
രാംനഗര്‍: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത് സിംഗ് റാവത്ത് വീണ്ടും സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി രംഗത്ത്. കുടുംബത്തിന് കൂടുതല്‍ റേഷന്‍ വേണമെങ്കില്‍ സ്ത്രീകള്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കണമായിരുന്നുവെന്നാണ് മുഖ്യമന്ത്രി പറയുന്നത്. '10 പേരുള്ള ഒരു കുടുംബത്തിന് 50 കിലോ ധാന്യം ലഭിക്കും. അംഗങ്ങളുടെ എണ്ണം 20 ആയാല്‍ 100 കിലോ ലഭിക്കും. ചിലര്‍ക്ക് കൂടുതല്‍ റേഷന്‍ ലഭിക്കുന്നതില്‍ മറ്റുചിലര്‍ അസൂയപ്പെടുകയാണ്. അതിന് പകരം കുടുംബത്തിലെ സ്ത്രീകള്‍ രണ്ട് കുട്ടികള്‍ക്ക് പകരം 20 കുട്ടികള്‍ക്ക് ജന്മം നല്‍കണമായിരുന്നു'- തിരത് സിങ് റാവത്ത് പറഞ്ഞു.
കുറഞ്ഞ റേഷനാണ് കുടുംബത്തിന് ലഭിക്കുന്നതെങ്കില്‍ അതിന്റെ ഉത്തരവാദിത്വം കുടുംബത്തിലെ സ്ത്രീകള്‍ക്കാണെന്ന് പറയാനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്നാണ് ആക്ഷേപം. കൊവിഡ് മഹാമാരികാലത്ത് റേഷന്‍ കാര്‍ഡിലെ ഓരോ അംഗങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ അഞ്ചു കിലോ ധാന്യവും ഒരു കിലോ പയറും വീതം സൗജന്യമായി നല്‍കിയിരുന്നു. കൊവിഡ് കാലത്തെ പട്ടിണിയും ദാരിദ്രവും ഒഴിവാക്കുന്നതിന് വേണ്ടിയാണ് സൗജന്യ റേഷന്‍ നല്‍കിയത്.
നേരത്തെ പെണ്‍കുട്ടികള്‍ കീറിയ ജീന്‍സ് ധരിക്കുന്നതിനെപ്പറ്റി റാവത്ത് നടത്തിയ പ്രസ്താവന വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. കീറിയ ജീന്‍സിട്ട ഒരു സ്ത്രീ സന്നദ്ധസംഘടനാ പ്രവര്‍ത്തനം നടത്തുന്നത് കണ്ട് താന്‍ ഞെട്ടിയെന്നും ഇവര്‍ ഇത്തരം വേഷവിധാനത്തിലൂടെ എന്ത് സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നതെന്ന കാര്യത്തില്‍ തനിക്ക് ആശങ്കയുണ്ടെന്നുമായിരുന്നു ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. ഇത് വലിയ വിവാദമാവുകയും സാമൂഹിക മാദ്ധ്യമങ്ങളില്‍ ഉള്‍പ്പടെ പ്രതിഷേധങ്ങള്‍ ഉയരുകയും ചെയ്തതോടെ തിരത് സിങ് റാവത്ത് മാപ്പ് പറഞ്ഞിരുന്നു. അതേസമയം പെണ്‍കുട്ടികള്‍ കീറിയ ജീന്‍സ് ധരിക്കുന്നതിനോട് തനിക്ക് താല്‍പര്യമില്ലെന്ന നിലപാട് അദ്ദേഹം ആവര്‍ത്തിച്ചു.
ഇന്ത്യ കൊവിഡിനെ നേരിടുന്നതിന് മറ്റു രാജ്യങ്ങളെക്കാള്‍ മുന്നിലാണെന്ന് കാണിക്കാന്‍ നടത്തിയ റാവത്തിന്റെ അമേരിക്കന്‍ പരാമര്‍ശവും കൗതുക ഉയര്‍ത്തുന്നതാണ്. ഇന്ത്യയെ അമേരിക്ക 200 വര്‍ഷം അടിമകളാക്കിയെന്ന പരാമര്‍ശമാണ് കൗതുകമായത്. 'നമ്മെ 200 വര്‍ഷക്കാലം അടിമകളാക്കുകയും ലോകം മുഴുവന്‍ ഭരിക്കുകയും ചെയ്ത അമേരിക്കയിപ്പോള്‍ കൊവിഡ് വ്യാപനത്തെ നിയന്ത്രിക്കാനായി ബുദ്ധിമുട്ടുകയാണ്'- റാവത്ത് തന്റെ പ്രസംഗത്തില്‍ പറഞ്ഞു.
ലോകത്ത് ആരോഗ്യ പരിപാലനത്തില്‍ മുന്നില്‍ നില്‍ക്കുമ്പോഴും അമേരിക്കയില്‍ 50 ലക്ഷം കൊവിഡ് മരണങ്ങളാണുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവര്‍ വീണ്ടും ലോക്ഡൗണിലേക്ക് പോവുകയാണ്. ഇന്ത്യയില്‍ മോദിക്ക് പകരം മറ്റാരെങ്കിലുമാണ് പ്രധാനമന്ത്രി ആയിരുന്നതെങ്കില്‍ എന്താവുമായിരുന്നെന്ന് പറയാന്‍ കഴിയില്ല. നമ്മള്‍ ഒരു മോശം അവസ്ഥയിലായിരുന്നെന്നും പ്രധാനമന്ത്രി നമുക്ക് ആശ്വാസം നല്‍കിയെന്നും റാവത്ത് പറഞ്ഞു.