
പാലാ: മാണി സി കാപ്പനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. 'എൽഡിഎഫിന് ഒപ്പം നിന്ന ഒരാൾ അദ്ദേഹത്തിന്റെ പാർട്ടിയെയും എൽഡിഎഫിനെയും വഞ്ചിച്ചുകൊണ്ട് എൽഡിഎഫിനെ നേരിടാനെത്തുന്നു എന്നതാണ് ഈ മണ്ഡലത്തിന്റെ പ്രത്യേകത ' മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ എല്ലാക്കാലത്തും അവസരവാദികൾക്ക് ജനം അർഹമായ ശിക്ഷ കൊടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. പാലായിലെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്‌ത് പ്രസംഗിക്കവെയാണ് മുഖ്യമന്ത്രി ഇങ്ങനെ വിമർശനം ഉന്നയിച്ചത്.
കോൺഗ്രസിന് ഒപ്പം നിന്ന് എന്റെ മികവങ്ങ് കാണിച്ചുകളയും എന്ന് അദ്ദേഹം പറയുന്നു ഇത് പണ്ട് ആനപ്പുറത്ത് കയറിയ കഥ പോലെയാണെന്നും മുഖ്യമന്ത്രി പരിഹസിച്ചു. മാണി.സി.കാപ്പന്റെ മികവല്ല നേരത്തെ പാലായിൽ കണ്ടതെന്നും അത് എൽഡിഎഫിന്റെ മികവായിരുന്നുവെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. അവസരവാദിയെ ഒറ്റപെടുത്തണമെന്നും ജോസ് കെ മാണിയെ വലിയ ഭൂരിപക്ഷത്തോടെ നിയമസഭയിലെത്തിക്കണമെന്നും മുഖ്യമന്ത്രി പ്രസംഗത്തിലൂടെ ആഹ്വാനം ചെയ്‌തു.
അതേസമയം മുഖ്യമന്ത്രിയ്‌ക്ക് മറുപടി പറയില്ലെന്ന് മാണി.സി.കാപ്പൻ അഭിപ്രായപ്പെട്ടു.'അദ്ദേഹത്തിന് എന്തും പറയാം.ആരാണ് അവസരവാദിയെന്ന് മേയ് രണ്ടിന് ഫലം വരുമ്പോൾ അറിയാം.' മാണി.സി കാപ്പൻ പ്രതികരിച്ചു.
പാലാ സീറ്റ് ജോസ്.കെ മാണിയ്‌ക്ക് നൽകുന്നതിനെ ചൊല്ലിയാണ് മാണി.സി കാപ്പൻ ഇടതുപക്ഷവുമായും എൻ.സി.പിയുമായും ഇടഞ്ഞത്. പാർട്ടി ദേശീയ നേതൃത്വം ഇടത് പക്ഷത്തിനൊപ്പം നിന്നതോടെ എൻ.സി.പി വിട്ട മാണി.സി കാപ്പൻ എൻ.സി.കെ സ്ഥാപിച്ച് യുഡിഎഫിലെത്തി. പാലായിൽ മാണി.സി കാപ്പനും ഏലത്തൂരിൽ സുൽഫീക്കർ മയൂരിയുമാണ് പാർട്ടിസ്ഥാനാർത്ഥികൾ. ഏലത്തൂരിൽ സുൽഫീക്കർ മയൂരിയെ അംഗീകരിക്കില്ലെന്ന് അറിയിച്ച് കോൺഗ്രസിൽ കഴിഞ്ഞ ദിവസങ്ങളിൽ വലിയ പ്രതിഷേധമാണ് ഉണ്ടായത്.