
ന്യൂഡൽഹി: നവംബർ മാസത്തിന് ശേഷം ഇന്ത്യയിൽ കഴിഞ്ഞ അഞ്ച് മാസത്തിനിടെ ഏറ്റവുമധികം കൊവിഡ് കേസുകൾ സ്ഥിരീകരിച്ച ദിനമാണിന്ന്. 46,951 കേസുകളാണ് രാജ്യത്ത് 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവർ 1,16,46,081 ആയി. ഇതിൽ 1.11 കോടി പേർ രോഗമുക്തരായി. 1,59,967 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ ഒരാഴ്‌ചയ്ക്കിടെ കൊവിഡ് രോഗികളുടെ എണ്ണത്തിൽ കുത്തനെയുളള വർദ്ധനയാണുണ്ടായത്.
കൊവിഡ് രാജ്യത്ത് സ്ഥിരീകരിച്ചതുമുതൽ ഏറ്റവുമധികം രോഗം റിപ്പോർട്ട് ചെയ്‌ത മഹാരാഷ്‌ട്ര തന്നെയാണ് ഇപ്പോഴും പ്രതിദിന രോഗബാധയിൽ മുന്നിൽ. ഞായറാഴ്‌ച 30,535 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. മുംബയ് നഗരത്തിൽ 24,79,682 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 3775 പേരാണ് കഴിഞ്ഞ ദിവസം ഇവിടെ രോഗബാധിതരായത്.
പ്രതിദിന കൊവിഡ് കണക്കിൽ പഞ്ചാബ്(2644), കേരളം(1875),കർണാടക(1715), ഗുജറാത്ത് (1580) എന്നീ സംസ്ഥാനങ്ങളാണ് മഹാരാഷ്‌ട്രയ്‌ക്ക് പിന്നിൽ. പല സംസ്ഥാനങ്ങളും കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ച് തുടങ്ങി. രാജസ്ഥാനിലെ ജയ്‌പൂർ, ഉദയ്‌പൂർ,അജ്‌മേർ എന്നീ നഗരങ്ങളിൽ രാത്രികാല കർഫ്യു ഏർപ്പെടുത്തി. ചന്തകൾ 10 മണിക്ക് ശേഷം പ്രവർത്തിക്കില്ല.
മഹാരാഷ്‌ട്രയിൽ നന്ദെദ് നഗരത്തിൽ പതിനൊന്ന് ദിവസത്തേക്ക് കർഫ്യു ഏർപ്പെടുത്തി. നാഗ്‌പൂരിൽ മാർച്ച് 31 വരെ കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി. ഭക്ഷണശാലകൾ രാത്രി 7 മണിവരെ മാത്രമേ പ്രവർത്തിക്കാവൂ. മറ്റ് കച്ചവടസ്ഥാപനങ്ങൾ 4 മണി വരെ പ്രവർത്തിക്കാം. എന്നാൽ ഓഫീസുകൾ 25 ശതമാനം തൊഴിലാളികളുമായി മാത്രമേ പ്രവർത്തിക്കാൻ അനുവദിക്കൂ. ലോകമാകെ 12.3 കോടി ജനങ്ങൾക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ മരണമടഞ്ഞത് 27 ലക്ഷം ആളുകളാണ്.