
ന്യൂഡൽഹി: രണ്ട് ഡോസ് കൊവിഡ് വാക്‌സിൻ കുത്തിവയ്‌ക്കുന്നതാണ് നിലവിൽ കൊവിഡ് പ്രതിരോധത്തിന് തുടർന്നുവരുന്ന രീതി. എന്നാൽ സമീപഭാവിയിൽ തന്നെ കൊവിഡ് വാക്‌സിൻ ക്യാപ്‌സൂളായും ലഭിക്കുമെന്നാണ് ലഭ്യമായ വിവരം. ലോകമാകമാനമുളള മരുന്ന്കമ്പനികൾ പുറത്തിറക്കുന്ന കൊവിഡ് വാക്‌സിൻ ക്യാപ്‌സൂൾ രൂപത്തിൽ ലഭ്യമാക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ പ്രേമാസ് ബയോടെക്. കമ്പനി സഹ സ്ഥാപകനും എം.ഡിയുമായ പ്രബുദ്ധ ഖണ്ഡുവാണ് ഇക്കാര്യം അറിയിച്ചത്.
അമേരിക്കൻ കമ്പനിയായ ഓറമെഡ് ഫാർമസ്യൂട്ടിക്കൽസുമായി സഹകരിച്ചാണ് പ്രേമാസ് ബയോടെക് ക്യാപ്‌സൂളുകൾ നിർമ്മിക്കുക. കൊവിഡിനെതിരെ വായിലൂടെ നൽകുന്ന വാക്‌സിൻ ഓറമെഡ് കമ്പനി തയ്യാറാക്കി. ഇത് ഫലപ്രദമാണെന്നാണ് കമ്പനിയുടെ വാദം. മൃഗങ്ങളിൽ നടത്തിയ പരീക്ഷണത്തിൽ ഇത് വ്യക്തമായിട്ടുണ്ട്.
സാർസ് കൊവിഡ് വൈറസിൽ നിന്ന് മികച്ച സംരക്ഷണം പ്രോട്ടീൻ അടിസ്ഥാനപ്പെടുത്തിയുളള വാക്‌സിൻ നൽകുന്നുണ്ടെന്നാണ് പ്രേമാസ് കമ്പനി അറിയിക്കുന്നത്. പ്രേമാസിന് പുറമെ ഭാരത് ബയോടെകും കുത്തിവയ്‌പ്പല്ലാതെ മൂക്കിലൂടെ നൽകാവുന്ന കൊവിഡ് വാക്‌സിൻ നിർമ്മിക്കുകയാണ്. വിസ്കോൻസിൻ സർവകലാശാലയുമായി സഹകരിച്ചാണ് ഇതിന്റെ നിർമ്മാണം. വാക്‌സിൻ മനുഷ്യരിലുളള പരീക്ഷണം ആരംഭിച്ചു കഴിഞ്ഞു.