
ചെങ്ങന്നൂർ: സഹപാഠിയെന്ന വ്യാജേന യുവാവിനെ വിളിച്ചുവരുത്തി ആഭരണങ്ങൾ കവർന്ന യുവതിയും ഭർത്താവും പിടിയിൽ. പത്തനംതിട്ട കുരമ്പാല മാവിളതെക്കേതിൽ രതീഷ് എസ്. നായർ (36) മുളക്കുഴ കാരയ്ക്കാട് തടത്തിൽമേലതിൽ രാഖി (31) എന്നിവരെയാണ് ചെങ്ങന്നൂർ പൊലീസ് പിടികൂടിയത്. യുവാവിന്റെ പക്കൽ നിന്ന് അഞ്ചര പവന്റെ സ്വർണാഭരണങ്ങളാണ് പ്രതികൾ കവർന്നത്.
ഇക്കഴിഞ്ഞ 13ന് ആണ് ഫേസ്ബുക്കിലൂടെ രാഖി യുവാവിനെ പരിചയപ്പെടുന്നത്. ജൂനിയറായി തുറവൂർ സ്‌കൂളിൽ പഠിച്ചതാണെന്നും, ഇപ്പോൾ ചെന്നൈയിൽ ഐ.ടി. കമ്പനിയിലാണു ജോലി എന്നും അറിയിച്ചു. 18ന് ചെങ്ങന്നൂരിൽ ബന്ധുവിന്റെ വിവാഹസത്കാരത്തിന് വരുമെന്നും കാണാമെന്നും യുവതി അറിയിച്ചു. ഇതനുസരിച്ചു പകൽ ഒരുമണിയോടെ ചെങ്ങന്നൂരിൽ എത്തിയ യുവാവിനോട് ആശുപത്രി ജംഗ്‌ഷന് സമീപമുള്ള ലോഡ്‌ജിൽ താൻ ഉണ്ടെന്ന് അറിയിച്ചു. അവിടേക്കു വരാനും ആവശ്യപ്പെട്ടു. തുടർന്ന് മുറിയിലെത്തിയ ഇയാൾക്ക് രാഖി മയക്കുമരുന്ന് ചേർത്ത ബിയർ നൽകി.
രാത്രി 10 മണിയോടെ ലോഡ്‌ജ് ജീവനക്കാർ വന്നുവിളിച്ചപ്പോഴാണ് യുവാവിനു ബോധംതെളിഞ്ഞത്. യുവതി മുറിയിൽ ഉണ്ടായിരുന്നില്ല. തുടർന്നാണ് മൂന്നുപവൻ സ്വർണമാലയും ഒന്നരപ്പവൻ വരുന്ന കൈച്ചെയിനും ഒരുപവൻ വരുന്ന മോതിരവും മൊബൈൽ ഫോണും കവർന്നതായി മനസിലായത്.
പൊലീസ് നടത്തിയ അന്വേഷണത്തിൽ, പളനിയിലെ ആഡംബര ഹോട്ടലിൽനിന്നാണ് പ്രതികളെ പിടികൂടിയത്. ഇത്തരം തട്ടിപ്പു പതിവാക്കിയവരാണ് ദമ്പതിമാരെന്ന് പൊലീസ് പറഞ്ഞു. തട്ടിയെടുത്ത സ്വർണം കണ്ടെടുക്കാനായില്ല. വിറ്റെന്നാണ് പ്രതികൾ പൊലീസിനു മൊഴി നൽകിയത്.
സമാനസംഭവങ്ങളിൽ ഓച്ചിറയിലും പാലാരിവട്ടത്തും പണം തട്ടിയതിനും ഇവർക്കെതിരെ കേസുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. 13 വർഷമായി ഒരുമിച്ചു കഴിയുന്ന ദമ്പതിമാർക്ക് ഒരു കുട്ടിയുണ്ട്.