
രാജ്യത്ത് ബി.എസ്.6 മാനദണ്ഡം പ്രാബല്യത്തിൽ വന്നതോടെ ബി.എസ്.4 വരെയുള്ള വാഹനങ്ങൾ കാലാവധി കഴിഞ്ഞാൽ റീ രജിസ്‌ട്രേഷൻ നടത്താനാകില്ല. മോഹവിലയ്ക്ക് വാങ്ങിയവ ആക്രിവിലയ്ക്ക് വിൽക്കേണ്ട ഗതികേടിലാണ് പല വാഹന ഉടമകളും. ഇത്തരമൊരു സാഹചര്യം ഒഴിവാക്കി നല്ല വില ലഭ്യമാക്കാനും പരിസ്ഥിതി സൗഹാർദ്ദമായി വാഹനങ്ങൾ കേന്ദ്രീകൃതമായി പൊളിച്ചെടുത്ത് അസംസ്‌കൃത വസ്തുക്കൾ പുനഃചംക്രമണം ചെയ്യുന്നതിനുമുള്ള പദ്ധതി കേരളത്തിൽ ആദ്യമായി നടപ്പാക്കാനൊരുങ്ങുകയാണ് നവസംരംഭകനായ മലപ്പുറം വണ്ടൂർ സ്വദേശി ജൂബിനും സുഹൃത്തുക്കളും.
ലോകത്ത് ഏറ്റവുമധികം വായുമലിനീകരണം നടക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. കാർബൺ ഡൈ ഓക്‌സൈഡ് ഉല്പാദനം നിയന്ത്രിക്കുന്ന കാര്യത്തിൽ രാജ്യം വളരെ പിന്നിലാണ്. ഇതിൽ തന്നെ വായുമലിനീകരണം ഏറ്റവുമധികം ബാധിക്കുന്നത് നഗരങ്ങളെയാണ്. ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടനുസരിച്ച് ലോകത്തിലെ ഏറ്റവും മലിനമായ 20 നഗരങ്ങളിൽ 13 എണ്ണം നമ്മുടെ രാജ്യത്താണ്. മെട്രോ നഗരങ്ങളുടെ അതിവേഗ വളർച്ച അക്ഷരാർത്ഥത്തിൽ അവയെ വാസയോഗ്യമല്ലാതാക്കുന്നു. നഗരവൽക്കരണം കൂടുതലുള്ള കേരളവും ഈ ഗണത്തിൽപ്പെടുന്നു. വാഹനപ്പെരുപ്പവും അനിയന്ത്രിതമായ ഗതാഗതക്കുരുക്കും നമ്മുടെ ദിനാന്തരീക്ഷത്തെ തകിടം മറിക്കുന്നു.
2010ലെ കണക്കനുസരിച്ച് പ്രതിവർഷം രാജ്യത്ത് 6,20,000 ആളുകൾ ശ്വാസകോശ ഹൃദ്‌രോഗങ്ങൾ മൂലം മരിക്കുന്നു. അർബുദ ബാധയും പെരുകുന്നു. വായു മലിനീകരണം മൂലമാണ് ഇതിൽ പലതും ഉടലെടുക്കുന്നത്. ഇത്തരത്തിലുള്ള ആരോഗ്യ പ്രശ്നത്തിന് വേണ്ടി മാത്രം ജനം രാജ്യത്തിന്റെ മൊത്തം ജി.ഡി.പിയുടെ മൂന്നുശതമാനം തുക ചെലവഴിക്കുന്നു. യൂറോപ്പിൽ പുറത്തിറങ്ങുന്ന കാറുകളെ അപേക്ഷിച്ച് മാരക രോഗങ്ങൾക്ക് കാരണമാകുന്ന നൈട്രജൻ ഓക്‌സൈഡ് ഇന്ത്യൻ കാറുകൾ അഞ്ചുമടങ്ങ് കൂടുതൽ പുറന്തള്ളുന്നുണ്ട്. ഗുരുതരമായ ഈ പ്രതിസന്ധി മറികടക്കുന്നതിനാണ് വാഹനങ്ങൾ ബി.എസ് 6 നിലവാരത്തിലുള്ളതാകണമെന്ന മാനദണ്ഡം അടുത്തിടെ പ്രാബല്യത്തിൽ വന്നത്.ഇതോടെ ബി.എസ്.4 വരെയുള്ള വാഹനങ്ങൾ ഘട്ടംഘട്ടമായി നിരത്തൊഴിയും.
രാജ്യത്തെ വാഹനങ്ങൾക്ക് ഉപയോഗ കാലാവധി നിശ്ചയിക്കുന്ന സ്‌ക്രാപേജ് നയം നിലവിൽ വന്നതോടെ സ്വകാര്യ വാഹനങ്ങൾക്ക് 20 വർഷവും വാണിജ്യ വാഹനങ്ങൾക്ക് 15 വർഷവും മാത്രമാണ് ഉപയോഗ കാലാവധി അത് കൊണ്ട് തന്നെ ഫിറ്റ്നസ് പുതുക്കുന്നത് ഭാരിച്ച ചെലവേറിയതാവും.വരും വർഷങ്ങളിൽ രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയുകയുമില്ല. സർക്കാരിന്റെ കണക്കുപ്രകാരം അടുത്ത മൂന്നുവർഷം കൊണ്ട് രണ്ടരക്കോടി വാഹനങ്ങളാണ് ഇത്തരത്തിൽ പാഴാകുക.
ഇത്തരം വാഹനങ്ങൾ ആക്രിവിലയ്ക്ക് വിൽക്കുക മാത്രമാണ് ഉടമസ്ഥർക്ക് മുന്നിലുള്ള ഏക പോംവഴി. ഇല്ലെങ്കിൽ തുരുമ്പെടുത്ത് നശിക്കുന്ന വാഹനം സ്ഥലം മുടക്കുകയും പരിസ്ഥിതിക്ക് ദോഷമാകുകയും ചെയ്യും. അഞ്ചുലക്ഷം ടൺ വാഹനമാലിന്യം പ്രതിവർഷം രാജ്യത്ത് ഉല്പാദിപ്പിക്കപ്പെടും. പാഴാകുന്ന ഇത്തരം വാഹനങ്ങളിൽ നിന്നുള്ള അസംസ്‌കൃത വസ്തുക്കൾ വേർതിരിച്ചെടുത്ത് എത്രമാത്രം പുനരുപയോഗപ്രദമാക്കാമെന്നത് സംബന്ധിച്ച് കേന്ദ്രസർക്കാർ കൂടുതൽ പഠനം നടത്തി വരികയാണ്.
വാഹനങ്ങളുടെ വിവിധ ഭാഗങ്ങൾ മേക്ക് ഇൻ ഇന്ത്യ പദ്ധതി വഴി പുനഃചംക്രമണം ചെയ്യുന്നതിനുള്ള പദ്ധതി കേന്ദ്ര സർക്കാരിന് കീഴിലുള്ള മെറ്റൽ സ്‌ക്രാപ്പ് ട്രേഡിംഗ് കോർപ്പറേഷൻ ലിമിറ്റഡിന്റെ (എം.എസ്.ടി.സി) നേതൃത്വത്തിൽ പല കമ്പനികളുമായി കൂടിയാലോചിച്ച് നടപ്പാക്കുന്നുണ്ട്. ഇതുവഴി വാഹനത്തിന്റെ ഭൂരിഭാഗവും പുനഃചംക്രമണത്തിന് വിധേയമാക്കാം. ഉടമസ്ഥന് പഴയ വാഹനത്തിന് മെച്ചപ്പെട്ട വില ലഭിക്കും. രാജ്യത്തിന് അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതി ഭാരവും കുറയ്ക്കാം. നിർമ്മാതാക്കൾക്ക് തദ്ദേശീയമായി കൂടുതൽ അസംസ്‌കൃത വസ്തുക്കൾ ലഭ്യമാക്കാനും ഇതോടെ സാധിക്കും. നോയ്ഡയിൽ കഴിഞ്ഞ വർഷം എം.എസ്.ടി.സി, മഹീന്ദ്രയുമായി ചേർന്ന് അഞ്ചേക്കറിൽ ആദ്യ പദ്ധതി വിജയകരമായി നടപ്പാക്കിക്കഴിഞ്ഞു.
നവകേരളം സൃഷ്ടിക്കാൻ നവസംരംഭ കൂട്ടായ്‌മ
കേരളത്തിൽ ആദ്യമായി ഇത്തരമൊരു സംരംഭത്തിന് നാന്ദികുറിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് മലപ്പുറം ജില്ലയിൽ നിന്നുള്ള ഒരുകൂട്ടം യുവസംരംഭകർ. വർഷങ്ങളോളം ഗൾഫ് രാജ്യങ്ങളിൽ പഴയ കപ്പലുകൾ പുനഃചംക്രമണത്തിന് വിധേയമാക്കി പരിചയ സമ്പത്തുള്ള വണ്ടൂർ തിരുവാലി സ്വദേശി ജൂബിന്റെ നേതൃത്വത്തിലുള്ള സുഹൃത് സംഘത്തിന്റെ ആശയത്തിന് കേന്ദ്രസംസ്ഥാന സർക്കാരുകൾ പച്ചക്കൊടി വീശിക്കഴിഞ്ഞു.
റൈജൽ ഓറിയോൺ എന്ന പേരിലുള്ള ഡിമോളിഷൻ കമ്പനിയുടെ നൂറുശതമാനം പരിസ്ഥിതി സൗഹാർദമായ ആദ്യ പ്ളാന്റ് വണ്ടൂരിൽ സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണിവർ. അഞ്ചുകോടിയാണ് ആദ്യഘട്ട മുടക്കുമുതൽ. പുതിയ ആശയങ്ങളെയും അഭിരുചികളെയും എക്കാലവും ഇരുകൈയും നീട്ടി സ്വീകരിക്കുന്ന മലയാളത്തിന്റെ മനസ്, പരിസ്ഥിതി സംരക്ഷണത്തിലൂന്നിയ ഈ സംരംഭത്തെ അങ്ങേയറ്റം പ്രതീക്ഷയോടെയും കൗതുകത്തോടെയുമാണ് നോക്കിക്കാണുന്നത്.
തുടക്കത്തിൽ സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിലും റവന്യൂ ഓഫീസുകളിലും മറ്റും വിവിധ കേസുകളിൽ പിടിച്ചെടുത്ത് തുരുമ്പെടുത്ത് നശിച്ചുകൊണ്ടിരിക്കുന്ന വാഹനങ്ങൾ നിയമ പ്രകാരം ഏറ്റെടുത്ത് സംസ്‌കരിച്ച് അസംസ്‌കൃത വസ്തുക്കൾ വേർതിരിച്ച് വിവിധ കമ്പനികൾക്ക് നൽകാനുള്ള പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. അതിന്റെ ഭാഗമായി മലപ്പുറം, ആലപ്പുഴ ജില്ലകളിലെ പോലീസ് സ്റ്റേഷനുകളിൽ നിന്ന് വാഹനങ്ങൾ ലേലത്തിന് എടുത്ത് പ്രവർത്തി ആരംഭിച്ചിട്ടുണ്ട്. ഇരുമ്പുരുക്ക് ഭാഗങ്ങൾ സംസ്‌കരിച്ചെടുത്ത് പ്രമുഖ കമ്പനികൾക്ക് കൈമാറും. കോപ്പർ, പ്ളാസ്റ്റിക്, ഗ്ളാസ്, സ്‌പോഞ്ച്, ഓയിൽ തുടങ്ങിയവയും ശുദ്ധീകരിച്ചെടുത്ത് അതത് മേഖലയിലെ കമ്പനികൾക്ക് വില്പന നടത്തും. മാലിന്യത്തിന്റെ ഒരംശം പോലും സംസ്‌കരണ ഘട്ടത്തിൽ പരിസ്ഥിതിക്ക് വിഘാതമായി മാറില്ലെന്ന് ജൂബിനും സംഘവും ഉറപ്പ് നൽകുന്നു.
വാഹന ഉടമകൾക്കും നിർമ്മാതാക്കൾക്കും ആശ്വാസം
തുടക്കത്തിൽ നാൽപതോളം പേർക്ക് നേരിട്ടും നൂറോളം പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കുന്നുണ്ട്. പഴയ വാഹനങ്ങൾ നേരിട്ട് നൽകുന്നവർക്ക് മോട്ടോർ വാഹന വകുപ്പിന്റെ ഡീ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റും മാന്യമായ വിലയും ലഭ്യമാക്കും. നിലവിൽ സംസ്ഥാനത്തെ വാഹനങ്ങൾ പൊളിച്ച് മാറ്റുന്ന മാർക്കറ്റുകളിൽ പലതിലും ഡീ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് നൽകാത്തത് നിയമപരമായി ഉടമകൾക്ക് പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. ഈ പ്രശ്നം പൂർണമായും റീഗൽ ഓറിയോൺ ഡിമോളിഷൻ കമ്പനി ഒഴിവാക്കും.
കേന്ദ്രീകൃതമായ ഒരു വാഹന സംസ്‌കരണ യൂണിറ്റാണ് ഇവർ വിഭാവനം ചെയ്യുന്നതെന്ന് ചുരുക്കം. പ്രതിദിനം 25 ടണ്ണെങ്കിലും ചുരുങ്ങിയത് സംസ്‌കരിക്കും. പിന്നീടത് 50 ആയി വർദ്ധിപ്പിക്കും. 50 മുതൽ 100 വരെ കിലോ തൂക്കമുള്ള ഇരുമ്പുരുക്ക് പാളികളായാണ് ഇവ സംസ്‌കരിച്ച് വൻകിട കമ്പനികൾക്ക് പുനരുപയോഗത്തിന് കൈമാറുക. വാഹന നിർമ്മാതാക്കൾക്കും ഇത് വലിയ മുതൽക്കൂട്ടായി മാറും.
മലപ്പുറത്തിന് പുറമേ അടുത്ത ഘട്ടത്തിൽ തിരുവനന്തപുരം, കോട്ടയം, കണ്ണൂർ എന്നിവിടങ്ങളിലും ഇത്തരത്തിൽ യൂണിറ്റുകൾ സ്ഥാപിക്കാനും പദ്ധതിയുണ്ട്. ഇതിനുള്ള നടപടിക്രമം പുരോഗമിക്കുകയാണ്.
കപ്പലുകൾ പൊളിച്ചടുക്കിയ കൈകളിൽ വാഹന സംസ്‌കരണം ഭദ്രം
മർച്ചന്റ് നേവി ഡെക്ക് ഓഫീസറായാണ് ജൂബിന്റെ തുടക്കം. ഇതിനിടെയാണ് ഗൾഫിൽ പഴയ കപ്പലുകളുടെ സംസ്‌കരണ വ്യവസായത്തിലേക്ക് തിരിഞ്ഞത്. 348 മീറ്റർ നീളമുള്ളതും 14000 ടൺ വരുന്നതുമായ ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പലടക്കം ഇത്തരത്തിൽ പുനരുപയോഗത്തിനായി പൊളിച്ചടുക്കിയിട്ടുണ്ട് ജൂബിനും സംഘവും. യൂറോപ്യൻ കമ്പനിയുമായി ചേർന്ന് ഒമ്പതുമാസം കൊണ്ടാണ് ഇത് പൂർത്തിയാക്കിയത്. വെറും നാലുവർഷത്തിനിടെ ഇത്തരത്തിൽ നിരവധി പദ്ധതികളാണ് വിജയകരമായി പൂർത്തിയാക്കിയത്. ഈ പരിചയ സമ്പത്താണ് കേരളത്തിലെ പരിസ്ഥിതിവായു സംരക്ഷണത്തിലൂന്നിയുള്ള നവീന സംരംഭം ആവിഷ്‌കരിക്കാൻ ജൂബിന് പ്രേരണയായത്.
ഈ വർഷം ഏപ്രിലിൽ പദ്ധതി ആരംഭിക്കാനായിരുന്നു ആദ്യം ലക്ഷ്യമിട്ടത്. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഇത് നീണ്ടുപോയി. സെപ്തംബറോടെ പദ്ധതി ട്രാക്കിലാക്കാനാണ് ശ്രമം.