
കോട്ടയം : കത്തോലിക്കാ സഭയുടെയും എൻ.എസ്.എസിന്റെയും ആസ്ഥാനമായ ചങ്ങനാശേരിയിൽ ഇക്കുറി ഏറ്റുമുട്ടുക കരുത്തൻമാരാണ്. ഇന്നാട്ടുകാരെ തന്നെയാണ് മൂന്നു മുന്നണികളും അങ്കത്തട്ടിലിറക്കിയിട്ടുള്ളത് സി.എഫ്. തോമസിന്റെ അഭാവത്തിൽ നടക്കുന്ന ആദ്യ തിരഞ്ഞെെടുപ്പിൽ മണ്ഡലം ആരു കൈക്കലാക്കുമെന്നത് രാഷ്ട്രീയ നിരീക്ഷകർക്കുപോലും വിലയിരുത്താൻ കഴിയുന്നില്ല. അത്രയ്ക്കും തീപാറുന്ന മത്സരമാണ് ചങ്ങനാശേരിയിൽ നടക്കുന്നത്.
ജനാധിപത്യ കേരള കോൺഗ്രസിലെ ഡോ.കെ.സി. ജോസഫിനെ സിറ്റിംഗ് എം.എൽ.എ ആയിരുന്ന സി.എഫ് തോമസ് 1,849 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് തോല്പിച്ചത്. സി.എഫിന് 50,371 വോട്ടും ഡോ.കെ.സിക്ക് 48,522 വോട്ടുകളുമാണ് ലഭിച്ചത്. എൻ.ഡി.എ സ്ഥാനാർത്ഥി ബി.ജെ.പിയിലെ ഏറ്റുമാനൂർ രാധാകൃഷ്ണന് ലഭിച്ചത് 21,455 വോട്ടുകളാണ്.
റിബലായി ബേബിച്ചൻ മുക്കാടൻ
സ്ഥാനാർത്ഥിത്വത്തെ ചൊല്ലി യു.ഡി.എഫിലും എൽ.ഡി.എഫിലും മുറുമുറുപ്പുണ്ടായെങ്കിലും അതെല്ലാം കെട്ടടങ്ങി. കോൺഗ്രസിന് ചങ്ങനാശേരി സീറ്റ് ലഭിക്കാതായതോടെ റേഷൻ ഡീലേഴ്സ് കോൺഗ്രസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി ബേബിച്ചൻ മുക്കാടൻ റിബലായി മത്സരിക്കുന്നുണ്ട്.
പി.ജെ. ജോസഫിന് സീറ്റ് വിട്ടുകൊടുത്തതോടെ അങ്കത്തിനിറക്കിയത് അദ്ധ്യാപകനും പാർട്ടി ഉന്നതാധികാരസമിതിയംഗവും ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്ന വി.ജെ. ലാലിയെയാണ്. കേരള കോൺഗ്രസിൽ കലാപക്കൊടി ഉയർന്നതോടെ പി.ജെ. ജോസഫിനൊപ്പം നിലനിന്നിരുന്ന സി.എഫ് തോമസിന്റെ അനുയായികൾ യു.ഡി.എഫിനുതന്നെ വോട്ട് ചെയ്യുമെന്ന പ്രതീക്ഷയിലാണ് ജോസഫ് ഗ്രൂപ്പ് അംഗങ്ങൾ.
കേരള കോൺഗ്രസ്-എം ഇടതുമുന്നണിയിൽ എത്തിയതോടെ മുൻ നഗരസഭാ ചെയർമാനും കേരള കോൺഗ്രസ് എം ഉന്നതാധികാര സമിതിയംഗവുമായ അഡ്വ. ജോബ് മൈക്കിളിനെയാണ് രംഗത്ത് ഇറക്കിയത്. സംസ്ഥാനതല സീനിയർ കോൺഗ്രസ് നേതാവും തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗവുമായിരുന്ന ജി.രാമൻ നായരാണ് എൻ.ഡി.എ സ്ഥാനാർത്ഥി.
ബി.ജെ.പി സംസ്ഥാന നേതാവാണ് ഇപ്പോൾ രാമൻ നായർ. രാമൻനായർ കോൺഗ്രസ് അനുഭാവികളുടെ വോട്ടുകൾ കൂടുതലായി പിടിക്കുമെന്നും അത് തങ്ങൾക്ക് പ്രയോജനം ചെയ്യുമെന്നുമാണ് എൽ.ഡി.എഫിന്റെ കണക്കുകൂട്ടൽ. ഈഴവ സമുദായത്തിനും ഏറെ വേരോട്ടമുള്ള മണ്ഡലമാണ് ചങ്ങനാശേരി.
ആകെയുള്ള 1,69,958 വോട്ടർമാരിൽ അധികവും സ്ത്രീകളാണ്. 88,146 സ്ത്രീവോട്ടർമാർ ഉള്ളപ്പോൾ 81,810 പുരുഷ വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്.