jeep

കൊച്ചി: അമേരിക്കൻ വാഹന നിർമ്മാണ ബ്രാൻഡായ ജീപ്പിന്റെ ഇന്ത്യയിലെ ആരാധകർക്ക് സന്തോഷം പകർന്ന് റാംഗ്ളറിന്റെ പൂർണമായും ഇന്ത്യയിൽ നിർമ്മിച്ച പതിപ്പ് വിപണിയിലെത്തി. നേരത്തേ വില 63-68 ലക്ഷം രൂപ നിരക്കിലായിരുന്നെങ്കിൽ 'മെയ്ഡ് ഇൻ ഇന്ത്യ" പതിപ്പിന് 53.90 ലക്ഷം രൂപയാണെന്നതാണ് പ്രധാന സവിശേഷത. പൂനെയ്ക്കടുത്തുള്ള രഞ്ജൻഗാവ് പ്ളാന്റിൽ നിന്ന് ഇന്ത്യൻ നിർമ്മിത ജീപ്പ് കോംപസ് അവതരിപ്പിച്ചതിന് പിന്നാലെയാണ് റാംഗ്ളറും കമ്പനി പുറത്തിറക്കിയത്.

ജീപ്പിന്റെ 80-ാം വാർഷികാഘോഷത്തോട് അനുബന്ധിച്ച് റാംഗ്ളറിന്റെ ലോഞ്ച് എഡിഷനും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഓഫ്-റോഡുകൾക്കും അനുയോജ്യമായ അൺലിമിറ്റഡ്, റൂബിക്കോൺ വേരിയന്റുകളിൽ പുതിയ റാംഗ്ളർ ലഭിക്കും. ബി.എസ്-6 ചട്ടം പാലിക്കുന്ന 2.0 ലിറ്റർ, ഇൻ-ലൈൻ, 4-സിലിണ്ടർ, ടർബോ പെട്രോൾ എൻജിനാണുള്ളത്. 268 ബി.എച്ച്.പി കരുത്തും 400 എൻ.എം ടോർക്കും ഉത്‌പാദിപ്പിക്കുന്നതാണ് എൻജിൻ. 8-സ്‌പീഡ് ഓട്ടോമാറ്റിക് ഗിയർ ബോക്‌സും പ്രത്യേകതയാണ്.

ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പ്, സോഫ്‌റ്റ് ടച്ച് പ്രീമിയം ലെതർ ഫിനിഷ് ഡാഷ്, ആംബിയന്റ് എൽ.ഇ.ഡി ഇന്റീരിയർ ലൈറ്റിംഗ്, റിയർവ്യൂ ഓട്ടോ ഡിമ്മിംഗ് മിറർ, സ്‌റ്റിയറിംഗ് വീലിൽ ഓഡിയോ കൺട്രോളുകളും ഇന്റഗ്രേറ്റഡ് വോയിസ് കമാൻഡും, അഡ്വാൻഡ്സ് ഫ്രണ്ട് ആൻഡ് സൈഡ് എയർബാഗുകൾ, 80-ാം വാർഷിക സെലബ്രേഷൻ ബാഡ്‌ജിംഗ് എന്നിങ്ങനെയും ഒട്ടേറെ ആകർഷണങ്ങൾ പുത്തൻ റാംഗ്ളറിനുണ്ട്.