sindhu

ന്യൂഡൽഹി:രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യയും പാകിസ്ഥാനും സിന്ധു നദീജല കരാർ സംബന്ധിച്ച് ചർച്ച നടത്തുന്നു. മാർച്ച് 23,24 തീയതികളിൽ ഡൽഹിയി​ലാണ് ചർച്ച. ഇതിനായി വി​ദഗ്ദ്ധരുൾപ്പടെയുള്ള പാക് ഉദ്യോഗസ്ഥരുടെ സംഘം ഇന്ത്യയിലെത്തിയിട്ടുണ്ട്. 116ാമത് യോഗമാണ് നാളെമുതൽ നടക്കുന്നത്.

പാകിസ്ഥാന്റെ സിന്ധു നദീജല കമ്മീഷണർ സയ്യിദ് മുഹമ്മദ് മെഹർ അലിഷാ ആണ് സംഘത്തലവൻ. ലഡാക്കിലെ നിരവധി ജലവൈദ്യുത പദ്ധതികൾക്ക് ഇന്ത്യ അനുമതി നൽകിയിട്ടുണ്ട്. ഇതുസംബന്ധിച്ച് തങ്ങൾക്കുള്ള ആശങ്കകൾ ചർച്ചയിൽ ഉന്നയിക്കുമെന്നാണ് പാകിസ്ഥാൻ നൽകുന്ന സൂചന. എന്നാൽ ഇതി​നോട് ഇന്ത്യ എങ്ങനെ പ്രതി​കരി​ക്കുമെന്ന് വ്യക്തമല്ല. ഭാവി കൂടിക്കാഴ്ച്ചകളെക്കുറിച്ചുള്ള തീരുമാനങ്ങളെടുക്കാനും ഈ അവസരം വിനിയോഗിക്കുമെന്നാണ് പാക് ഔദ്യോഗിക വൃത്തങ്ങൾ നല്കുന്ന സൂചന.ഇന്ത്യയും പാകി​സ്ഥാനും തമ്മി​ലുള്ള ബന്ധം അത്ര സുഖമല്ലാത്ത അവസ്ഥയി​ൽ ചർച്ചയ്ക്ക് ഏറെ പ്രാധാന്യം കൽപ്പി​ക്കുന്നുണ്ട്.

സിന്ധുനദീജല കരാർ വ്യവസ്ഥകൾ പ്രകാരം ഇന്ത്യയും പാകി​സ്ഥാനും തമ്മി​ൽ ഓരോവർഷവും കൂടി​ക്കാഴ്ച നടത്തേണ്ടതുണ്ട്. ഇത് ഇന്ത്യയി​ലോ പാകി​സ്ഥാനി​ലോ ആകാം. എന്നാൽ ജമ്മുകാശ്മീനുള്ള പ്രത്യേക പദവി​ റദ്ദാക്കി​യതുമായി​ ബന്ധപ്പെട്ട വി​ഷയങ്ങളെത്തുടർന്നും കൊവി​ഡ് മൂലമുള്ള മറ്റ് പ്രശ്നങ്ങളാലും രണ്ടുവർഷമായി​ കൂടി​ക്കാഴ്ച നടന്നി​രുന്നി​ല്ല.

സിന്ധു നദീജല കരാർ
1960 സെപ്തംബർ 19ന് കറാച്ചിയിൽ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവും പാക് പ്രസിഡന്റ് അയൂബ് ഖാനും ചേർന്ന് ഒപ്പുവച്ചതാണ് സിന്ധു നദീജല കരാർ. ഈ കരാർ പ്രകാരം ബിയാസ്,രവി, സത്‌ലജ്, സി​ന്ധു, ഝലം, ചി​നാബ് എന്നീ നദികളിലെ ജലം ഇരുരാജ്യങ്ങൾക്കും ഉപയോഗിക്കാം. ഇതിൽ ബിയാസ്, രവി, സത്‌ലജ് നദികളുടെ നിയന്ത്രണം ഇന്ത്യക്കും സിന്ധു, ഝലം, ചി​നാബ് നദികളുടെ നിയന്ത്രണം പാകിസ്താനുമായി​രി​ക്കും. സിന്ധു നദിയിൽ നിന്നുള്ള 20 ശതമാനം ജലം ഇന്ത്യക്ക് ഉപയോഗിക്കാമെന്നാണ് കരാറിലുള്ളത്. ലോകബാങ്കിന്റെ മദ്ധ്യസ്ഥതയിലാണ് കരാർ ഒപ്പി​ട്ടത്.