
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാർ നൽകിയ സത്യവാങ്മൂലം തുടരുമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും കുറിച്ച് അന്തിമ തീരുമാനം എടുക്കേണ്ടത് സർക്കാരല്ലെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദു ധർമ്മത്തിൽ പ്രാവീണ്യമുള്ളവരാണ് യുവതീ പ്രവേശനത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് എന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് കാനം പറഞ്ഞു.സ്ത്രീ-പുരുഷ സമത്വത്തിൽ മറ്റ് പാർട്ടികൾ നിലപാട് വ്യക്തമാക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കാനം രാജേന്ദ്രൻ.
അതേസമയം കഴിഞ്ഞ കാര്യങ്ങളിലേക്ക് തിരിച്ചുപോയി വിവാദമുണ്ടാക്കേണ്ടെന്നും, ശബരിമലയിൽ ഇത്തവണ സമാധാനപരമായി തീർത്ഥാടനം നടന്നുവെന്നും, അതാണ് പ്രധാനമെന്നും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി പ്രതികരിച്ചു.