lotus-symbol-and-bjp

തിരുവനന്തപുരം: ദേശീയ പാര്‍ട്ടിയായ ബിജെപിയുടെ സ്വന്തം ചിഹ്നമാണ് താമര. അതുകൊണ്ടു തന്നെ അവരുടെ താല്‍പര്യമില്ലാതെ മറ്റൊരാള്‍ക്കും ഈ ചിഹ്നം അനുവദിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് സാധിക്കില്ല. എന്നാല്‍ സംസ്ഥാനത്ത് ബി.ജെ.പിയല്ലാതെ രണ്ടു പാര്‍ട്ടികള്‍ ഈ തിരഞ്ഞെടുപ്പില്‍ താമര ചിഹ്നത്തില്‍ മത്സരിക്കുന്നുണ്ട്. എന്‍ഡിഎയുടെ ഘടക കക്ഷികളായ വിഷ്ണുപുരം ചന്ദ്രശേഖരന്‍ അദ്ധ്യക്ഷനായ കേരള കാമരാജ് കോണ്‍ഗ്രസും സി കെ ജാനു അദ്ധ്യക്ഷയായ ജനാതിപത്യ രാഷ്ട്രീയ പാര്‍ട്ടിയുമാണ് താമര ചിഹ്നത്തില്‍ മത്സരിക്കുന്നത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷനും ദേശീയ അദ്ധ്യക്ഷനും ചേര്‍ന്നാണ് സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നം അനുവദിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടത്.

വിഷ്ണുപുരം ചന്ദ്രശേഖര്‍ കോവളം മണ്ഡലത്തിലും സി കെ ജാനു ബത്തേരി മണ്ഡലത്തിലുമാണ് മത്സരിക്കുന്നത്. ഈ രണ്ടു മണ്ഡലത്തിലും ബിജെപിക്ക് കാര്യമായ സ്വാധീനമുണ്ട്. പാര്‍ട്ടി ചിഹ്നത്തില്‍ മാത്രം വോട്ട് ചെയ്ത് ശീലിച്ച പ്രവര്‍ത്തകരുടെ വികരം കൂടി കണക്കിലെടുത്താണ് ബി.ജെ.പി സംസ്ഥാന നേതൃത്വം ഇത്തരത്തിലൊരു തീരുമാനത്തില്‍ എത്തിയത്. ഇതോടെ പാര്‍ട്ടിയുടെ വോട്ടുകള്‍ കൃത്യമായി എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് കിട്ടുമെന്ന് നേതാക്കള്‍ കണക്കുകൂട്ടുന്നു.

ബിജെപിയുടെ ജില്ലാ പ്രസിഡന്റും സംസ്ഥാന സെക്രട്ടറിയുമായ എസ് സുരേഷിന് കോവളം മണ്ഡലത്തില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍ നാടാര്‍ വോട്ടുകള്‍ നിര്‍ണായക സ്വാധീനമുള്ള മണ്ഡലത്തില്‍ വിഷ്ണുപുരം ചന്ദ്രശേഖരന് മികച്ച പ്രകടനം നടത്താന്‍ കഴിയുമെന്ന വിലയിരുത്തലിലാണ് കേരള കാമരാജ് കോണ്‍ഗ്രസിന് സീറ്റു വിട്ടു നല്‍കിയത്. ബിജെപി സ്ഥാനാര്‍ത്ഥി വരാത്തതിലുള്ള അണികളിലെ അമര്‍ഷം താമര ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥി മത്സരിക്കുന്നതിലൂടെ മാറ്റാന്‍ സാധിക്കുമെന്നും നേതൃത്വം കണക്കുകൂട്ടുന്നു. ഒപ്പം പുതിയ ചിഹ്നം അണികളെ പരിചയപ്പെടുത്തുന്നതിലുള്ള കാലതാമസവും ഒഴിവാക്കാന്‍ സാധിക്കും. ഇതു തന്നെയാണ് ബത്തേരിയിലും ബിജെപി കണക്കു കൂട്ടുന്നത്.

അതേസമയം ബിജെപിയുടെ മറ്റൊരു ഘടകകക്ഷിയായ ബിഡിജെഎസ് സ്ഥാനാര്‍ത്ഥികള്‍ അവര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച ഹെല്‍മറ്റ് ചിഹ്നത്തിലാണ് മത്സരിക്കുന്നത്. എന്നാല്‍ ദേവികുളത്ത് എന്‍ഡിഎ സഖ്യകക്ഷിയായ എഐഎഡിഎംകെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനിയിരുന്ന ആര്‍ ധനലക്ഷ്മിയും താമര ചിഹ്നത്തിലാണ് മത്സരിക്കാനിയിരുന്നതെന്നാണ് സൂചന. എന്നാല്‍ ഇവരുടെ നാമനിര്‍ദ്ദേശ പത്രിക തള്ളിയ സാഹചര്യത്തില്‍ അവിടെ ബിജെപി ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെയാണ് പിന്തുണക്കുന്നത്.