
തിരുവനന്തപുരം:പെൺമനം നേടിയാൽ ഭരണ സിംഹാസനമേറാം. വെറുതെയല്ല, എൽ.ഡി.എഫ്, യു.ഡി.എഫ് പ്രകടന പത്രികകളിൽ വനിതകൾക്കായി മുമ്പെങ്ങും ഇല്ലാത്ത വാഗ്ദാനങ്ങൾ. ഏറെയും അമ്മമാരെ ലക്ഷ്യമിട്ടാണ്. 'വീട്ടമ്മമാർക്ക് ശമ്പളം' എന്ന് കേരളത്തിലെ രണ്ട് മുന്നണികൾ എടുത്തു പറഞ്ഞില്ലെങ്കിലും അതിന് സമാനമാണ് അവരുടെ പ്രകടന പത്രികയിലെ സ്ത്രീ പക്ഷ വാഗ്ദാനങ്ങൾ.വീട്ടമ്മമാർക്ക് പെൻഷൻ പദ്ധതിയാണ് എൽ.ഡി.എഫ് വാഗ്ദാനം. യു.ഡി.എഫ് പത്രികയിൽ ന്യായ് പദ്ധതിയിൽ ഉൾപ്പെടാത്ത 40 60 വയസുള്ള വീട്ടമ്മമാർക്ക് മാസം 2000 രൂപ വാഗ്ദാനം. ന്യായ് പദ്ധതിയിൽ ഉൾപ്പെടുന്നവർക്ക് 6000 രൂപയും.
പരീക്ഷ എഴുതുന്ന അമ്മമാർക്ക് രണ്ടു വയസ് ഇളവ് ഉൾപ്പെടെ അമ്മമാരെ ഉന്നമിട്ട് നിരവധി വാഗ്ദാനങ്ങൾ യു.ഡി.എഫ് പത്രികയിലുണ്ട്. 24ന് ഇറക്കുന്ന എൻ.ഡി.എ പ്രകടന പത്രികയിലും സ്ത്രീകളെ കൈയിലെടുക്കുന്ന പ്രഖ്യാപനങ്ങളുണ്ടാകും.
വീട്ടമ്മമാർക്ക് ശമ്പളം തിരഞ്ഞെടുപ്പ് വാഗ്ദാനമായി രാജ്യത്ത് ആദ്യം മുന്നോട്ട് വച്ചത് മക്കൾ നീതി മയ്യം നേതാവ് കമലഹാസനാണ്. തൊട്ടു പിന്നാലെ വനിതാ ദിനമായ മാർച്ച് എട്ടിനു ഇറക്കിയ ഡി.എം.കെ പ്രകടന പത്രികയിൽ തമിഴ്നാട്ടിലെ വീട്ടമ്മമാർക്ക് 1000 രൂപ ശമ്പളം അവതരിപ്പിച്ചു. ഇതിനെ കടത്തിവെട്ടുന്നതായിരുന്നു ഭരണകക്ഷിയായ എ. ഡി.എം.കെയുടെ വാഗ്ദാനം വീട്ടമ്മാർക്ക് മാസം1500 രൂപ, വർഷത്തിൽ ആറ് സൗജന്യ ഗ്യാസ് സിലിണ്ടർ, ഒരു വാഷിംഗ് മെഷീൻ !തന്റെ ആശയമാണ് ഡി.എം.കെ കോപ്പി അടിച്ചതെന്ന കമലഹാസന്റെ ആരോപണം വാർത്തയായിരുന്നു.
കണ്ണു തുറപ്പിച്ചത് സുപ്രീംകോടതി
സുപ്രീംകോടതിയുടെ ഒരു പരാമർശമാണ് രാഷ്ട്രീയ പാർട്ടികളെ ഈ വാഗ്ദാനങ്ങളിലേക്ക് നയിച്ചത്. വീട്ടമ്മയ്ക്ക് നിശ്ചിത വരുമാനം നൽകുന്നത് വളരെ പ്രധാനമാണെന്നും അത് സ്ത്രീകൾക്കുള്ള അംഗീകാരമാണെന്നും ജനുവരി അഞ്ചിന് ഒരു വിധിയിൽ സുപ്രീംകോടതി പരാമർശിച്ചിരുന്നു. സ്ത്രീ വീട്ടിൽ ചെയ്യുന്ന ജോലിയുടെ മൂല്യം ഓഫീസിൽ പോകുന്ന ഭർത്താവിന്റെ ജോലിയേക്കാൾ കുറവല്ലെന്നും ജസ്റ്റിസുമാരായ എൻ.വി. രമണ, സൂര്യ കാന്ത് എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു. ഇതിന്റെ ചുവടുപിടിച്ചാണ് അമ്മ മനം നിറയ്ക്കുന്ന കമലഹാസന്റെ പ്രഖ്യാപനം വന്നത്.ഇത് വലിയ ചർച്ചയ്ക്ക് വഴിതെളിച്ചു.
വീട്ടമ്മമാർക്ക് ശമ്പളം നൽകുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്ന ശശി തരൂർ എം.പിയുടെ ട്വീറ്റിനോടുള്ള ബോളിവുഡ് നടി കങ്കണ റണൗട്ടിന്റെ പ്രതികരണം സമൂഹ മാദ്ധ്യമങ്ങൾ ഏറ്റെടുത്തു. 'വീട്ടമ്മമാരുടെ ജോലിക്ക് വിലയിടുന്നത് ശരിയല്ലെന്നും പങ്കാളിയെ സ്‌നേഹിക്കുന്നതിനും മക്കളെ നോക്കുന്നതിനും വീട്ടുകാര്യങ്ങൾ നടത്തുന്നതിനും ഞങ്ങൾക്ക് പണം ആവശ്യമില്ലെന്നായിരുന്നു കങ്കണയുടെ മറുപടി.സ്ത്രീകളുടെ ത്യാഗത്തിന് താൻ വിലയിട്ടല്ലെന്നും അവർക്ക് ശമ്പളം ലഭിക്കുന്നത് സ്ത്രീശാക്തീകരണത്തിന് വഴിവയ്ക്കുമെന്നും തരൂർ മറുപടി നൽകിയിരുന്നു.