
തിരുവനന്തപുരം: പണ്ട് കാലത്ത് സ്ഥാനാർത്ഥികളെ താരമാക്കുന്ന അത്രയേറെ ആരും വിലവയ്ക്കാത്ത ഒരു താരമുണ്ടായിരുന്നു. അത് നമ്മുടെയൊക്കെ മനസിൽ ഗൃഹാതുരത്വം ഉണർത്തുന്ന ഉച്ചഭാഷിണി അഥവാ കോളാമ്പി ആയിരുന്നു. ഒരു തിരഞ്ഞെടുപ്പ് പ്രചാരണകാലം കൂടി കൊട്ടിക്കയറുമ്പോൾ സ്ഥാനാർത്ഥികളുടെ നേട്ടങ്ങളും കോട്ടങ്ങളും ഉച്ചത്തിൽ ജനങ്ങളുടെ മുന്നിൽ വിളിച്ചു പറഞ്ഞിരുന്ന ഉച്ചഭാഷിണികൾ അരങ്ങൊഴിഞ്ഞ അവസ്ഥയാണ്.
കോളാമ്പി പോയി ബോക്‌സുകൾ വന്നു
നാട്ടുകാരുടെ മകൻ നാടിന്റെ പൊന്നോമനപ്പുത്രൻ ഇതാ ഈ വാഹനത്തിന് പിന്നാലെ കടന്നുവരുന്നു... തിരഞ്ഞെടുപ്പ് കാലത്ത് സ്ഥിരമായി കേൾക്കാറുള്ള ഈ അനൗൺസ്‌മെന്റ് ഉച്ചഭാഷിണിയിലൂടെ കിലോമീറ്റർ ദൂരത്തിൽ ഉയർന്ന് കേൾക്കുമായിരുന്നു. കോളാമ്പി ചുമലിലേറ്റി സൈക്കിളിൽ തിരഞ്ഞെടുപ്പ്, രാഷ്ട്രീയ, സിനിമാ പ്രചാരണം നടത്തിയിരുന്ന ഒരു കാലവും ഉണ്ടായിരുന്നു. സൈക്കിളിന്റെ മുൻ സീറ്റിൽ പലക കെട്ടി അതിന് മുകളിൽ ആംപ്ലിഫയറും പിന്നിലെ സീറ്റിൽ തടിപ്പെട്ടിക്കകത്ത് ബാറ്ററിയും. സൈക്കിളിന്റെ മുന്നിലും പിന്നിലും രണ്ടു പേർ ചേർന്ന് കോളാമ്പി മൈക്ക് ചുമലിലേറ്റും. സൈക്കിൾ വീഴാതെ നിയന്ത്രിക്കാൻ ഇരുവശങ്ങളിലുമായി ഓരോരുത്തരുണ്ടാവും. ഒരാൾ മൈക്രോഫോണിലൂടെ തൊണ്ട പൊട്ടുന്ന ശബ്ദത്തിൽ വിളിച്ച് പറയുന്നതായിരുന്നു രീതി.
കോളാമ്പികൾ അരങ്ങൊഴിച്ച് കേവലം അഞ്ച് വർഷം മാത്രമെ ആയിട്ടുള്ളൂ. ശബ്ദമലിനീകരണം വില്ലനായതോടെയാണ് കോളാമ്പികൾക്ക് പൂട്ട് വീണത്. തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് മാത്രമല്ല, ഉത്സവപ്പറമ്പിലോ, മറ്റ് പൊതുയോഗങ്ങളിലോ ഉച്ചഭാഷണികൾ ഉപയോഗിക്കുന്നതിന് വിലക്കുകൾ വന്നു. ഇതോടെ മൈക്ക് സെറ്റ് അനൗൺസ്‌മെന്റ് കമ്പനികളുടെ മൂലയിൽ ഒതുങ്ങിക്കൂടിയിരിക്കേണ്ടി വന്നു കോളാമ്പികൾക്ക്. ഇവയ്ക്ക് പകരമായി ചെറിയ ദൂരത്തിൽ മാത്രം കേൾക്കാവുന്ന ശബ്ദമുള്ള സ്‌പീക്കറുകൾ ഘടിപ്പിച്ച ബോക്‌സുകൾ പകരമെത്തി.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിൽ കോളാമ്പികൾ ഉപയോഗിക്കുന്നത് ഹൈക്കോടതി വിലക്കിയതിന് പിന്നാലെയാണ് ഇവ അരങ്ങിൽ നിന്ന് മാറിയത്. കോളാമ്പികളിൽ നിന്ന് പുറത്തുവരുന്നത് 30 മുതൽ 40 വരെ വാട്‌സിന്റെ ശബ്ദമായിരുന്നു. അതേസമയം, സ്‌പീക്കറുകൾ ഘടിപ്പിച്ച ബോക്സുകളിലാകട്ടെ 40 മുതൽ 100 ഡെസിബൽ വരെ ശബ്ദം പുറത്തുവരും. എന്നാൽ കോളാമ്പികൾ ദൂരത്തേക്ക് ശബ്ദം എത്തിക്കുമ്പോൾ ബോക്‌സുകളിലെ ശബ്ദം സമീപ്രദേശത്ത് ഉച്ചത്തിൽ കേൾക്കുകാണ് ചെയ്യുന്നത്. 400നും 600നും ഇടയിൽ വാട്‌സ് ശബ്ദമുള്ള സ്‌പീക്കറുകളാണ് ബോക്‌സുകളിൽ ഘടിപ്പിച്ചിട്ടുള്ളത്. ബോക്‌സുകൾക്ക് കോളാമ്പികളെക്കാൾ വില കൂടുതലാണ്. 40 വാട്‌സ് യൂണിറ്റ് ഘടിപ്പിച്ചിരുന്ന കോളാമ്പികൾക്ക് 2500 രൂപ വരെ വിലയുണ്ടായിരുന്നു. എന്നാൽ, സ്‌പീക്കറുകൾ ഘടിപ്പിച്ച ഒരു ബോക്‌സിന് 10,000 രൂപ വരെ ചെലവ് വരും. ഉച്ചത്തിലുള്ള ശബ്ദം പുറപ്പെടുവിക്കുന്നത് അനുസരിച്ച് ബോക്‌സുകൾക്ക് വിലയും ഉയരും.