
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന സർവേ ഫലങ്ങൾ അഭിപ്രായ പ്രകടനങ്ങൾ മാത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർവേ ഫലങ്ങൾ കണ്ട് പ്രവർത്തനത്തിൽ അലംഭാവം കാണിക്കരുതെന്നും പ്രവർത്തകർക്ക് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.
പ്രചാരണത്തിന്റെ തുടക്കം മുതൽ വലിയ ജനപിന്തുണയാണ് ഇടതു മുന്നണിക്കു ലഭിക്കുന്നത്. പുറത്തുവരുന്ന സർവേ ഫലങ്ങളിലുളളത് അഭിപ്രായ പ്രകടനങ്ങൾ മാത്രമാണ്. എന്നാൽ സർവേകളിൽ ചില വസ്‌തുതകളും പുറത്തുവരുന്നുണ്ട്. എതിർക്കുന്നവർക്കു പോലും വസ്‌തുതകൾ പറയേണ്ടി വരുന്നു. സർവേ ഫലങ്ങൾ കണ്ട് പ്രവർത്തനത്തിൽ അലംഭാവം കാട്ടരുതെന്നും തിരഞ്ഞെടുപ്പ് രാഷ്ട്രീയം പോരാട്ടമാണെന്നും പിണറായി ഓർമ്മിപ്പിച്ചു.
ബി ജെ പിയുടെ സഹായത്തോടെ നിയമസഭയിൽ എത്താൻ ചില പ്രമുഖ കോൺഗ്രസ് നേതാക്കൾ തന്നെ ശ്രമിക്കുകയാണ്. അവർ വോട്ടുകച്ചടവടം നടത്തുകയാണ്. ഇതിന്റെ കൂടുതൽ വിവരങ്ങൾ വരുംദിവസങ്ങളിൽ പുറത്തുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമല ഇപ്പോൾ സർക്കാരിന് മുന്നിലുളള വിഷയമല്ല. സത്യവാങ്മൂലം മാറ്റിനൽകുന്ന കാര്യമൊക്കെ കേസ് വരുമ്പോൾ ആലോചിക്കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സർക്കാരിന്റെ ജനസമ്മതിയിൽ വിറളി പൂണ്ടവർ കുപ്രചാരണം നടത്തുകയാണ്. ചെപ്പടി വിദ്യകൊണ്ട് ജനഹിതം അട്ടിമറിക്കാമെന്നത് വ്യാമോഹം മാത്രമാണ്. പണം നൽകി വാർത്ത ഉണ്ടാക്കുന്നു എന്ന പ്രതിപക്ഷനേതാവിന്റെ ആരോപണം അദ്ദേഹത്തിന്റെ അനുഭവം ആയിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.