
വാഷിംഗ്ടൺ:ക്യാപ്പിറ്റോൾ ആക്രമണത്തെ തുടർന്ന് സോഷ്യൽ മീഡിയകൾ കൂട്ടത്തോടെ വിലക്കിയ മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും സമൂഹമാദ്ധ്യമങ്ങളിൽ സജീവമാകാൻ തയ്യാറെടുക്കുന്നു. വിലക്ക് ഇപ്പോഴും തുടരുന്ന സാഹചര്യത്തിൽ സ്വന്തമായി സോഷ്യൽമീഡിയ പ്ളാറ്റ്ഫോം വികസിപ്പിച്ചുകൊണ്ടായിരിക്കും ട്രംപ് വീണ്ടും എത്തുക എന്നാണ് റിപ്പോർട്ട്. ഇതിലൂടെ പൊതു-രാഷ്ട്രീയരംഗങ്ങളിൽ രണ്ടോ മൂന്നോ മാസത്തിനുള്ളിൽ അദ്ദേഹം വീണ്ടും സജീവമാകുമെന്ന് മുതിർന്ന ഉപദേഷ്ടാക്കളിലൊരായ ജെയ്‌സൺ മില്ലർ പറയുന്നത്.
ക്യാപ്പിറ്റോൾ അക്രമത്തിന് പ്രേരണ നൽകിയെന്ന കാരണത്താലാണ് ട്രംപിന് വിലക്കേർപ്പെടുത്തിയത്. ഇതിനുശേഷം രാഷ്ട്രീയപ്രവർത്തകർ, സർക്കാരുദ്യോഗസ്ഥർ തുടങ്ങിയവരുടെ അക്കൗണ്ടുകൾ സോഷ്യൽമീഡിയകൾ സൂഷ്മമായി പരിശോധിക്കുന്നുണ്ട്. ലോകനേതാക്കൾക്ക് എപ്പോൾ,എങ്ങനെ വിലക്കേർപ്പെടുത്തണമെന്ന കാര്യത്തിൽ പൊതുജനാഭിപ്രായം തേടുമെന്നും മറ്റ് ഉപയോക്താക്കൾക്കേർപ്പെടുത്തിയിട്ടുള്ള നയങ്ങൾ തന്നെ ലോകനേതാക്കൾക്കും പിന്തുടരുന്ന കാര്യം പുനഃപരിശോധിക്കുകയാണെന്നും ട്വിറ്റർ ഒരാഴ്ച മുമ്പ് അറിയിച്ചിരുന്നു. അതേസമയം ട്രംപിന് ഏർപ്പെടുത്തിയ വിലക്ക് തുടരണോ വേണ്ടയോഎന്നവിഷയത്തെക്കുറിച്ച് വ്യക്തമാക്കാൻ ഫേസ്ബുക്ക് വിദഗ്ധസമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ അന്തിമതീരുമാനം ഉടനുണ്ടാവുമെന്നാണ് റിപ്പോർട്ട്. അനിശ്ചിത കാലത്തേക്കാണ് ട്രംപിന് സോഷ്യൽ മീഡിയകൾ വിലക്കേർപ്പെടുത്തിയത്.