
കുളത്തൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ കഴക്കൂട്ടം ഇക്കുറി മാറി ചിന്തിക്കുമെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ.എസ്.എസ്. ലാൽ പറഞ്ഞു. ഇന്നലെ തീരദേശ മേഖലകളിലെ വോട്ടർമാരെ നേരിട്ട് കാണാൻ പള്ളിത്തുറ, വേളി തുടങ്ങിയ പ്രദേശങ്ങളിലാണ് പ്രധാനമായും പ്രചാരണം നടത്തിയത്. രാവിലെ 8ന് പള്ളിത്തുറയിലെത്തിയ സ്ഥാനാർത്ഥി പള്ളിവികാരിയുമായി സംസാരിച്ചു.
ഇതിനുശേഷം ഗൃഹ സന്ദർശനം നടത്തി. തുടർന്ന് സ്ഥലത്തെ പ്രധാന ക്രിസ്‌ത്യൻ, മുസ്ലിം ദേവാലയങ്ങളിലും സമീപ പ്രദേശങ്ങളിലും വോട്ട് അഭ്യർത്ഥിച്ചെത്തി. തീരദേശത്ത് വികസനം സാദ്ധ്യമാകണം, മത്സ്യത്തൊഴിലാളികളുടെ തൊഴിലിനും, ആരോഗ്യ സംരക്ഷണത്തിനും മക്കളുടെ പഠനത്തിനും ആവശ്യമായ സഹായങ്ങൾ വേണം. ഇതൊക്കെയായിരുന്നു തീരദേശ ജനതയുടെ ആവശ്യം. മത്സ്യത്തൊഴിലാളികളുടെ പരാതികളും പരിഭവങ്ങളും ശ്രദ്ധയോടെ കേട്ട് എല്ലാം ശരിയാക്കാം എന്ന ഉറപ്പോടെ അടുത്ത വീട്ടിലേക്ക്. തുടർന്ന് വേളി പള്ളിവികാരിയെ കണ്ട ശേഷം സ്ഥലത്തെ പ്രധാന വീടുകളിലും പാർട്ടിപ്രവർത്തകരുടെ വീടുകളും സന്ദർശിച്ചു. തീരദേശ മേഖലയിൽ നിന്ന് ഉച്ചയോടെ അടുത്ത പ്രചാരണ കേന്ദ്രത്തിലേക്ക് പോയി.