
വടകര: കോഴിക്കോട് കണ്ണൂർ ജില്ലകളിൽ മോഷണം നടത്തിവന്ന പ്രതി പൊലീസിന്റെ പിടിയിലായി. അടക്കമോഷ്ടാവിനെ തിരഞ്ഞ എടച്ചേരി പൊലീസാണ് സ്ഥിരം മോഷ്ടാവിനെ വലയിലാക്കിയത്. കോഴിക്കോട് കുന്ദമംഗലത്തെ അരപ്പൊയിൽ മുജീബാണ് പിടിയിലായത്.ഇയാളുടെ പക്കൽ നിന്ന് ഒരു ലക്ഷത്തിൽപരം രൂപയോളം വിലവരുന്ന മോഷണത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങളും കണ്ടെത്തി.സ്വന്തമായി ആധുനിക രീതിയിലുള്ള മോഷണ ഉപകരണങ്ങളുള്ള മോഷ്ടാവാണ് ഇയാൾ. ഇയാൾ ഒറ്റയ്ക്കാണ് മോഷണം നടത്തിയിരുന്നത്.
പൂട്ടുകൾ പൊളിക്കുന്നതിലും കടകൾക്കകത്ത് കടക്കുന്നതിലും വിദഗ്ദനാണ് ഇയാൾ. ഷോറൂമിൽ നിന്ന് കാർ ഉൾപ്പെടെ മലഞ്ചരക്ക് വിപണിയിലെ കാർഷികോല്പന്നങ്ങൾ വരെ ഇയാൾ മോഷ്ടിച്ചിട്ടുണ്ട്. കരിപ്പൂർ സ്റ്റേഷൻ പരിധിയിലെ ഒരു കാർ ഷോറൂമിൽ നിന്ന് മോഷ്ടിച്ച കാർ ഉപയോഗിച്ചാണ് യാത്ര. അതേ കമ്പനിയുടെ മോഡൽ കാറിന്റെ തന്നെ നമ്പർ കണ്ടെത്തി ഘടിപ്പിച്ചാണ് യാത്ര. കൊണ്ടോട്ടിയിലെ മലഞ്ചരക്ക് കടയിൽ നിന്ന് ഒമ്പത് ചാക്ക് കുരുമുളകും തൊണ്ണൂറായിരം രൂപയും മോഷ്ടിച്ചു. ഓർക്കാട്ടേരിയിലെ പാടത്തിൽ അബ്ദുള്ളയുടെ കടയുടെ പൂട്ട് പൊളിച്ച് 4 ചാക്ക് അടക്കയും മോഷ്ടിച്ചു. ഇത് കാറിൽ ഉള്ളേരിയിൽ വിൽക്കാൻ എത്തിയത് വ്യാപാരിയുടെ സംശയത്തിനിടയാക്കിയിരുന്നു. എടച്ചേരി പൊലീസ് നടത്തിയ അന്വേഷണത്തിൽ ഉച്ച സമയങ്ങളിൽ കാപ്പാട് ബീച്ചിൽ വിശ്രമിക്കാനെത്തുന്നതായി കണ്ടെത്തി.തുടർന്ന് സി.ഐ വിനോദ് വിളയാട്ടൂരിന്റെ നേതൃത്വത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു.

കാർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗ്യാസ് കട്ടർ, ഓക്സിജൻ മിക്സ് ചെയ്യുന്ന ട്യൂബ്, പൂട്ടുകൾ പൊട്ടിക്കുന്ന ഉപകരണം, കത്തികൾ എന്നീ ഉപകരണങ്ങളും ഇയാളുടെ പക്കൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. മോഷണ മുതലുകൾ ഒറ്റയ്ക്കാണ് ഇയാൾ വാഹനത്തിൽ കയറ്റുന്നത്. മോഷണവിവരം ചോർന്ന് പോകാതിരിക്കാനാണ് ആരെയും കൂടെ കൂട്ടാതിരുന്നത്.അതെ സമയം ഇയാളുടെ കൈയ്യിൽ നിന്ന് കണ്ടെത്തിയ ഉപകരണങ്ങൾ വൻമോഷണം ആസൂത്രണം ചെയ്തതിന്റെ മന്നൊരുക്കമാണെന്നാണ് പൊലീസ് കരുതുന്നത്. ഇയാൾ മറ്റ് എവിടെയെല്ലാം സമാന രീതിയിലുള്ള കവർച്ച നടത്തിട്ടുണ്ടെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. ഇയാളെ കോടതി റിമാന്റ് ചെയ്തു. കഴിഞ്ഞ ദിവസം 25 കൊല്ലം മുമ്പ് മുങ്ങിയ പ്രതിയെ എടച്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.