ബ്ളാക്ക് ഗ്രില്ലാണ് മുന്നിലെ പ്രധാന ആകർഷണം. അതിനു ചുറ്റുമുള്ള ക്രോം വലയം ഹെഡ്‌ലൈറ്റുകളിലേക്ക് ചേർന്നിരിക്കുന്നു. ബമ്പറിന്റെ മുകൾ ഭാഗത്തിന് ബോഡി കളറും താഴെ കറുപ്പും നൽകിയത് സ്‌പോർട്ടീ ടച്ച് സമ്മാനിക്കുന്നു. പൗരുഷഭാവമുള്ള വലിയ ബോണറ്റ്, വലിയ റൂഫ്‌ലൈൻ, വശങ്ങളിലെ ലൈനുകൾ എന്നിവ വലിയൊരു വാഹനമെന്ന ഫീലാണ് നൽകുന്നത്. 4,221 എം.എം. ആണ് കുഷാഖിന്റെ നീളം. വീതി 1,760 എം.എം. ഉയരം 1,612 എം.എം. 2,651 എം.എം. ആണ് വീൽബെയ്സ്. 188 എം.എം ഗ്രൗണ്ട് ക്ളിയറൻസും നൽകിയിരിക്കുന്നു.

ടെയ്ൽഗേറ്റിൽ സ്‌കോഡ എന്ന ബോൾഡായി എഴുതിയിരിക്കുന്നു. ഇടതുവശം ചേർന്ന് അല്പംതാഴെ കുഷാഖ് ബാഡ്‌ജും. ഹണി ഓറഞ്ച്, ടൊർണാഡോ റെഡ് നിറഭേദങ്ങൾ ഇന്ത്യയ്ക്കായി മാത്രം സ്‌കോഡ കരുതിയിട്ടുള്ളതാണ്. കാൻഡി വൈറ്റ്, മെറ്റാലിക് റിഫ്ളക്‌സ് സിൽവർ, മെറ്റാലിക് കാ‌ർബൺ സ്‌റ്റീൽ നിറഭേദങ്ങളുമുണ്ട്.

അകത്തളം, ആധുനികം

ബിൽറ്റ്-ഇൻ നാവിഗേഷനോട് കൂടിയ പത്ത് ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സംവിധാനമാണ് അകത്തളത്തിലെ മുഖ്യാകർഷണം. നേരത്തേ സൂചിപ്പിച്ചതുപോലെ വിശാലമാണ് അകത്തളം. ഫീച്ചറുകളാലും ഒട്ടേറെ സ്‌റ്റോറേജ് ഓപ്‌ഷനുകളാലും സമ്പന്നവുമാണ്.

വെന്റിലേറ്റഡ് ലെതർ സീറ്റുകൾ, മൾട്ടിഫംഗ്‌ഷൻ സ്‌റ്റിയറിംഗ് വീൽ, 6-സ്‌പീക്കറുകൾ, വൈ-ഫൈ ഹോട്ട്‌സ്പോട്ട്, എക്‌സ്‌റ്റേണൽ മൈക്ക്, ഹാൻ‌ഡ്‌സ്‌ഫ്രീ കോൾ ഓപ്ഷനുകൾ, സുരക്ഷാഫീച്ചറുകളായ ഹിൽഹോൾഡ് കൺട്രോൾ, ആറ് എയർബാഗുകൾ, ക്രൂസ് കൺട്രോൾ, റെയിൻ സെൻസർ, റിയർ പാർക്കിംഗ് സെൻസർ, റിയർവ്യൂ കാമറ തുടങ്ങിയവയുമുണ്ട്. കുഷാഖിന്റെ വില കമ്പനി വെളിപ്പെടുത്തിയിട്ടില്ല.